ഹിറ്റ്മാന്‍ 007! രോഹിത് ശര്‍മ റോസ്റ്റിംഗ് തുടരുന്നു; ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം പ്രകടനം
രോഹിത്തിനെതിരെ ട്രോളുകള്‍ക്ക് കുറവൊന്നുമില്ല. സീസണിലെ മോശം പ്രകടനം തന്നെയാണ് അതിന് കാരണം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തിലും രണ്ടക്കം കടക്കാതെ പുറത്തായി.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം പ്രകടനം തുടരുകയാണ്. ഇന്നലെ, വാംഖഡെയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സുമായി രോഹിത് മടങ്ങിയിരുന്നു. എട്ട് പന്തുകള്‍ മാത്രമാണ് രോഹിത് നേരിട്ടത്. ക്യാപ്റ്റന്‍ നിരാശപ്പെടുത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. പോയിന്റ് പട്ടികയില്‍ മൂന്നാമതെത്താനും മുംബൈക്ക് സാധിച്ചു. 11 മത്സരങ്ങളില്‍ 12 പോയിന്റാണ് മുംബൈക്കുള്ളത്.
എന്നിരുന്നാലും രോഹിത്തിനെതിരെ ട്രോളുകള്‍ക്ക് കുറവൊന്നുമില്ല. സീസണിലെ മോശം പ്രകടനം തന്നെയാണ് അതിന് കാരണം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തിലും രണ്ടക്കം കടക്കാതെ പുറത്തായി. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് രോഹിത് തുടര്‍ച്ചയായി അഞ്ച് ഇന്നിംഗ്‌സുകളില്‍ രണ്ടക്കം കടക്കാതെ പുറത്താവുന്നത്. 2(8), 3(5), 0(3), 0(3), 7(8) എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളില്‍ രോഹിത്തിന്റെ പ്രകടനം.
2017ലെ സീസണില്‍ തുടര്‍ച്ചയായി നാല് ഇന്നിംഗ്‌സുകളില്‍(3, 2, 4, 0) ഒറ്റ അക്കത്തില്‍ പുറത്തായതാണ് രോഹിത്തിന്റെ ഇതിന് മുമ്പത്തെ ഏറ്റവും മോശം പ്രകടനം. നെഹാല്‍ വധേരയും, സൂര്യകുമാര്‍ യാദവും, ഇഷാന്‍ കിഷനുമെല്ലാം കൃത്യസമയത്ത് ഫോമിലേക്ക് ഉയരുമ്പോഴും നായകന്‍ മാത്രം ഫോമിലാവാത്തത് മുംബൈ ഇന്ത്യന്‍സിന് ആശങ്കയാകുന്നുണ്ട്. സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രോഹിത് അര്‍ധ സെഞ്ചുറി നേടിയിരുന്നു. അതുതന്നെയാണ് സീസണിലെ മികച്ച പ്രകടനം. പിന്നീട് ഇതുവരെ ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല.
ഇതുവരെ കളിച്ച 11 കളികളില്‍ 17.36 ശരാശരിയില്‍ 191റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഡല്‍ഹിക്കെതിരെ നേടിയ 65 റണ്‍സാണ് സീസണിലെ ഉയര്‍ന്ന സ്‌കോര്‍. 124.83 മാത്രമാണ് രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഐപിഎല്ലിലും ഇന്ത്യന്‍ കുപ്പായത്തിലുമായി അവസാനം കളിച്ച 122 ടി20 ഇന്നിംഗ്‌സുകളില്‍ 21 റണ്‍സ് ശരാശരിയില്‍ റണ്‍സടിച്ച രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 121 മാത്രമാണ്. ഇതില്‍ 20 തവണ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ചില ട്രോളുകള്‍ വായിക്കാം...