എടുത്ത തീരുമാനങ്ങളെല്ലാം മണ്ടത്തരം! ലഖ്‌നൗവിന്റെ തോല്‍വിക്ക് പിന്നാലെ കെ എല്‍ രാഹുലിന് ട്രോള്‍മഴ
ക്യാപ്റ്റനെ കുറ്റപ്പെടുത്തുവരും ഏറെ. റണ്‍സ് കുറവാകാന്‍ കാരണം രാഹുല്‍ തന്നെയാണെന്നാണ് ഒരുപക്ഷം പറയുന്നത്. പവര്‍ പ്ലേയില്‍ വേണ്ടവിധത്തില്‍ റണ്‍സുയര്‍ത്താന്‍ രാഹുലിന് സാധിച്ചില്ല. കൂടുതല്‍ പന്തുകള്‍ അദ്ദേഹം നേരിട്ടിട്ടും അതിനൊത്ത സ്‌കോര്‍ ഉണ്ടായില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.
ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാമതുണ്ട് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ്. അഞ്ച് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്ന് ജയത്തില്‍ നിന്ന് ആറ് പോയിന്റാനാണ് ലഖ്‌നൗവിന്. ഇന്നലെ പഞ്ചാബിനെതിരെ രണ്ട് വിക്കറ്റിനാണ് ലഖ്‌നൗ പരാജയപ്പെട്ടത്. ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചേനെ. പരാജയത്തിന്റെ കാരണം പലതാണ്. ക്യാപ്റ്റനായ കെ എല്‍ രാഹുല്‍ വിശദീകരിച്ചത് 10-15 റണ്‍സ് കുറവായിരുന്നുവെന്നാണ്.
എന്നാല്‍ ക്യാപ്റ്റനെ കുറ്റപ്പെടുത്തുവരും ഏറെ. റണ്‍സ് കുറവാകാന്‍ കാരണം രാഹുല്‍ തന്നെയാണെന്നാണ് ഒരുപക്ഷം പറയുന്നത്. പവര്‍ പ്ലേയില്‍ വേണ്ടവിധത്തില്‍ റണ്‍സുയര്‍ത്താന്‍ രാഹുലിന് സാധിച്ചില്ല. കൂടുതല്‍ പന്തുകള്‍ അദ്ദേഹം നേരിട്ടിട്ടും അതിനൊത്ത സ്‌കോര്‍ ഉണ്ടായില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. മാത്രമല്ല, രാഹുലിന്റെ തന്ത്രങ്ങളും പാളിയെന്ന് മറ്റൊരു വാദം. രവി ബിഷ്ണോയിയെ അവസാന ഓവറുകളിലേക്ക് കരുതി വയ്ക്കാനുള്ള നീക്കം അടിമുടി പിഴയ്ക്കുന്നതാണ് കണ്ടത്.
ടീമിന്റെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ രവി ബിഷ്‌ണോയ് 15-ാം ഓവറിലാണ് പന്തെറിയാനെത്തുന്നത്. 2.3 ഓവറുകളെറിഞ്ഞ താരം രണ്ട് വിക്കറ്റുകളും വീഴ്ത്തി. ബിഷ്‌ണോയ് നേരത്തെ എത്തിയിരുന്നെങ്കില്‍ കളി മാറിയേനെ എന്ന് പറയുന്നവരുമുണ്ട്. മൂന്നാം പന്തില്‍ തന്നെ സാം കറനെ വീഴ്ത്താന്‍ ബിഷ്‌ണോയിക്കായിരുന്നു. പിന്നീട് 18-ാം ഓവറാണ് ബിഷ്‌ണോയിക്ക് നല്‍കുന്നത്. ആ ഓവറില്‍ സിക്കന്ദര്‍ റാസയെ വീഴ്ത്തി നിര്‍ണാക ബ്രേക്ക് ത്രൂ നല്‍കി. വിട്ടുകൊടുത്തതാവട്ടെ മൂന്ന് റണ്‍സും.
രണ്ടോവറില്‍ 20 റണ്‍സ് വേണ്ട അവസ്ഥയില്‍ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ മാര്‍ക്ക് വുഡ് 13 റണ്‍സ് കൊടുത്തതോടെ കളി പഞ്ചാബിന്റെ കൈയിലായി. അവസാന ഓവറില്‍ ഏഴ് റണ്‍സ് പ്രതിരോധിക്കാന്‍ ബിഷ്ണോയി എത്തിയെങ്കിലും ഷാരൂഖ് ഖാന്‍ പഞ്ചാബിനെ ജയത്തിലെത്തിച്ചു. കൃഷ്ണപ്പ ഗൗതം അടക്കമുള്ള സ്പിന്നര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ പിച്ചില്‍ ബിഷ്ണോയിക്ക് ക്വാട്ട തികയ്ക്കാന്‍ പോലും അവസരം നല്‍കാത്ത ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം...