ബാറ്റിങ് പൂരത്തിനിടെ മറ്റൊരു നേട്ടം കൂടി സ്വന്തം പേരില്‍ ചേര്‍ത്ത് സഞ്ജു സാംസണ്‍
ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ രാജസ്ഥാന്‍ താരമായിരിക്കുകയാണ് സഞ്ജു. 19 പന്തിലാണ് സഞ്ജു അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വെടിക്കെട്ടിനൊടുവില്‍ രാജസ്ഥാന്‍ റോയല്‍സിനായി വ്യക്തിഗത നേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ രാജസ്ഥാന്‍ താരമായിരിക്കുകയാണ് സഞ്ജു. 19 പന്തിലാണ് സഞ്ജു അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ഇക്കാര്യത്തില്‍ മുന്‍ രാജസ്ഥാന്‍ താരം ഓവൈസ് ഷായ്ക്ക് ഒപ്പമെത്തി സഞ്ജു. 2012ല്‍ ഷാ 19 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം 18 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ പേരിലാണ് റെക്കോഡ്. 32 പന്തില്‍ 74 റണ്‍സണ്‍ അടിച്ചെടുത്തത്. ഇതില്‍ ഒമ്പത് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടും. മൂന്നാം വിക്കറ്റില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം 121 റണ്‍സാണ് സഞ്ജു കൂട്ടിച്ചേര്‍ത്തത്. രാജസ്ഥാന്‍ ഇന്നിഹ്ങ്‌സില്‍ അടിത്തറയിട്ടതും ഈ കൂട്ടുകെട്ടായിരുന്നു.
സ്പിന്നര്‍മാരെ തിരഞ്ഞുപിടിച്ച അടിച്ച സഞ്ജു അവര്‍ക്കെതിരെ ഏഴ് ആറ് സിക്‌സുള്‍ സ്വന്തമാക്കി. ചൗളക്കെതിരെ മാത്രം നാല് സിക്‌സുകളാണ് സഞ്ജു നേടിയത്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്‌ക്കെതിരെ മൂന്ന് സിക്‌സുകളും 25കാരന്‍ പറത്തി. ഇംഗ്ലീഷ് പേസര്‍ക്കെതിരെ ഒരു സിക്‌സും ദീപക് ചാഹറിനെതിരെ മറ്റൊരു സിക്‌സും നേടി. ഓഫ്‌സൈഡിലൂടെണ് സഞ്ജു കൂടുതല്‍ റണ്‍സ് നേടിയത്. 43 റണ്‍സ്. ഓണ്‍സൈഡിലൂടെ 31 റണ്‍സും നേടി. മിഡ് ഓഫിലൂടെ മാത്രം 24 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഐപിഎല്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ ഒരിക്കല്‍കൂടി ഇടം കണ്ടെത്താന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് പകരക്കാരനെ തിരയുന്ന ഈ സാഹചര്യത്തില്‍. കെ എല്‍ രാഹുലാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.