എന്തുകൊണ്ട് നമ്മള്‍ തോറ്റു; പരാജയ കാരണം വ്യക്തമാക്കി രോഹിത് ശര്‍മ
അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ കളിച്ചതുപോലുള്ള ഇന്നിങ്‌സ് കളിക്കാന്‍ ആളില്ലാതെ പോയെന്നാണ് രോഹിത് പറയുന്നത്.
അബുദാബി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ തോല്‍ക്കാനുണ്ടായ കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ കളിച്ചതുപോലുള്ള ഇന്നിങ്‌സ് കളിക്കാന്‍ ആളില്ലാതെ പോയെന്നാണ് രോഹിത് പറയുന്നത്. ഇന്നലെ അബുദാബിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജയം. റായുഡു (48 പന്തില്‍ 71), ഡു പ്ലെസിസ് (44 പന്തില്‍ പുറത്താവാതെ 58) എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്.
മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു രോഹിത്. ''10 ഓവറില്‍ ഞങ്ങളുടെ സ്‌കോര്‍ ബോര്‍ഡില്‍ 95 റണ്‍സുണ്ടായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഡുപ്ലസിയും റായുഡുവും പുറത്തെടുത്തത് പോലുള്ള പ്രകടനം നടത്താന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. എല്ലാ ക്രഡിറ്റും സിഎസ്‌കെ ബൗളര്‍മാര്‍ക്കാണ്. ഇതില്‍ നിന്ന് പലതും പഠിക്കാനുണ്ട്. നന്നായി തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ ചില തെറ്റുകള്‍ സംഭവിച്ചു. അടുത്ത മത്സരത്തില്‍ അത് തിരുത്താനാവുമെന്നാണ് കരുതുന്നത്.
പിച്ചുമായി ഇടപഴകാന്‍ സാധിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. സാഹതചര്യങ്ങള്‍ മനസിലാക്കണം. മത്സരം കാണാന്‍ കാണികളില്ലെന്ന് അറിയാം. എന്നാല്‍ ഈ സാഹചര്യങ്ങളെല്ലാമൊത്ത് ഇടപഴകിയേ മതിയാവൂ. വരും മത്സരങ്ങളില്‍ എല്ലാം ശരിയാവുമെന്ന് കരുതുന്നു.'' രോഹിത് പറഞ്ഞുനിര്‍ത്തി.
ടോസ് ബൗളിങ് തിരഞ്ഞെടുത്തെ ചെന്നൈ മുംബൈ ഇന്ത്യന്‍സിനെ 162ന് ഒതുക്കിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.2 ഓവറില്‍ ലക്ഷ്യം മറികടന്നു. അമ്പാട്ടി റായുഡു (48 പന്തില്‍ 71), ഫാഫ് ഡു പ്ലെസിസ് (44 പന്തില്‍ പുറത്താവാതെ 58) എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്.
റായുഡുവാണ് മാന്‍ ഓഫ് ദ മാച്ച്. 42 റണ്‍സെടുത്ത സൗരഭ് തിവാരിയായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍. ചെന്നൈയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിടി മുന്നും ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.