കോലി, വില്ല്യംസണ്‍ എന്നിവരുടെ ചിന്തകള്‍ക്ക് സമാനമാണ് പന്തിന്‍റേതും; പുകഴ്ത്തി റിക്കി പോണ്ടിംഗ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരുടേതിന് സാമ്യമുള്ളതാണ് പന്തിന്റെ ചിന്തയെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്. 

Rishabh Pant like Virat Kohli and Kane Williamson says Ricky Ponting

മുംബൈ: ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ പുകഴ്ത്തി പരിശീലകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരുടേതിന് സാമ്യമുള്ളതാണ് പന്തിന്‍റെ  ചിന്തകളെന്നാണ് പോണ്ടിംഗ് പറയുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍. 

പന്ത് ഒരു മാച്ച് വിന്നറാണെന്ന് പറഞ്ഞാണ് പോണ്ടിംഗ് തുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്കിടയില്‍ വിക്കറ്റ് കീപ്പിംഗില്‍ വലിയ പുരോഗതി കൈവരിക്കാന്‍ പന്തിനായി. ഇംഗ്ലണ്ടിനെതിരെ ടേണിങ് പിച്ചുകളില്‍ പന്ത് നന്നായി കീപ്പ് ചെയ്തു. അതിന്റെ കൂടി ബാറ്റിങ്ങും. രണ്ടും ഒരു പോലെ ചെയ്യുന്ന താരത്തെ എപ്പോഴും ആരാധകര്‍ താരതമ്യപ്പെടുത്തികൊണ്ടിരിക്കും. കീപ്പിംഗ് ഇനിയും മെച്ചപ്പെടുകയും സ്ഥിരതയോടെ ബാറ്റ് ചെയ്യാനുമായാല്‍ അടുത്ത 10-12 വര്‍ഷത്തേക്ക് ഇന്ത്യക്ക് മറ്റൊരു കീപ്പറെ നോക്കേണ്ടതില്ല. 

നായകനാവുമ്പോള്‍ പന്ത് വലിയ പക്വത കാണിക്കുന്നുണ്ട്. കോലി, വില്യംസണ്‍ എന്നിവരുടെ ശൈലിക്ക് സമാനമാണ് പന്തിന്റെ ബാറ്റിങ്. അവരില്‍ ഒരാള്‍ ഒരുവശത്തുണ്ടെങ്കില്‍ മിക്കവാറും തവണയും ആ ടീം തന്നെ ജയിക്കും. അതുതന്നെയാണ് പന്തും ചിന്തിക്കുന്നത്. എത്ര നേരം ബാറ്റ് ചെയ്യാന്‍ സാധിക്കുമോ അത്രയും നേരം ബാറ്റ് ചെയ്യണം. ഊര്‍ജസ്വലമാണ് പന്ത്. സ്റ്റംപിന് പിന്നില്‍ നിന്ന് നിങ്ങളത് കേള്‍ക്കുന്നുണ്ടാവും. 

കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ പന്ത് നിരാശപ്പെടുത്തിയിരുന്നു. അമിതഭാരമായിരുന്നു അവന്. എന്നാലിപ്പോള്‍ അവന്‍ ഫിറ്റാണ്. മികച്ച പ്രകടനങ്ങള്‍ താരത്തിന്റെ ബാറ്റില്‍ നിന്നുണ്ടാവും.'' പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios