Malayalam Short Story: ശവപ്പെട്ടി മുറി, സുബിന്‍ അയ്യമ്പുഴ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുബിന്‍ അയ്യമ്പുഴ എഴുതിയ ചെറുകഥ

chilla Malayalam short story by Subin Ayyampuzha

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam short story by Subin Ayyampuzha

 

ശവപ്പെട്ടി മുറി

ഈ ലോകത്ത് സ്വന്തമെന്നു പറയുവാന്‍ ആകെയുള്ളത് ഇതാണ്, എന്റെ ശവപ്പെട്ടി മുറി. ഒരു ചെറിയ മടക്കു കട്ടില്‍ ഇട്ടാല്‍ മുറിയില്‍ നടക്കാന്‍ കഷ്ടിച്ച് സ്ഥലമേയുള്ളു . എങ്കിലും എന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മുറി പ്രവര്‍ത്തിക്കും. ജനാലകളോ വിദൂരതയിലേക്ക് ഏകാന്തമായി നോക്കിനില്‍ക്കാന്‍ വേണ്ട ദ്വാരങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ വെളിച്ചത്തിന് എന്റെ മുറിയില്‍ പ്രവേശനമില്ല.

എന്നാലും ഇടക്കിടക്ക് ദ്വാരങ്ങളെ പറ്റി ഞാന്‍ ആലോചിക്കാറുണ്ട്.

ഭീതിയും ഏകാന്തതയും തലയിലൂടെ അരിച്ചിറങ്ങുമ്പോള്‍ തൊട്ടടുത്ത ഭിത്തിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു ദ്വാരമുണ്ടാക്കി അതുവഴി തല പുറത്തുകടത്തി വേണ്ടുവോളം ശുദ്ധവായു ശ്വസിക്കുക. വീര്‍പ്പുമുട്ടുന്ന വേളയില്‍ ഞാന്‍ ഇത്തരം ചിന്തകള്‍ക്ക് ഇടം നല്‍കും .

അവ സ്വപ്നമാവുന്ന എന്റെ മഴവില്ലിന്റെ വാലറ്റത്തെ ഒടിച്ചു കളയാറുണ്ട്. 'സ്വപ്നം; എനിക്കത് ഒരു നിര്‍ഭാഗ്യവാനായ സഹയാത്രികന്‍ മാത്രം ആണ്. അയാള്‍ എന്റെ മുറിയില്‍ ചുരുട്ടി എറിഞ്ഞ പേപ്പറുകള്‍ തിങ്ങിയ ചവറ്റുകുട്ടയില്‍ തളര്‍ന്നുറങ്ങാറുണ്ട്. ഉറക്കമില്ലാത്ത ചില രാത്രികളില്‍ അയാള്‍ നിലവിളിക്കുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്.

'എന്നെ എരിച്ചു കളയൂ'-അത് എന്നോട് പറയും.

ശൂന്യനായി ഞാന്‍ നില്‍ക്കും. എന്റെ തല നിലത്തടിച്ച് ഞാന്‍ കരയും. എല്ലാത്തിനും സാക്ഷിയായി മുറിയില്‍ വിരിച്ചിട്ട അവസാന തൊലിയും വിട്ടുപോയി മരവിച്ച നനഞ്ഞ വെളുത്ത നിറം പോലെയുള്ള കുപ്പായം കരയും.

'നീ വലിയ എഴുത്തുകാരന്‍ ആവണം?
നീ സിനിമ പൂര്‍ത്തിയാക്കണം?
നീ അവളെ വിവാഹം കഴിക്കണം?
നീ വയ്യാത്ത അമ്മയെ കൂട്ടികൊണ്ടുവരണം?' 

അങ്ങനെ ഒരുപാട് നിലവിളികള്‍ ഞാന്‍ അതോടൊപ്പം കേള്‍ക്കും.

പുറത്തേക്കിറങ്ങണം-മനസ് പറഞ്ഞു. പതിവ് കുപ്പായവും കഥകളും എടുത്ത് മുറി വിട്ടിറങ്ങി.

ഇനി വയ്യാ. വാടക കൊടുക്കാനില്ല. അവധി ചോദിച്ചു മടുത്തു. അവസാനമായി മുറിയെ ഒന്ന് തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു. നോക്കിയില്ല. മുറിയെ ഉപേക്ഷിച്ചു നടന്നു.

'മുകളിലേക്ക് വന്ന് നിന്റെ സാധങ്ങള്‍ എടുത്ത് പുറത്തേക്കെറിയാന്‍ പറ്റാത്തതുകൊണ്ട് പറയുകയാണ്. ദയവു ചെയ്ത് മുറി ഒഴിയണം.'

അതൊരു ഉടമയുടെ ദയനീയത ആയിരുന്നില്ല. ഇതിന് മുന്‍പും ഞാന്‍ അത് കേട്ടിട്ടുണ്ട്. അയാളുടെ കറവീണ പല്ലുകള്‍ക്ക് എന്റെ മാംസം വേണമായിരുന്നു. അയാള്‍ വീണ്ടുമൊരാവര്‍ത്തി പറഞ്ഞു. 'ആ സാധനങ്ങള്‍ എടുത്ത്..?'

നീരുവീണ എന്റെ നെറ്റിയില്‍ അപ്പോള്‍ ചോര പൊടിഞ്ഞിരുന്നു.

'ആ മുറി എന്നെപോലെ ശൂന്യമാണ്. ഈ കഥകള്‍ അല്ലാതെ മറ്റൊന്നും അവിടെ ഇല്ല. എന്നോട് ക്ഷമിക്കണം.'

ശവപ്പെട്ടിമുറിയില്‍ എന്റെ ആത്മാവിനെ പൂട്ടിയ താക്കോല്‍ അയാള്‍ക്ക് നല്‍കി പുറത്തേക്ക് നടന്നു.

തിരക്കുവീണ നഗരത്തിലെ ആയിരങ്ങള്‍ക്ക് മധ്യേ ഞാന്‍ നടന്നു. ഫോണില്‍ പല തവണ അവള്‍ വിളിച്ചു. മറുപടികള്‍ ശൂന്യമായിരുന്നു.  ആയിരങ്ങളുടെ മാലിന്യത്തില്‍ കറുത്തുപോയ ഓടകളിലൊന്നില്‍ ഞാന്‍ ഫോണ്‍ ഉപേക്ഷിച്ചു. കുറച്ച് ദൂരം പിന്നിട്ടു. ഒടുവില്‍ വഴി രണ്ടായി പിരിയുന്നിടത്ത് അറിയാതെ നിന്നു.

'ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്?'

നിലവിളികളില്ലാതെ. കണ്ണുനീര്‍ വറ്റി. ഞാന്‍ നിന്നു. വരണ്ട ചുവന്ന ആകാശത്തില്‍ നീല മഴമേഘങ്ങള്‍ വരുന്നത് ഞാന്‍ കണ്ടു.

നീല മഴമേഘങ്ങള്‍.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios