എന്ത് വിധിയിത്! വീണ്ടും കാല്‍ക്കുലേറ്ററുമായി കളി കാണേണ്ട ഗതികേട്; ആര്‍സിബി ആരാധകര്‍ക്ക് കടുത്ത നിരാശ
ഓരോ മത്സരത്തിലും ടീമിന്‍റെ ബൗളര്‍മാരുടെ പ്രകടനം മോശമായി വരുന്നത് ഗുരുതര പ്രതിസന്ധിയായി മാറുന്നുണ്ട്. മുംബൈ വെറും 16.3 ഓവറിലാണ് 200 റണ്‍സ് അനായാസം പിന്തുടര്‍ന്ന് ജയിച്ചത്.
മുംബൈ: തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ തോറ്റതോടെ കടുത്ത നിരാശയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനോടും മുംബൈ ഇന്ത്യൻസിനോടും തോറ്റതോടെ വലിയ സുവര്‍ണാവസരമാണ് ടീം തുലച്ച് കളഞ്ഞത്. ഈ രണ്ട് മത്സരങ്ങളും വിജയിച്ചിരുന്നെങ്കില്‍ 14 പോയിന്‍റുമായി പ്ലേ ഓഫിന് തൊട്ട് അടുത്ത് എത്തി നില്‍ക്കാൻ ടീമിന് സാധിക്കുമായിരുന്നു. മുംബൈക്കെതിരെയുള്ള മത്സരമെങ്കിലും വിജയിച്ചിരുന്നെങ്കില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാൻ ടീമിന് സാധിക്കുമായിരുന്നു.
ഓരോ മത്സരത്തിലും ടീമിന്‍റെ ബൗളര്‍മാരുടെ പ്രകടനം മോശമായി വരുന്നത് ഗുരുതര പ്രതിസന്ധിയായി മാറുന്നുണ്ട്. മുംബൈ വെറും 16.3 ഓവറിലാണ് 200 റണ്‍സ് അനായാസം പിന്തുടര്‍ന്ന് ജയിച്ചത്. ഇങ്ങനെ ആണെങ്കിലും ഇത്തവണയും കപ്പ് ഒരു സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് ആര്‍സിബി ആരാധകര്‍ അടക്കം പറയുന്നത്. ഒരു വിജയ സംഘത്തില്‍ നിന്ന് ആര്‍സിബിയിലെത്തിയ ഫാഫ് ഡുപ്ലസിസിന്‍റെ അവസ്ഥയെ കുറിച്ചും സമാനമായാണ് ആരാധകര്‍ക്കിടയില്‍ അഭിപ്രായങ്ങള്‍.
ക്യാപ്റ്റൻ തന്നെ റണ്‍ അടിച്ചുകൂട്ടി മുന്നില്‍ നിന്ന് നയിച്ചിട്ടും ടീം ഇന്നും പഴയപടി തന്നെയാണ്. ഒരിക്കല്‍ കൂടി കാല്‍ക്കുലേറ്റും കൈയില്‍ വച്ച് കളി കാണേണ്ട ഗതികേട് വന്നല്ലോ എന്നാണ് ആര്‍സിബി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നത്. 11 മത്സരത്തില്‍ നിന്ന് അഞ്ച് വിജയവും ആറ് തോല്‍വിയുമുള്ള ആര്‍സിബി 10 പോയിന്‍റുമായി ഏഴാം സ്ഥാനത്ത് ഇപ്പോള്‍ നില്‍ക്കുന്നത്.
ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ടീമിന് അതി നിര്‍ണായകമാണ്. രാജസ്ഥാൻ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളെയാണ് നേരിടേണ്ടത്. ഇതില്‍ സുരക്ഷിത സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്ത് മാത്രമാണ്. ബാക്കി രണ്ട് ടീമുകള്‍ക്കും ആര്‍സിബിക്ക് സമാനമായ അവസ്ഥയായതിനാല്‍ വൻ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.