INSEAD-മായി സഹകരിച്ച് രാജസ്ഥാന്‍ റോയല്‍സ്; വിദ്യാഭ്യാസ മേഖലയിലെ പുതിയ ചുവടുവെപ്പ്
ബിസിനസ് എഡുക്കേഷന്‍ മേഖലയില്‍ ലോകോത്തര നിലവാരമുള്ള സൗകര്യം ഒരുക്കാനാണ് ഐപില്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് ഈ സഹകരണത്തോടെ ലക്ഷ്യമിടുന്നത്.
ജയ്പൂര്‍: ലോകത്തെ മികച്ച ബിസിനസ് സ്‌കൂളുകളിലൊന്നായ INSEAD കൈ കോര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ''ലീഡര്‍ഷിപ്പ് ആന്‍ഡ് പെര്‍ഫോമന്‍സ്'' എന്ന വിഷയത്തില്‍ ഇരുവരും ഒത്തുച്ചേര്‍ന്ന് ഓണ്‍ലൈന്‍ പ്രോഗ്രാം നടത്തും. വിഭ്യാഭ്യാസ മേഖലയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ ചുവടുവെപ്പാണിത്. ബിസിനസ് എഡുക്കേഷന്‍ മേഖലയില്‍ ലോകോത്തര നിലവാരമുള്ള സൗകര്യം ഒരുക്കാനാണ് ഐപില്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് ഈ സഹകരണത്തോടെ ലക്ഷ്യമിടുന്നത്.
INSEAD-ലെ അധ്യാപര്‍ ഓണ്‍ലൈന്‍ പ്രോഗ്രാമിലൂടെ ക്ലാസെടുക്കും. ആധുനിക കാലത്ത് ബിസിനസ് എഡുക്കേഷന്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഫാക്വല്‍റ്റി അംഗങ്ങള്‍ സംസാരിക്കും. അവരുടെ പരിചയസമ്പത്ത് ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുന്നവര്‍ക്ക് പകര്‍ന്നു നല്‍കും. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ക്രിക്കറ്റ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര എന്നിവര്‍ നേതൃപാടവത്തെ കുറിച്ചും തങ്ങളുടെ പരിചയസമ്പത്തിനെ കുറിച്ചും സംസാരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 10ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.
രാജസ്ഥാനുമായുള്ള കൂട്ടുകെട്ട് INSEAD-നും ഗുണം ചെയ്യും. രാജ്യമെമ്പാടുമുള്ള രാജസ്ഥാന്‍ ആരാധകരെ ബന്ധപ്പെടാന്‍ അവരെ സഹായിക്കാനൊരു വഴിയാണിത്. ഇന്ത്യയില്‍ ബിസിനസ് എഡുക്കേഷന്റെ സാധ്യതകളെ കുറിച്ച് റിസര്‍ച്ച് ചെയ്യാനും INSEAD-ന് ഇതിലൂടെ സാധിക്കും. ഫ്രാന്‍സ്, സിംഗപൂര്‍, അബുദാബി, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളില്‍ ക്യാംപസുകളുണ്ട് INSEADന്.
രാജസ്ഥാന്‍ റോയല്‍സ് സിഇഒ ജേക് ലഷ് മക്രം ആണ് INSEADമായി സഹകരിക്കുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. INSEAD പ്രതിനിധി സമീര്‍ ഹസിജയും ചടങ്ങില്‍ പങ്കെടുത്തു.