ആര്‍സിബിയെ വെന്റിലേറ്ററിലാക്കി മുംബൈ നില ഭദ്രമാക്കി! രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് ഇനി കടുപ്പം
10 മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി കാപിറ്റല്‍സും യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളില്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത്.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പരാജയപ്പെട്ടതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസില്‍. 11 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള ആര്‍സിബി നിലവില്‍ ഏഴാം സ്ഥാനത്താണ്. മുംബൈ ഇത്രയും മത്സരങ്ങളില്‍ നിന്ന് 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ആര്‍സിബിക്കൊപ്പം രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ക്കും 10 പോയിന്റ് വീതമുണ്ട്. റണ്‍റേറ്റ് അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ അഞ്ചാമതാണ്. തൊട്ടുപിന്നില്‍ കൊല്‍ക്കത്ത. ആര്‍സിബിക്ക് താഴെ എട്ടാം സ്ഥാനത്താണ്.
10 മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി കാപിറ്റല്‍സും യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളില്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത്. പ്ലേ ഓഫ് ഉറപ്പിച്ചെന്ന് ഏറെക്കുറെ ഉറപ്പായി. ഇത്രയും മത്സരങ്ങില്‍ 13 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടാം സ്ഥാനത്താണ്. 11 പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുംബൈക്ക് പിന്നില്‍ നാലാമത്. ലഖ്‌നൗ പോയിന്റ് പട്ടികയില്‍ നിന്ന് താഴെയിറങ്ങാന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ച് കെ എല്‍ രാഹുല്‍ പോലും ടീമിലില്ലാത്ത സാഹചര്യത്തില്‍. രാജസ്ഥാന്‍ റോയല്‍സിനാവട്ടെ മൂന്ന് കളികള്‍ മാത്രമാണ് അവേശേഷിക്കുന്നത്. ഈ മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ രാജസ്ഥാന് നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷ നിലനിര്‍ത്താനാവു.
ഇനിയൊരു തോല്‍വി രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലാക്കും. നാളെ കൊല്‍ക്കത്തക്കെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലും 14ന് ബാംഗ്ലൂരിനെതിരെ ജയ്പൂരിലും 19ന് പഞ്ചാബ് കിംഗ്സിനെതിരെ ധരംശാലയിലുമാണ് രാജസ്ഥാന്റെ ഇനിയുള്ള മത്സരങ്ങള്‍. ഈ മത്സരങ്ങളെല്ലാം എതിര്‍ടീമിനും നിര്‍ണായകമാണെന്നുള്ളതാണ് ഐപിഎല്ലിന്റെ ആവേശം കൂട്ടുന്നത്. ആര്‍ബിക്ക് രാജസ്ഥാനെ കൂടാതെ ഹൈദരാബാദ്, ഗുജറാത്ത് എന്നിവരെ കൂടി നേരിടേണ്ടതുണ്ട്. വിജയമല്ലാതെ മറ്റൊന്നും ടീം ലക്ഷ്യമിടുന്നില്ല. ആദ്യ നാലിലുള്ള മുംബൈ, ലഖ്‌നൗ പരാജയപ്പെട്ടാല്‍ വഴി അല്‍പം കൂടി തുറക്കും.
രോഹിത്തിനെ ഔട്ടാക്കിയത് തേര്‍ഡ് അമ്പയറുടെ ആന മണ്ടത്തരം, പിഴവ് ചൂണ്ടിക്കാട്ടി ആരാധകര്‍