'ഇനി ഹിന്ദിയിലൊന്നും പറയാന്‍ പറ്റില്ല'; ബാംഗ്ലൂര്‍ താരം ക്രീസിലെത്തുമ്പോള്‍ ജഡേജയോട് ധോണി
ഇന്ത്യന്‍ ടീമിലും ചെന്നൈ ടീമിലും സ്റ്റംപിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ബൗളര്‍മാര്‍ക്ക് ഓരോ പന്തിലും നിര്‍ദേശം നല്‍കുന്ന ധോണിയുടെ സംഭാഷണങ്ങള്‍ സ്റ്റംപ് മൈക്കിലൂടെ ആരാധകര്‍ മുമ്പ് പലതവണ കേട്ടിട്ടുണ്ട്.
മുംബൈ: ഐപിഎല്ലില്‍ ഫിനിഷര്‍ എന്ന നിലയില്‍ ധോണിയുടെ മികവ് ഈ സീസണില്‍ ചെന്നൈ ആരാധകര്‍ക്ക് ഇതുവരെ കാണാനായിട്ടില്ല. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയെ വെല്ലാന്‍ ഇപ്പോഴും മറ്റൊരു കളിക്കാരനില്ലെന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരവും തെളിയിക്കുന്നു.
ഇന്ത്യന്‍ ടീമിലും ചെന്നൈ ടീമിലും സ്റ്റംപിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ബൗളര്‍മാര്‍ക്ക് ഓരോ പന്തിലും നിര്‍ദേശം നല്‍കുന്ന ധോണിയുടെ സംഭാഷണങ്ങള്‍ സ്റ്റംപ് മൈക്കിലൂടെ ആരാധകര്‍ മുമ്പ് പലതവണ കേട്ടിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമെല്ലാം പലപ്പോഴും ധോണിയുടെ നാക്കിന്‍റെ ചൂടറിഞ്ഞവരുമാണ്. എന്നാല്‍ സമീപകാലത്തായി ധോണി വിക്കറ്റിന് പിന്നിലും അധികമൊന്നും പറയാറില്ല.
പക്ഷെ ഇന്നലെ ബാംഗ്ലൂരിനെതിരായ പോരാട്ടത്തില്‍ ജഡേജയോട് ധോണി പറയുന്നൊരു സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. ബാംഗ്ലൂരിനായി ഡിവില്ലിയേഴ്സും മാക്സ്‌വെല്ലും ബാറ്റ് ചെയ്യുന്നതിനിടെ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ഹിന്ദിയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ധോണി ഡിവില്ലിയേഴ്സ് ജഡേജയുടെ പന്തില്‍ പുറത്തായി ഹര്‍ഷല്‍ പട്ടേല്ർ ക്രീസിലേക്ക് വരുമ്പോള്‍ പറഞ്ഞൊരു വാചകമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇനി ഹിന്ദിയിലൊന്നും പറയാന്‍ പറ്റില്ലെന്നായിരുന്നു ഹര്‍ഷല്‍ പട്ടേല്‍ ക്രീസിലെത്തുമ്പോള്‍ ധോണിയുടെ കമന്‍റ്. ഇതുകേട്ട് ബൗളറായിരുന്ന ജഡേജക്കും സ്ലിപ്പിലുണ്ടായിരുന്ന റെയ്നക്കും ചിരിയടക്കാനുമായില്ല. ന്യൂസിലന്‍ഡിന്‍റെ കെയ്ല്‍ ജമൈസണായിരുന്നു ഈ സമയം ഹര്‍ഷല്‍ പട്ടേലിനൊപ്പം ക്രീസില്‍.