ആദ്യ പന്തില്‍ പുറത്ത്; ഒടുവില്‍ ഡിആര്‍എസ് ധോണി റിവ്യു സിസ്റ്റം ആണെന്ന് വീണ്ടും തെളിയിച്ച് ധോണി
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ സെമിഫൈനല്‍ തോല്‍വിക്കുശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ധോണി ഒരിക്കല്‍ കൂടി ഫിനിഷറുടെ റോളില്‍ ക്രീസിലിറങ്ങിയപ്പോള്‍ ആരാധകര്‍ വീണ്ടും ആ വിജയ സിക്സര്‍ പ്രതീക്ഷിച്ചു.
അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിജയം ഉറപ്പിച്ചത് സാം കറന്റെ വെടിക്കെട്ടായിരുന്നു. അതുവരെ എങ്ങോട്ടും മാറിമറിയാവുന്ന നിലയിലായിരുന്നു മത്സരം. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ രവീന്ദ്ര ജഡേജ പുറത്തായശേഷം ക്രീസിലെത്തിയ കറന്‍ ആറ് പന്തില്‍ 18 റണ്‍സടിച്ച് വിജയം ചെന്നൈയുടെ ഉളളം കൈയില്‍ വെച്ചുകൊടുത്തു. കറന്‍ മടങ്ങിയശേഷമാണ് ആരാധകര്‍ ഒരുവര്‍ഷത്തിലധികമായി കാത്തിരിക്കുന്ന ആ നിമിഷമെത്തിയത്. ചെന്നൈയുടെ തല ധോണി ക്രീസിലേക്ക്.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ സെമിഫൈനല്‍ തോല്‍വിക്കുശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ധോണി ഒരിക്കല്‍ കൂടി ഫിനിഷറുടെ റോളില്‍ ക്രീസിലിറങ്ങിയപ്പോള്‍ ആരാധകര്‍ വീണ്ടും ആ വിജയ സിക്സര്‍ പ്രതീക്ഷിച്ചു. ഷോര്‍ട്ട് പിച്ച് പന്തിലൂടെയായിരുന്നു ധോണിയെ ബുമ്ര വരവേറ്റത്. എന്നാല്‍ ബുമ്രയുടെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിച്ച ധോണിക്ക് പിഴച്ചു. പിച്ച് ചെയ്ത് ലെഗ് സ്റ്റംപിലൂടെ പോയ പന്ത് ധോണിയുടെ ബാറ്റിനെ ഉരുമ്മി വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ കൈകളിലെത്തി.
ബുമ്രയും ഡീ കോക്കും വിക്കറ്റിനായി അപ്പീല്‍ ചെയ്തതോടെ അമ്പയര്‍ ഔട്ടെന്ന് വിരലുയര്‍ത്തി. മുംബൈ താരങ്ങള്‍ ആഘോഷവും തുടങ്ങി. ഒരുവര്‍ഷത്തിലധികമായുള്ള ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ നിരാശ സമ്മാനിച്ച് ധോണി ക്രീസ് വിടുമെന്ന് കരുതിയിരിക്കെ അമ്പയറുടെ തീരുമാനം ധോണി റിവ്യു ചെയ്തു. റീപ്ലേ പരിശോധിച്ച മൂന്നാം അമ്പയര്‍ ധോണി ഔട്ടല്ലെന്ന് വിധിച്ചു. ഇതോടെ ഒരിക്കല്‍ കൂടി ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യു സിസ്റ്റമാണെന്ന് വ്യക്തമായി. രണ്ട് പന്ത് നേരിട്ട ധോണി റണ്‍സൊന്നും നേടാതെ പുറത്താകാതെ നിന്നു.