വില്യം'സണ്‍റൈസേഴ്സ്', കോലിയുടെ ബാംഗ്ലൂര്‍ തോറ്റ് മടങ്ങി
ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സിന്‍റെ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തില്‍ പതറിയെങ്കിലും കെയ്ന്‍ വില്യംസണിന്‍റെ അപരാജിത അര്‍ധസെഞ്ചുറി ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു.
അബുദാബി: കെയ്ന്‍ വില്യംസണിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ തോറ്റ് മടങ്ങി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഈ മത്സരത്തിലെ വിജയികള്‍ ചൊവ്വാഴ്ച നടക്കുന്ന കിരീടപ്പോരില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും.
ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സിന്‍റെ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തില്‍ പതറിയെങ്കിലും കെയ്ന്‍ വില്യംസണിന്‍റെ അപരാജിത അര്‍ധസെഞ്ചുറി ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു. 44 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന വില്യംസണും 20 പന്തില്‍ 24 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറുമാണ് ഹൈദരാബാദിന്‍റെ വിജയശില്‍പികള്‍.
പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 65 റണ്‍സടിച്ചാണണ് ഹോള്‍ഡറും വില്യംസണും ചേര്‍ന്ന് ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചത്. സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 131/7, സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 132/4.
ആദ്യ ഓവറില്‍ ഞെട്ടിച്ച് സിറാജ്
ബാംഗ്ലൂരിനായി ന്യൂബോള്‍ എറിയാനെത്തിയ മുഹമ്മദ് സിറാജ് ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചു. ഓവറിലെ നാലാം പന്തില്‍ ശ്രീവത്സ് ഗോസ്വാമിയെ(0) സിറാജ്, ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ചു. ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ഹൈദരാബാദിനെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു. വാര്‍ണര്‍ കരുതലോടെ കളിച്ചപ്പോള്‍ മനീഷ് ആയിരുന്നു ആക്രമണത്തിന്നേതൃത്വം കൊടുത്തത്.
സിറാജിനെ സിക്സിനും സെയ്നിയെ ബൗണ്ടറിയും കടത്തിയ മനീഷ് പവര്‍പ്ലേ പവറാക്കി. എന്നാല്‍ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഡേവിഡ് വാര്‍ണറെ(17) ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ച സിറാഡ് ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കി.പവര്‍പ്ലേക്ക് പിന്നാലെ മനീഷ് പാണ്ഡെയെ(24) മടക്കി ആദം സാംപ ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. പാണ്ഡെക്ക് പിന്നാലെ പ്രിയം ഗാര്‍ഗിനെ(70 ചാഹല്‍ സാംപയുടെ കൈകളിലെത്തിച്ചതോടെ ബാംഗ്ലൂരിന് പ്രതീക്ഷയായി.
ബാംഗ്ലൂര്‍ സ്വപ്നങ്ങള്‍ തല്ലിത്തകര്‍ത്ത് വില്യംസണ്‍
വിക്കറ്റുകള്‍ വീഴുമ്പോഴും ശാന്തനായി ഒരറ്റത്ത് നിലയുറപ്പിച്ച വില്യംസണ്‍ ഇടക്കിടെ ബൗണ്ടറി കണ്ടെത്തി റണ്‍നിരക്ക് ഉയരാതെ കാത്തു. ജേസണ്‍ ഹോള്‍ഡറില്‍ മികച്ച പങ്കാളിയെ കണ്ടെത്തിയ വില്യംസണ്‍ അടിവെച്ച് അടിവെച്ച് ഹൈദരാബാദിനെ ലക്ഷ്യത്തിനടുത്ത എത്തിച്ചു. നവദീപ് സെയ്നി എറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ വില്യംസണ്‍ സിംഗിളെടുത്ത് 44 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. അടുത്ത പന്തില്‍ റണ്‍സില്ല. മൂന്നാം പന്തില്‍ ഹോള്‍ഡറുടെ ബൗണ്ടറി. നാലാം പന്തും ബൗണ്ടറി കടത്തി ഹോള്‍ഡര്‍ ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു.
റോയല്‍ ആകാതെ റോയല്‍ ചലഞ്ചേഴ്സ്
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി പൊരുതിയ എ ബി ഡിവില്ലിയേഴ്സും(56) ആരോണ്‍ പിഞ്ചും(32)മാത്രമാണ് ബാഗ്ലൂര്‍ നിരയില്‍ പൊരുതിയത്. മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീഴ്ത്തിയ നടരാജനുമാണ് ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കിയത്.