'താരങ്ങള്‍ ചിലര്‍ സ്ഥിരം താമസക്കാരായി'; വിട്ടുമാറാത്ത പരിക്കില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിക്കെതിരെ ശാസ്‌ത്രി
താരങ്ങളുടെ വിട്ടുമാറാത്ത പരിക്ക്, ദേശീയ ക്രിക്കറ്റ് അക്കാഡമിയെ ചോദ്യം ചെയ്‌ത് രവി ശാസ്‌ത്രി
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് പരിക്ക് തുടര്‍ക്കഥയാവുകയാണ്. ജസ്‌പ്രീത് ബുമ്ര, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പുറമെ ദീപക് ചാഹറിനെയും വീണ്ടും പരിക്ക് പിടികൂടിയിരിക്കുന്നു. ബുമ്രയും അയ്യരും എപ്പോള്‍ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇതോടെ ബെംഗളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രി. താരങ്ങളുടെ വര്‍ക്ക്‌ലോഡും പരിക്കും സംബന്ധിച്ച് എന്‍സിഎയില്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്‌ണും ബിസിസിഐ സ്പോര്‍ട്‌സ് സയന്‍സ് തലവന്‍ നിതിന്‍ പട്ടേലുമായി നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് ശാസ്‌ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്.
'ചില താരങ്ങള്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ സ്ഥിരം താമസക്കാരായിട്ടുണ്ട്. അവര്‍ക്ക് ഉടന്‍ തന്നെ അവിടെ താമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഏത് സമയം വേണങ്കിലും അവര്‍ക്ക് അവിടെ ചെല്ലാം. ഇതൊരു നല്ല കാര്യമല്ല, അസാധാരണമാണ്. ഏറെ മത്സരങ്ങള്‍ കളിക്കുന്നുമില്ല, പരിക്ക് അടിക്കടിയുണ്ടാവുകയും ചെയ്യുന്നു. തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ കളിക്കാന്‍ പോലും താരങ്ങള്‍ക്കാവുന്നില്ല. എന്നിട്ട് എന്തിനാണ് ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോകുന്നത്. ഒരു താരം പരിക്കില്‍ നിന്ന് തിരിച്ചുവരുന്നു, മൂന്ന് മത്സരം കളിച്ച ശേഷം വീണ്ടും എന്‍സിഎയിലേക്ക് പോകുന്നു, അതാണ് സംഭവിക്കുന്നത്' എന്നും രവി ശാസ്‌ത്രി വ്യക്തമാക്കി.
'താരങ്ങള്‍ പൂര്‍ണ ഫിറ്റ്‌നസ് കൈവരിച്ച ശേഷമാണ് ടീമിലേക്ക് മടങ്ങിവരുന്നത് എന്ന് ഉറപ്പിക്കണം. താരങ്ങള്‍ക്കും ബിസിസിഐക്കും വിവിധ ഫ്രാഞ്ചൈസികള്‍ക്കും പരിക്ക് തലവേദനയാണ്. ഗുരുതരമായ പരിക്ക് നമുക്ക് മനസിലാക്കാം. എന്നാല്‍ എല്ലാ നാല് മത്സരങ്ങള്‍ക്ക് ശേഷം ഹാംസ്‌ട്രിങ് ഇഞ്ചുറിയും മറ്റ് പരിക്കുകളും സംഭവിക്കുന്നത് അംഗീകരിക്കാനാവില്ല. എന്താണ് സംഭവിക്കുന്നത് എന്ന് കാര്യമായി പരിശോധിക്കണം. ചില താരങ്ങള്‍ മറ്റ് ക്രിക്കറ്റ് ഒന്നും കളിക്കുന്നില്ല. നാല് ഓവറും മൂന്ന് മണിക്കൂറുമുള്ള മത്സരം കഴിയുമ്പോഴേക്കും പരിക്കേല്‍ക്കുന്നത് അമ്പരപ്പിക്കുന്നതാണ്' എന്നും ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.
പേസര്‍ ദീപക് ചാഹര്‍ പരിക്കേറ്റ് എട്ട് മാസത്തോളം പുറത്തിരുന്നപ്പോള്‍ ഐപിഎല്‍ 2022 സീസണാകെ നഷ്‌ടമായി. പുറംവേദനയുടെ ചികില്‍സക്കായി എന്‍സിഎയില്‍ എത്തിയപ്പോള്‍ ചഹാര്‍ ഹാംസ്‌ട്രിങ് ഇഞ്ചുറിക്കും വിധേയനായി. ഇത് എന്‍സിഎയില്‍ അദേഹത്തെ കൂടുതല്‍ കാലം നിലനിര്‍ത്തി. ഐപിഎല്ലിനിടെ വീണ്ടും പരിക്കേറ്റതോടെ അദേഹത്തിന്‍റെ സീസണ്‍ വീണ്ടും ത്രിശങ്കുവിലായിരിക്കുകയാണ്. ഈ വര്‍ഷമാദ്യം പുറത്തിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ ശസ്‌ത്രക്രിയക്ക് ഒരുങ്ങുകയാണ്. സമാനമായി എന്‍സിഎയിലെ ചികില്‍സയിലും പരിശീലനത്തിലും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാതെ വന്ന ജസ്‌പ്രീത് ബുമ്രയും പരിക്ക് മാറാന്‍ ഒടുവില്‍ മറ്റ് വഴികളില്ലാതെ ശസ്ത്രക്രിയക്ക് വിധേയനായി.