സിഎസ്‌കെയ്‌ക്ക് തോല്‍വിക്കൊപ്പം പരിക്കിന്‍റെ പരീക്ഷയും; താരത്തിന് കുറഞ്ഞത് 2 ആഴ്‌ച നഷ്‌ടമാകും
മത്സര ശേഷമുള്ള വാര്‍ത്താസമ്മേളത്തില്‍ സിസാന്ദ മഗാലയുടെ പരിക്കിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗിനോട് ആരാഞ്ഞിരുന്നു
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി. പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ പേസര്‍ സിസാന്ദ മഗാലയ്‌ക്ക് രണ്ടാഴ്‌ചയെങ്കിലും മത്സരങ്ങള്‍ നഷ്‌ടമായേക്കും എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ താരം രവിചന്ദ്ര അശ്വിന്‍റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന്‍റെ വിരലിന് പരിക്കേറ്റത്. സിഎസ്‌കെയുടെ അടുത്ത മൂന്ന് മത്സരങ്ങള്‍ മഗാലയ്‌ക്ക് നഷ്‌ടമാകും എന്നുറപ്പാണ്. രാജസ്ഥാനെതിരെ രണ്ട് ഓവര്‍ മാത്രമെറിഞ്ഞ സിസാന്ദ മഗാല 14 റണ്‍സേ വിട്ടുകൊടുത്തുള്ളൂ. വിക്കറ്റൊന്നും പക്ഷേ നേടാനായില്ല.
മത്സര ശേഷമുള്ള വാര്‍ത്താസമ്മേളത്തില്‍ സിസാന്ദ മഗാലയുടെ പരിക്കിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗിനോട് ആരാഞ്ഞിരുന്നു. താരത്തിന്‍റെ വിരലിന് പരിക്കുണ്ടെന്നും രണ്ടാഴ്‌ചയെങ്കിലും മത്സരങ്ങള്‍ നഷ്‌ടമാകും എന്നും ഫ്ലെമിംഗ് വ്യക്തമാക്കി. അടുത്ത രണ്ടാഴ്‌ചയ്‌ക്കിടെയാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് മത്സരങ്ങള്‍ കളിക്കേണ്ടത്. ഏപ്രില്‍ 17ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും 21ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും എതിരെയാണ് സിഎസ്‌കെയുടെ അടുത്ത മൂന്ന് മത്സരങ്ങള്‍.
നിലവില്‍ മൂന്ന് താരങ്ങളുടെ പരിക്ക് സിഎസ്‌കെയെ അലട്ടുന്നുണ്ട്. മഗാലയ്‌ക്ക് പുറമെ പേസര്‍ ദീപക് ചഹാറും ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും പരിക്കിന്‍റെ പിടിയിലാണ്. അടുത്ത മത്സരത്തില്‍ സിസിന്ദ മഗാലയ്‌ക്ക് പകരം ലങ്കന്‍ താരം മതീഷ പതിരാനയ്‌ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയേക്കും. കഴിഞ്ഞ വര്‍ഷം സിഎസ്‌കെ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിനിടെ കൊവിഡ് ബാധിതനായ പതിരാന നിലവില്‍ നെഗറ്റീവായിട്ടുണ്ട്. ബെന്‍ സ്റ്റോക്‌സും ഈ മത്സരത്തിലൂടെ തിരിച്ചുവരും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.