ഇതിലും ഭേദം ഒരു കല്ല് വെക്കുന്നതായിരുന്നു; ദീപക് ഹൂഡ ഐപിഎല്ലിലെ ഏറ്റവും മോശം റെക്കോര്‍ഡില്‍
ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ നാടകീയമായിരുന്നു ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന്‍റെ തുടക്കം
ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ കുഞ്ഞന്‍ സ്കോറില്‍ പുറത്തായതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ദീപക് ഹൂഡയ്‌ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ക്വിന്‍റണ്‍ ഡികോക്കിനൊപ്പം ഓപ്പണറായി ഇറങ്ങിയ ദീപക് ഹൂഡ വെറും ഏഴ് പന്തില്‍ 5 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഐപിഎല്ലിലെ ഒരു സീസണില്‍ 10 ഇന്നിംഗ്‌സില്‍ അധികം കളിച്ച താരങ്ങളില്‍ ഏറ്റവും കുറഞ്ഞ ബാറ്റിംഗ് ശരാശരിയുടെ മോശം റെക്കോര്‍ഡാണ് ഹൂഡയുടെ പേരിലായത്. ഈ സീസണില്‍ 6.90 മാത്രമാണ് ഹൂഡയുടെ ബാറ്റിംഗ് ശരാശരി. 2021 സീസണില്‍ 7.73 ശരാശരി മാത്രമുണ്ടായിരുന്ന നിക്കോളാസ് പുരാന്‍റെ പേരിനൊപ്പമായിരുന്നു മുമ്പ് ഈ നാണക്കേട്. ഇതാദ്യമല്ല ദീപക് ഹൂഡ മോശം ശരാശരിയില്‍ ഐപിഎല്ലില്‍ ബാറ്റ് ചെയ്യുന്നത്. 2016ല്‍ ഹൂഡ 10.29 ശരാശരിയിലായിരുന്നു ബാറ്റ് ചെയ്‌തത്.
ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ നാടകീയമായിരുന്നു ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന്‍റെ തുടക്കം. ടോസ് നഷ്‌ടമായി ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിന് ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ് ഇരട്ട പ്രഹരം നല്‍കി. ഏഴ് പന്തില്‍ 5 റണ്‍സ് നേടിയ ദീപക് ഹൂഡയെ, ടിം ഡേവിഡിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ പ്രേരക് മങ്കാദിനെ ഗോള്‍ഡന്‍ ഡക്കാക്കി ഇഷാന്‍ കിഷന്‍റെ കൈകളില്‍ ഭദ്രമാക്കി. ഇരു വിക്കറ്റുകളും അടുത്തടുത്ത പന്തുകളിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
പ്ലേയിംഗ് ഇലവനുകള്‍
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, പ്രേരക് മങ്കാദ്, ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്‌ണോയി, സ്വപ്‌നില്‍ സിംഗ്, മൊഹ്‌സീന്‍ ഖാന്‍.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, നെഹാല്‍ വധേര, ടിം ഡേവിഡ്, ഹൃത്വിക് ഷൊക്കീന്‍, ക്രിസ് ജോര്‍ദാന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, ആകാശ് മധ‌്‌വാല്‍.
Read more: നീണ്ട ക്യൂവില്ല, ആയിരങ്ങള്‍ മുടക്കി കരിഞ്ചന്തയെ ആശ്രയിക്കേണ്ട; ചെന്നൈയിലെ ആരാധകര്‍ക്ക് ആശ്വാസം