സഞ്ജുവില്‍ നിന്ന് ഏറെ പഠിക്കാന്‍ ശ്രമിക്കുന്നു; റോള്‍ മോഡലുകളുടെ പേരുമായി യശസ്വി ജയ്‌സ്വാള്‍
ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള ജയ്‌സ്വാള്‍ 12 മത്സരങ്ങളില്‍ 52.27 ശരാശരിയിലും 167.15 സ്ട്രൈക്ക് റേറ്റിലും 575 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുണ്ട്
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നേടിയ റെക്കോര്‍ഡ് അര്‍ധസെഞ്ചുറിയുടെ ത്രില്‍ അവസാനിക്കുന്നില്ല. ക്രിക്കറ്റ് ചര്‍ച്ചകളിലെല്ലാം താരം ജയ്‌സ്വാളാണ്. ഇതിനിടെ തന്‍റെ റോള്‍ മോഡലുകള്‍ ആരൊക്കെയാണെന്ന് ജയ്‌സ്വാള്‍ പറഞ്ഞതും ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്. റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പേരും ജയ്‌സ്വാള്‍ പറയുന്നുണ്ട്. ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള ജയ്‌സ്വാള്‍ 12 മത്സരങ്ങളില്‍ 52.27 ശരാശരിയിലും 167.15 സ്ട്രൈക്ക് റേറ്റിലും 575 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുണ്ട്.
'പരിചയസമ്പന്നരായ താരങ്ങളായ എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ്മ, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ തുടങ്ങിയവരില്‍ നിന്ന് പഠിക്കാനാണ് ശ്രമിക്കുന്നത്. എനിക്കായി ജോസ് ബട്‌ലര്‍ വിക്കറ്റ് ത്യജിച്ചു. അദേഹത്തെ ഏറെ ബഹുമാനിക്കുന്നു. ബട്‌ലര്‍ പുറത്തായത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കൂടുതല്‍ പ്രചോദനം തരികയും ചെയ്‌തു. ഐപിഎല്ലില്‍ മഹത്തായ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അവര്‍ക്കൊപ്പമുള്ളത് എന്‍റെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും ജയ്‌സ്വാള്‍ കെകെആറിന് എതിരായ മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈഡന്‍ ഗാര്‍ഡന്‍സിലെ മികച്ച പ്രകടനത്തില്‍ അഭിനന്ദിച്ച വിരാട് കോലിയും കെ എല്‍ രാഹുലും ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ജയ്‌സ്വാള്‍ നന്ദി പറഞ്ഞു.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന്‍ റോയല്‍സ് 9 വിക്കറ്റിന്‍റെ ഗംഭീര ജയം സ്വന്തമാക്കിയപ്പോള്‍ യശസ്വി ജയ്‌സ്വാളായിരുന്നു കളിയിലെ താരം. സീസണിലെ രണ്ടാം സെഞ്ചുറിക്ക് അരികിലെത്തിയ താരം 47 പന്തില്‍ 13 ഫോറും 5 സിക്‌സും അടക്കം 98* റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന പന്തില്‍ സിക്‌സര്‍ നേടിയാല്‍ സെഞ്ചുറി തികയ്‌ക്കാനുള്ള അവസരം മുന്നിലുണ്ടായിരുന്നെങ്കിലും ഫോര്‍ നേടാനേ താരത്തിന് കഴിഞ്ഞുള്ളൂ. 13 പന്തില്‍ 50 തികച്ച് ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോര്‍ഡ് ഇതിനിടെ പേരിലാക്കി. കെകെആര്‍ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ റോയല്‍സ് 13.1 ഓവറില്‍ നേടുകയായിരുന്നു. സഞ്ജു സാംസണിന്‍റെ 48* ഉം യുസ്‌വേന്ദ്ര ചാഹലിന്‍റെ നാല് വിക്കറ്റ് പ്രകടനവും കരുത്തായി.