എം എസ് ധോണിക്ക് പരിക്ക്? ആരാധകര്‍ ആശങ്കയില്‍
രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ എം എസ് ധോണി രണ്ട് സിക്‌സുകള്‍ പറത്തിയിരുന്നു
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിക്ക് പരിക്കെന്ന് സംശയം. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇടയ്‌ക്ക് ധോണി ഓടാന്‍ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. അതിവേഗത്തില്‍ ഡബിള്‍ ഓടിയെടുക്കാറുള്ള എംഎസ്‌ഡി പതിവില്‍ നിന്ന് വ്യത്യസ്‌തമായി സിംഗിളുകളിലാണ് ശ്രദ്ധയൂന്നിയത്. വിക്കറ്റിനിടയിലെ മറ്റൊരു അതിവേഗ ഓട്ടക്കാരനായ രവീന്ദ്ര ജഡേജ കൂടെയുണ്ടായിട്ടും ധോണിക്ക് സിംഗിളുകള്‍ ഡബിളുകളാക്കി മാറ്റാനായില്ല.
എം എസ് ധോണിക്ക് പരിക്ക് എന്ന സംശയം മത്സര ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നായകന്‍റെ പരിക്ക് സംബന്ധിച്ചുള്ള അപ്‌ഡെറ്റുകളൊന്നും പുറത്തുവന്നിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിംഗ്‌സിലെ അവസാന ഓവറിലെ നാലാം പന്തില്‍ രണ്ട് റണ്‍ ഓടിയെടുക്കേണ്ട സ്ഥാനത്ത് ധോണി ഒരു റണ്ണിനായേ ഓടിയുള്ളൂ. ധോണിയുടെ ഓട്ടത്തിന് വേഗക്കുറവുള്ള കാര്യം കമന്‍റേറ്റര്‍ മാത്യൂ ഹെയ്‌ഡന്‍ ചൂണ്ടിക്കാണിച്ചിരുന്നു. 'എം എസ് ധോണിയുടെ കാര്യത്തില്‍ ഒരു പിഴവ് എന്തായാലുമുണ്ട്. വിക്കറ്റിന് ഇടയിലുള്ള ഓട്ടം സാധാരണഗതിയില്‍ ഏറെ ഊര്‍ജത്തോടെയുള്ളതായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ അതുണ്ടായില്ല' എന്നുമാണ് മാത്യൂ ഹെയ്‌ഡന്‍റെ വാക്കുകള്‍. മത്സരത്തില്‍ 17 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 32* റണ്‍സാണ് ആരാധകരുടെ 'തല' നേടിയത്. എന്നാല്‍ 41കാരനായ ധോണിയുടെ പ്രായം പരിഗണിക്കണമെന്ന് ഹെയ്‌ഡന് ആരാധകര്‍ മറുപടി നല്‍കിയിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ എം എസ് ധോണി രണ്ട് സിക്‌സുകള്‍ പറത്തിയിരുന്നു. എന്നിട്ടും സിഎസ്‌കെ മൂന്ന് റണ്‍സിന്‍റെ തോല്‍വി രാജസ്ഥാനോട് വഴങ്ങി. രാജസ്ഥാൻ മുന്നോട്ടുവെച്ച 176 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെയ്‌ക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 172 റൺസെടുക്കാനേ സാധിച്ചുള്ളൂ. സിഎസ്‌കെയ്‌ക്കായി ദേവോൺ കോൺവെ(50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി(17 പന്തില്‍ 32*), രവീന്ദ്ര ജഡേജ(15 പന്തില്‍ 25*) എന്നിവര്‍ അവസാന ഓവറുകളില്‍ ശ്രമിച്ചിട്ടും ടീമിനെ വിജയിപ്പിക്കാനായില്ല.
ധവാന്‍ ഇനി ഒറ്റയ്‌ക്ക് ബാറ്റ് മുറുകെ പിടിക്കേണ്ട; വെടിക്കെട്ട് വീരന്‍ പ്ലേയിംഗ് ഇലവനിലേക്ക്