ഹാര്‍ദ്ദിക്കിനെ കളിപ്പിക്കാതിരിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഷെയ്ന്‍ ബോണ്ട്
ഹാര്‍ദ്ദിക്ക് പരിശീലനം നടത്തുന്നുണ്ടെന്നും രോഹിത്തിനെപ്പോലെ മുംബൈക്കായി വൈകാതെ കളിക്കാനെത്തുമെന്നും വ്യക്തമാക്കിയ ബോണ്ട് മുംബൈ ടീമിന്‍റെയും ഇന്ത്യന്‍ ടീമിന്‍റെയും ബാലന്‍സ് നോക്കിയാണ് ഹാര്‍ദ്ദിക്കിനെ കളിപ്പിക്കാതിരുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya)യുടെ വരവിനായാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ഹാര്‍ദ്ദിക് മുംബൈ നിരയിലുണ്ടായിരുന്നില്ല. ഇതിനിടെ ഹാര്‍ദ്ദിക്കിന് പരിക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പരിക്കാണെങ്കില്‍ ഹാര്‍ദ്ദിക്കിനെ എന്തിനാണ് ടി20 ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരം സാബാ കരീം അടക്കമുള്ളവര്‍ ചോദിക്കുകയും ചെയ്തു. ഇതിനിടെ ഹാര്‍ദ്ദിക്ക് എപ്പോള്‍ മുംബൈക്കായി കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുംബൈയുടെ ബൗളിംഗ് പരിശീലകനായ ഷെയ്ന്‍ ബോണ്ട്(Shane Bond).
ഹാര്‍ദ്ദിക്ക് പരിശീലനം നടത്തുന്നുണ്ടെന്നും രോഹിത്തിനെപ്പോലെ മുംബൈക്കായി വൈകാതെ കളിക്കാനെത്തുമെന്നും വ്യക്തമാക്കിയ ബോണ്ട് മുംബൈ ടീമിന്‍റെയും ഇന്ത്യന്‍ ടീമിന്‍റെയും ബാലന്‍സ് നോക്കിയാണ് ഹാര്‍ദ്ദിക്കിനെ കളിപ്പിക്കാതിരുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കളിക്കാരുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീം വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും മുംബൈ ടീമില്‍ മാത്രമല്ല ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ കാര്യം കൂടി കണക്കിലെടുത്തെ കളിക്കാരെ കളിപ്പിക്കാനാവും എന്നും ബോണ്ട് വ്യക്തമാക്കി.
അടുത്ത മത്സരത്തില്‍ ഹാര്‍ദ്ദിക്കിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പരിശീലനത്തിനിറങ്ങിയ ഹാര്‍ദ്ദിക് എല്ലാ മേഖലയിലും കഠിന പരിശീലനം നടത്തിയിരുന്നുവെന്നും ബോണ്ട് വ്യക്തമാക്കി. നേരിയ പരിക്കുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് ഹാര്‍ദ്ദിക്കിനെ ചെന്നൈക്കെതിരെ കളിപ്പിക്കാതിരുന്നതെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ മഹേല ജയവര്‍ധനെ പറഞ്ഞിരുന്നു.
ഹാര്‍ദ്ദിക്കിനെ തിരിക്കിട്ട് കളിപ്പിച്ച് പരിക്ക് കൂടുതല്‍ വഷളായാല്‍ അദ്ദേഹത്തിന് ടൂര്‍ണമെന്‍റ് തന്നെ നഷ്ടമായേക്കും. അതുകൊണ്ട് അദ്ദേഹത്തെ നിര്‍ബന്ധിച്ച് കളിപ്പിക്കില്ലെന്നും പൂര്‍ണ കായികക്ഷമത വീണ്ടെടുത്താലെ കളിപ്പിക്കൂവെന്നും ബോണ്ട് പറഞ്ഞു.