'ഇതുകൊണ്ടാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ വരാത്തത്'; രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തി. 4,1 എന്നിങ്ങനെയായിരുന്നു ഡല്‍ഹി, ചെന്നൈ എന്നിവര്‍ക്കെതിരെ സഞ്ജുവിന്റെ സ്‌കോറുകള്‍. ഇന്ന് ബംഗ്ലൂരിനെതിരായ മത്സരത്തില്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയ ശേഷം 21 റണ്‍സിന് പുറത്തായി.

IPL 2021, Sunil Gavaskar talking on Sanju Samson and his failures

മുംബൈ: എല്ലാ ഐപിഎല്‍ സീസണിലേയും പോലെ ഇത്തവണയും തകര്‍പ്പനായിട്ടാണ് സഞ്ജു തുടങ്ങിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ സെഞ്ചുറി. ഇത്തവണ ക്യാപ്റ്റനായുള്ള ഐപിഎല്‍ അരങ്ങേറ്റമായരുന്നു സഞ്ജുവിന്. കൂടുതല്‍ ഉത്തരവാദിത്തം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ആരാധകര്‍ കരുതി. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തി. 4,1 എന്നിങ്ങനെയായിരുന്നു ഡല്‍ഹി, ചെന്നൈ എന്നിവര്‍ക്കെതിരെ സഞ്ജുവിന്റെ സ്‌കോറുകള്‍. ഇന്ന് ബംഗ്ലൂരിനെതിരായ മത്സരത്തില്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയ ശേഷം 21 റണ്‍സിന് പുറത്തായി. ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കമന്ററി ചെയ്യുന്നതിനിടെ സംസാരിക്കുയായിരുന്നു ഗവാസ്‌കര്‍. ഈ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന് ദേശീയ ടീമില്‍ നിന്ന് പുറത്തുനിര്‍ത്തുന്നതെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍. ''ആദ്യം തന്നെ മനസിലാക്കേണ്ടത് സഞ്ജു ക്യാപ്റ്റനാണെന്നുള്ള വസ്തുതയാണ്. സഞ്ജുവാണ് മുന്നില്‍ നിന്ന് നയിക്കേണ്ടത്. ആദ്യ മത്സരത്തില്‍ അത് അവന്‍ ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരം പരാജയപ്പെട്ടു. ഈ സ്ഥിരതയില്ലായ്മ തന്നെയാണ് അദ്ദേഹത്തിന്റെ പരാജയം. സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണവും ഇതുതന്നെ. സഞ്ജു ഒരു മത്സരത്തില്‍ നന്നായി കളിക്കും. 

അടുത്ത മത്സരത്തിലും അതുതന്നെ ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ സാഹചര്യം എന്തെന്ന് മനസിലാക്കന്‍ ശ്രമിക്കില്ല. പെട്ടന്ന പുറത്താവുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. സഞ്ജു നേടുന്ന ഓരോ റണ്‍സും വിലപ്പെട്ടതാണ്. രാജസ്ഥാന്‍ നിരയില്‍ ഡേവിഡ് മില്ലറും ക്രിസ് മോറിസുമുണ്ട്. റണ്‍സ് കണ്ടെത്താന്‍ അവര്‍ മിടുക്കരാണ്. അതുകൊണ്ട് ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് റണ്‍സ് കണ്ടെത്തുകയാണ് വേണ്ടത്.'' ഗവാസ്‌കര്‍ പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ ചെറിയ റണ്‍സിന് പുറത്തായപ്പോഴും സഞ്ജു പറഞ്ഞത് ശൈലി മാറ്റില്ലെന്നാണ്. ടി20 ക്രിക്കറ്റില്‍ ചില സമയങ്ങളില്‍ പെട്ടന്ന് പുറത്താവുമെന്നും അക്കാരണം കൊണ്ടുതന്നെ ശൈലി മാറ്റണമെന്ന് തോന്നിയിട്ടില്ലെന്നും സഞ്ജു പറഞ്ഞിരുന്നു. സഞ്ജു ഉള്‍പ്പെടെയുളള താരങ്ങള്‍ ഇന്ന് പരാജയപ്പെട്ടപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 10 വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 101 റണ്‍സുമായി പുറത്താവാതെ നിന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios