ഡിസംബറിന്‍റെ അത്ഭുതമാകാന്‍ ഐഎസ്ആര്‍ഒ; സ്‌പാഡെക്സ് ഡോക്കിംഗ്, പ്രോബ-3, എന്‍വിഎസ്-2 വിക്ഷേപണങ്ങള്‍
ഡിസംബറില്‍ ഐഎസ്ആര്‍ഒ 'ബിസ്സി'യാണ്, തയ്യാറെടുക്കുന്നത് മൂന്ന് വന്‍ വിക്ഷേപണങ്ങള്‍ക്ക്
ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ (ISRO) 2024 അവസാനിപ്പിക്കുക മൂന്ന് വന്‍ വിക്ഷേപണ പദ്ധതികളോടെ. ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമായ സ്‌പാഡെക്സ് സഹിതമാണ് ഇസ്രെ മൂന്ന് ലോഞ്ചുകള്‍ ഡിസംബര്‍ മാസം പദ്ധതിയിടുന്നതെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌പാഡെക്സ്
2024 ഡിസംബര്‍ ഐഎസ്ആര്‍ഒയെ സംബന്ധിച്ച് തിരക്കേറിയ മാസമാണ്. ബഹിരാകാശത്ത് വച്ച് ഡോക്കിംഗ് സാങ്കേതികവിദ്യ പരീക്ഷിക്കുന്ന സ്‌പാഡെക്‌സാണ് ഇതിലൊന്ന്. ഡിസംബര്‍ 20ന് ഇസ്രൊയുടെ SPADEX പരീക്ഷണം നടക്കും എന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ ഭാവി ബഹിരാകാശ പദ്ധതികള്‍ക്ക് നിര്‍ണായകമായ പരീക്ഷണമാണ് സ്‌പാഡെക്സ്. ഇന്ത്യ വിക്ഷേപിക്കുന്ന ഒരു കൃത്രിമ ഉപഗ്രഹത്തെ ബഹിരാകാശത്ത് വച്ച് രണ്ടാക്കി മാറ്റുകയും പിന്നാലെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന പരീക്ഷണമാണിത്. ഇന്ത്യ വിഭാവനം ചെയ്യുന്ന സ്വന്തം ബഹിരാകാശ നിലയത്തിന്‍റെ (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ) ഡോക്കിംഗിന് മുന്നോടിയായുള്ള നിര്‍ണായക പരീക്ഷണമായി സ്‌പാഡെക്സിനെ കണക്കാക്കുന്നു.
പ്രോബ-3 ദൗത്യം
സ്പാഡെക്സിന് പുറമെ ഐഎസ്ആര്‍ഒയുടെ മുന്നില്‍ വരും മാസമുള്ള സുപ്രധാന ദൗത്യങ്ങളിലൊന്നാണ് പ്രോബ-3 (Proba-3). യൂറോപ്യന്‍ സ്പേസ് ഏജന്‍സി (European Space Agency) നിര്‍മിച്ച ഒരു ജോഡി പേടകങ്ങളെ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ-3. ഇതിലെ കൊറോണഗ്രാഫ് പേടകത്തിന് 340 കിലോയും ഒക്യുല്‍റ്റര്‍ പേടകത്തിന് 200 കിലോയുമാണ് ഭാരം. ഇവ രണ്ടും ചേര്‍ന്ന് ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയെ സഹായിക്കും. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ഡിസംബര്‍ ആദ്യമാണ് പ്രോബ-3 പേടകങ്ങള്‍ ഇസ്രൊ വിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുക. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ശ്രീഹരിക്കോട്ടയില്‍ പുരോഗമിക്കുകയാണ്.
എന്‍വിഎസ്-2 നാവിക് നാവിഗേഷന്‍ ഉപഗ്രഹ വിക്ഷേപണം
ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക്കിനായുള്ള എന്‍വിഎസ്-2 നാവിക് (NVS-2 NavIC) നാവിഗേഷന്‍ ഉപഗ്രഹത്തെ 2024 ഡിസംബര്‍ 31ന് വിക്ഷേപിക്കാനും ഐഎസ്ആര്‍ഒ പദ്ധതിയിടുന്നു. ജിഎസ്എല്‍വി റോക്കറ്റിലാവും എന്‍വിഎസ്-2 നാവിക് നാവിഗേഷന്‍ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം. ഗതി-സ്ഥാനനിര്‍ണയ രംഗത്ത് അമേരിക്കയുടെ ജിപിഎസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതാണ് ഇന്ത്യയുടെ നാവിക് നാവിഗേഷന്‍ സംവിധാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം