ഇന്ത്യയുടെ ഭാവി നായകനെ പ്രവചിച്ച് ബ്രാഡ് ഹോഗ്
ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ ശ്രേയസിന് പരിക്കേറ്റതിനാല്‍ വൈസ് ക്യാപ്റ്റനായിരുന്ന റിഷഭ് പന്തിനെ നായകസ്ഥാനം ഏല്‍പ്പിച്ച ഡല്‍ഹി ടീം മാനേജ്മെന്‍റ് ശ്രേയസ് രണ്ടാം ഘട്ടത്തില്‍ തിരിച്ചെത്തിയപ്പോഴും നായകനായി പന്തിനെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
ദുബായ്: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ(Delhi Capitals) നായകസ്ഥാനം കൈവിട്ടെങ്കിലും ഭാവിയില്‍ ഇന്ത്യന്‍ നായകനാവാന്‍ സാധ്യതയുള്ള താരമാണ് ശ്രേയസ് അയ്യരെന്ന്(Shreyas Iyer) ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്(Brad Hogg). പരിക്കിനെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നു വിട്ടു നിന്നെങ്കിലും ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടം നേടാനായില്ലെങ്കിലും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നിട്ടും ശ്രേയസ് അയ്യരുടെ വാര്‍ത്താസമ്മേളനം കണ്ടപ്പോള്‍ അയാളില്‍ ഭാവി ഇന്ത്യന്‍ നായകനെ കാണാനായെന്നും ഹോഗ് യുട്യൂബ് ചാനലില്‍ പറഞ്ഞു.
പരിക്കിന്‍റെ ഇടവേളകഴിഞ്ഞ് തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 47 റണ്‍സടിച്ച് ഡല്‍ഹിയുടെ ടോപ് സ്കോററായതിനൊപ്പം ടീമിനെ വീജയത്തിലെത്തിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ ലിമിറ്റഡ് ഓവര്‍ പരമ്പരക്കിടെ ഫീല്‍ഡിംഗിനിടെയാണ് ശ്രേയസ് അയ്യരുടെ മുതുകിന് പരിക്കേറ്റത്.
തുടര്‍ന്ന് നാലു മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ശ്രേയസിന് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകസ്ഥാനം നഷ്ടമായിരുന്നു. ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ ശ്രേയസിന് പരിക്കേറ്റതിനാല്‍ വൈസ് ക്യാപ്റ്റനായിരുന്ന റിഷഭ് പന്തിനെ നായകസ്ഥാനം ഏല്‍പ്പിച്ച ഡല്‍ഹി ടീം മാനേജ്മെന്‍റ് ശ്രേയസ് രണ്ടാം ഘട്ടത്തില്‍ തിരിച്ചെത്തിയപ്പോഴും നായകനായി പന്തിനെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിക്കേല്‍ക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രേസയ്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നഷ്ടമായ ശ്രേയസിനെ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രേയസിന് പകരം ടീമിലെത്തിയ രണ്ടാം വിക്കറ്റ് കീപ്പര്‍ കൂടി ഇഷാന്‍ കിഷന്‍ ഐപിഎല്ലില്‍ നിറം മങ്ങിയപ്പോള്‍ ഹൈദരാബാദിനെതിരായ പ്രകടനത്തോടെ ശ്രേയസിനെ 15 അംഗ ടീമിലെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.