അബുദാബിയില്‍ രാജസ്ഥാന്‍ വെടിക്കെട്ട്; ചെന്നൈയെ തൂക്കിയടിച്ച് സഞ്ജുപ്പടയ്‌ക്ക് ത്രില്ലര്‍ ജയം

തുടക്കം മുതല്‍ അടിയോടടി, ജയ്‌സ്വാളിനും ദുബെയ്‌ക്കും വെടിക്കെട്ട് ഫിഫ്റ്റികള്‍. അനായാസം ചെന്നൈയെ പൊട്ടിച്ച് രാജസ്ഥാന്‍. 

IPL 2021 RR vs CSK Rajasthan Royals beat Chennai Super Kings on Yashasvi Jaiswal and Shivam Dube quick fore fifties

അബുദാബി: ഐപിഎല്ലില്‍(IPL 2021) ബാറ്റിംഗ് വെടിക്കെട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ(Chennai Super Kings) ഏഴ് വിക്കറ്റിന് അനായാസം മലര്‍ത്തിയടിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals). ചെന്നൈ മുന്നോട്ടുവെച്ച 190 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി രാജസ്ഥാന്‍ നേടി. രാജസ്ഥാനായി യശ്വസി ജയ്‌സ്വാളും(Yashasvi Jaiswal), ശിവം ദുബെയും(Shivam Dube) വെടിക്കെട്ട് അര്‍ധ സെഞ്ചുറികള്‍ നേടി. 

ഐതിഹാസിക തുടക്കം; ബാറ്റെടുത്തവരെല്ലാം അടിയോടടി

മറുപടി ബാറ്റിംഗില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌കോറാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്. തലങ്ങും വിലങ്ങും ബൗണ്ടറികളുമായി മൈതാനം കയ്യടക്കുകയായിരുന്നു എവിന്‍ ലൂയിസും യശ്വസി ജയ്‌സ്വാളും. അഞ്ചാം ഓവറില്‍ ഹേസല്‍വുഡിനെ മൂന്ന് സിക്‌സിനും ഒരു ഫോറിനും തല്ലിയ ജയസ്വാള്‍ 19 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. പിന്നാലെ അഞ്ചാം ഓവറില്‍ ഠാക്കൂര്‍ ലൂയിസിനെ മടക്കി(12 പന്തില്‍ 27. ആദ്യ വിക്കറ്റില്‍ ലൂയിസ്-ജയസ്വാള്‍ സഖ്യം 5.2 ഓവറില്‍ ചേര്‍ത്തത് 77 റണ്‍സ്. 

പവര്‍പ്ലേയില്‍ 81-1 എന്ന കൂറ്റന്‍ സ്‌കോറുണ്ടായിരുന്നു രാജസ്ഥാന്. തൊട്ടടുത്ത പന്തില്‍ മലയാളി കൂടിയായ കെ എം ആസിഫ് ജയസ്വാളിനെ(21 പന്തില്‍ 50) ധോണിയുടെ കൈകളിലെത്തിച്ചു. സഞ്ജു സാംസണും ശിവം ദുബെയും ചേര്‍ന്ന് 9-ാം ഓവറില്‍ രാജസ്ഥാനെ 100 കടത്തി. 13 ഓവറില്‍ 150 ഉം പിന്നിട്ടു. 32 പന്തില്‍ ദുബെ 50 തികച്ചു. ദുബെ അടി തുടര്‍ന്നതോടെ രാജസ്ഥാന്‍ ചെന്നൈയുടെ റണ്‍മല കടന്ന് അനായാസ ജയത്തിലെത്തുകയായിരുന്നു. ഇതിനിടെ സ‌‌ഞ്ജുവിന്‍റെ(24 പന്തില്‍ 28) വിക്കറ്റ് കൂടിയേ രാജസ്ഥാന് നഷ്‌ടമായുള്ളൂ. ശിവം ദുബെയും(42 പന്തില്‍ 64*), ഗ്ലെന്‍ ഫിലിപ്‌സും(8 പന്തില്‍ 14*) പുറത്താകാതെ നിന്നു. 

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സെടുത്തു. ഗെയ്‌ക്‌വാദും(60 പന്തില്‍ 101*), ജഡേജയും(15 പന്തില്‍ 32*) പുറത്താകാതെ നിന്നു. രാജസ്ഥാനായി രാഹുല്‍ തെവാട്ടിയ മൂന്നും ചേതന്‍ സക്കരിയ ഒന്നും വിക്കറ്റ് വീഴ്‌ത്തി. 

ചെന്നൈയുടേതും ഗംഭീര തുടക്കം 

പതിവുപോലെ റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലസിസും ചെന്നൈയുടെ തുടക്കം ഗംഭീരമാക്കി. ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഇരുവരും പവര്‍പ്ലേയില്‍ 44 റണ്‍സ് ചേര്‍ത്തു. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഏഴാം ഓവര്‍ വരെ രാജസ്ഥാന്‍ കാത്തിരിക്കേണ്ടിവന്നു. 19 പന്തില്‍ 25 റണ്‍സെടുത്ത ഫാഫ് ഡുപ്ലസിയെ തെവാട്ടിയ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. ഒരോവറിന്റെ ഇടവേളയില്‍ മൂന്നാമന്‍ സുരേഷ് റെയ്‌നയെയും(5 പന്തില്‍ 3) തെവാട്ടിയ മടക്കി. സിക്‌സറിന് ശ്രമിച്ച റെയ്‌ന ബൗണ്ടറിയില്‍ ദുബെയുടെ കൈകളില്‍ കുരുങ്ങുകയായിരുന്നു. 

എന്നാല്‍ തന്‍റെ മനോഹര ബാറ്റിംഗ് തുടര്‍ന്ന റുതുരാജ്, മൊയീന്‍ അലിയെ കൂട്ടുപിടിച്ച് 14-ാം ഓവറില്‍ ചെന്നൈയെ 100 കടത്തി. ഇതേ ഓവറില്‍ റുതുരാജ് അര്‍ധ സെഞ്ചുറി തികച്ചു. തൊട്ടടുത്ത ഓവറില്‍ തെവാട്ടിയയെ രണ്ട് സിക്‌സുകള്‍ക്ക് പറത്തി ഗെയ്‌ക്‌വാദ് സൂചന നല്‍കി. എന്നാല്‍ നാലാം പന്തില്‍ അലിയെ(17 പന്തില്‍ 21) സ്റ്റംപ് ചെയ്ത് സഞ്ജു ഈ കൂട്ടുകെട്ട് പൊളിച്ചു. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ചെന്നൈ സ്‌കോര്‍ 116-3.  

സെഞ്ചുറി ഗെയ്‌ക്‌വാദ്, മിന്നല്‍ ജഡേജ

17-ാം ഓവറില്‍ സക്കരിയയുടെ പന്തില്‍ അമ്പാട്ടി റായുഡു(2) പുറത്തായി. അവിടുന്നങ്ങോട്ട് സിക്‌സുകളും ഫോറുകളുമായി കത്തിക്കയറുകയായിരുന്നു ഗെയ്‌ക്‌വാദ്. സീസണില്‍ റണ്‍സമ്പാദ്യം 500 താരം പിന്നിടുകയും ചെയ്‌തു. ഒപ്പം ചേര്‍ന്ന രവീന്ദ്ര ജഡേജയും വേഗം റണ്‍സ് കണ്ടെത്തിയതോടെ ചെന്നൈ മികച്ച സ്‌കോറിലെത്തി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ നേടി ഗെയ്‌ക്‌വാദ് കന്നി ഐപിഎല്‍ സെഞ്ചുറി തികച്ചു. അവസാന അഞ്ച് ഓവറില്‍ 73 റണ്‍സ് അടിച്ചെടുത്തത് ചെന്നൈക്ക് കരുത്തായി. 

നായക മികവില്‍ 'തല'; ഐപിഎല്ലില്‍ ആരും സ്വന്തമാക്കാത്ത റെക്കോര്‍ഡുമായി ധോണി

Latest Videos
Follow Us:
Download App:
  • android
  • ios