സോ സിംപിള്‍! നോ-ലുക്ക് സിക്‌സറുമായി കോലി, പന്ത് സ്റ്റേഡിയത്തിന് പുറത്ത്- വീഡിയോ
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കോലിയുടെ ബാറ്റില്‍ നിന്ന് പറന്ന ഏക സിക്‌സര്‍ ഏറെ സവിശേഷതകളുള്ളതായിരുന്നു
ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണിനിടെ(IPL 2021) ഫോമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) നായകന്‍ വിരാട് കോലി(Virat Kohli). ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ(Chennai Super Kings) കിംഗ് കോലി തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടി. കോലിയുടെ ബാറ്റില്‍ നിന്ന് പറന്ന ഏക സിക്‌സര്‍ ഏറെ സവിശേഷതകളുള്ളതായിരുന്നു.
ക്രിക്കറ്റില്‍ മുമ്പ് നിരവധി ബാറ്റേര്‍സ് പരീക്ഷിച്ചിട്ടുള്ള നോക്ക്-ലുക്ക് സിക്‌സറാണ് കോലിയുടെ ബാറ്റില്‍ പിറന്നത്. എന്നാല്‍ ഈ പന്ത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയും കടന്ന് പുറത്തുപോയി. ആര്‍സിബി ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ ഷര്‍ദ്ദുല്‍ ഠാക്കുറിന്‍റെ പന്തിലായിരുന്നു കോലിയുടെ നോക്-ലുക്ക് സിക്‌സര്‍. ഏറെക്കുറെ ഫുള്ളര്‍ ലെങ്‌തില്‍ വന്ന പന്തില്‍ കോലി 82 മീറ്റര്‍ സിക്‌സര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പന്ത് ഗാലറിയിലെത്തിയത് കോലി നോക്കിപോലുമില്ല.
ഞാന്‍ ശബ്‌ദം കേട്ടു, എനിക്ക് നോക്കേണ്ട ആവശ്യമില്ല എന്നായിരുന്നു കമന്‍ററി ബോക്‌സില്‍ സൈമണ്‍ ഡൗളിന്‍റെ പ്രതികരണം. ബൗളര്‍മാര്‍ പേടിസ്വപ്‌നങ്ങളില്‍ ഞെട്ടലോടെ കേള്‍ക്കുന്ന ശബ്‌ദമായിരുന്നു ഇത്. എത്ര മനോഹരമായ ഷോട്ട്. ബാറ്റില്‍ നിന്ന് മനോഹരമായി അത് പറന്നു എന്നാണ് സുനില്‍ ഗാവസ്‌കര്‍ പറഞ്ഞത്. പന്ത് എവിടെ എത്തുമെന്ന് കോലിക്കറിയാം, അതിനാല്‍ നോക്കേണ്ടതില്ല എന്നായിരുന്നു മറ്റൊരു കമന്‍റേറ്റര്‍ ദീപ് ദാസ്‌ഗുപ്‌തയുടെ വാക്കുകള്‍.
കാണാം കോലിയുടെ നോ-ലുക്ക് സിക്‌സര്‍
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബാറ്റ് കൊണ്ട് തന്‍റെ പഴയകാലം ഓര്‍മ്മിപ്പിക്കുകയായിരുന്നു ആര്‍സിബി നായകന്‍ കൂടിയായ വിരാട് കോലി. 36 പന്തില്‍ 41-ാം ഐപിഎല്‍ ഫിഫ്റ്റിയിലെത്തിയ കോലി പുറത്താകുമ്പോള്‍ 41 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സെടുത്തിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ദേവ്‌ദത്ത് പടിക്കലിനൊപ്പം 111 റണ്‍സ് കോലി ചേര്‍ത്തു. എന്നാല്‍ 14-ാം ഓവറില്‍ ഡ്വെയ്‌ന്‍ ബ്രാവോയുടെ രണ്ടാം പന്ത് കോലിയെ ഡീപ് മിഡ് വിക്കറ്റില്‍ ജഡേജയുടെ കൈകളിലെത്തിച്ചു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടും വമ്പന്‍ സ്‌കോര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നേടാനായില്ല. ടോസ് നഷ്‌ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 156 റണ്‍സിലൊതുങ്ങി. കോലിയുടെ 53ന് പുറമെ സഹ ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കല്‍ 50 പന്തില്‍ 70 റണ്‍സെടുത്തു. മൂന്ന് വിക്കറ്റുമായി ബ്രാവോയും രണ്ട് പേരെ പുറത്താക്കി ഠാക്കൂറും ഒരാളെ മടക്കി ചഹാറുമാണ് ആര്‍സിബിയെ പ്രതിരോധത്തിലാക്കിയത്.
ഐപിഎല്‍: നല്ല തുടക്കം നഷ്ടമാക്കി; ബാംഗ്ലൂരിനെ പിടിച്ചുകെട്ടി ചെന്നൈ