'ബൈ ബെന്‍'; ബെന്‍ സ്റ്റോക്‌സിനെ നാട്ടിലേക്ക് യാത്രയാക്കി രാജസ്ഥാന്‍
രാജസ്ഥാൻ മാനേജ്‌മെന്‍റാണ് താരത്തെ യാത്രയാക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.
മുംബൈ: ഐപിഎല്‍ പതിനാലാം സീസണിന്‍റെ തുടക്കത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ കൈവിരലിന് പരിക്കേറ്റ രാജസ്ഥാൻ റോയല്‍സ് ഓള്‍റൗണ്ടര്‍ ബെൻ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങി. രാജസ്ഥാൻ മാനേജ്‌മെന്‍റാണ് താരത്തെ യാത്രയാക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇംഗ്ലണ്ടിലെ ലീഡ്സിൽ ബെൻ സ്റ്റോക്‌സിനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കും.
സ്റ്റോക്‌സിന് മൂന്ന് മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇതോടെ ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയും ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന നിശ്ചിത ഓവര്‍ പരമ്പരയും സ്റ്റോക്‌സിന് നഷ്ടമാവും. എന്നാല്‍ ആഗസ്റ്റ് നാലിന് ഇന്ത്യക്കെതിരെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ സ്റ്റോക്‌സ് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
പഞ്ചാബ് കിംഗ്‌സ് സൂപ്പര്‍താരം ക്രിസ് ഗെയ്‌ലിന്‍റെ ക്യാച്ചെടുക്കുമ്പോഴാണ് സ്‌റ്റോക്‌സിന്‍റെ കൈവിരലിന് പരിക്കേറ്റത്. കടുത്ത വേദന പ്രകടിപ്പിച്ച താരം പന്തെറിയാതിരുന്നതോടെ ആശങ്കയേറുകയായിരുന്നു. പിന്നാലെ നടത്തിയ സ്‌കാനിംഗില്‍ താരത്തിന്‍റെ പരിക്ക് ഗൗരവമുള്ളതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സ്റ്റോക്‌സിന്‍റെ മടക്കം രാജസ്ഥാന് കനത്ത തിരിച്ചടിയാണ്.
പരിക്ക് അത്ര നിസാരമല്ല; ബെന്‍ സ്‌റ്റോക്‌സിന് മൂന്ന് മാസം നഷ്ടമാവും