സണ്‍റൈസേഴ്‌സില്‍ വാര്‍ണര്‍ യുഗം അവസാനിക്കുന്നു? സൂചനകള്‍ ഇങ്ങനെ
ജേസന്‍ റോയ് ആദ്യ മത്സരത്തില്‍ തന്നെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി തികച്ചതും ടീം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ് വ്യക്തമാക്കിയതുമാണ് കാരണം
ദുബായ്: ഐപിഎല്‍ ഇതിഹാസങ്ങളിലൊന്നായ ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പുറത്തേക്കോ? ഈ സീസണില്‍ വാര്‍ണര്‍ക്ക് ടീമിന്‍റെ അവശേഷിക്കുന്ന മത്സരങ്ങളില്‍ അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. വാര്‍ണറുടെ പകരക്കാരന്‍ ജേസന്‍ റോയ് ആദ്യ മത്സരത്തില്‍ തന്നെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി തികച്ചതും ടീം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ് വ്യക്തമാക്കിയതുമാണ് കാരണം.
ഐപിഎല്‍ 2021: 'ഈ മാറ്റത്തിന്റെ ഗുണം ടീം ഇന്ത്യക്കാണ്'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അജയ് ജഡേജ
ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം ഫോമില്‍ തപ്പിത്തടയുകയാണ് ഡേവിഡ് വാര്‍ണര്‍. പതിനാലാം സീസണില്‍ എട്ട് മത്സരങ്ങളില്‍ 107.73 സ്‌ട്രൈക്ക് റേറ്റില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ സഹിതം വെറും 195 റണ്‍സ് മാത്രമാണ് വാര്‍ണറുടെ സമ്പാദ്യം. സണ്‍റൈസേഴ്‌സിനെ 2016ല്‍ കിരീടത്തിലേക്ക് നയിച്ച വാര്‍ണര്‍ 2014 മുതലുള്ള എല്ലാ സീസണിലും 500ലധികം റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 'സീസണില്‍ ടീം പ്ലേ ഓഫ് കളിക്കാന്‍ ഇനി സാധ്യതയില്ലാത്തതിനാല്‍ യുവതാരങ്ങള്‍ക്ക് മത്സരപരിചയം നല്‍കാനാണ് തീരുമാനം' എന്ന് മുഖ്യ പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ് വ്യക്തമാക്കിക്കഴിഞ്ഞു.
ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഐപിഎല്‍ പതിനാലാം സീസണിന്‍റെ ആദ്യ ഘട്ടത്തില്‍ വാര്‍ണറുടെ നായകസ്ഥാനം തെറിച്ചിരുന്നു. ഇപ്പോള്‍ കെയ്‌ന്‍ വില്യംസണാണ് ഹൈദരാബാദിനെ നയിക്കുന്നത്. അടുത്ത സീസണിന് മുമ്പ് മെഗാ താരലേലം നടക്കുമ്പോള്‍ വാര്‍ണറുടെ ഐപിഎല്‍ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
ഐപിഎല്‍ 2021: ശ്രേയസ് അയ്യരെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കും; വ്യക്തമായ കാരണമുണ്ട്!
അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡേവിഡ് വാര്‍ണറെ സണ്‍റൈസേഴ്‌സ് കളിപ്പിച്ചിരുന്നില്ല. പകരക്കാരനായെത്തിയ ജേസന്‍ റോയ് 42 പന്തില്‍ 60 റണ്‍സെടുത്തതോടെ സണ്‍റൈസേഴ്‌സ് സീസണിലെ രണ്ടാമത്തെ ജയം സ്വന്തമാക്കിയിരുന്നു. റോയ് തന്നെയായിരുന്നു മത്സരത്തിലെ താരം. ഏഴ് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്‍റെ ജയം. പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ്മ എന്നീ യുവതാരങ്ങള്‍ക്കും രാജസ്ഥാനെതിരെ ഹൈദരാബാദ് അവസരം നല്‍കിയിരുന്നു.
ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ വാര്‍ണര്‍ 150 മത്സരങ്ങളില്‍ 41.59 ശരാശരിയിലും 139.96 സ്‌ട്രൈക്ക് റേറ്റിലും 5449 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. നാല് സെഞ്ചുറിയും അവിശ്വസനീയമായ 50 ഫിഫ്റ്റികളും വാര്‍ണര്‍ക്കുണ്ട്. എക്കാലത്തെയും റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനം വാര്‍ണര്‍ അലങ്കരിക്കുന്നു. 2013ല്‍ 410 റണ്‍സ് നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു സീസണില്‍ വാര്‍ണറുടെ റണ്‍വേട്ട 500ല്‍ താഴുന്നത്. പതിനാലാം സീസണില്‍ രണ്ടാം തവണയാണ് വാര്‍ണര്‍ ടീമില്‍ നിന്ന് പുറത്താകുന്നത്.
10 ലക്ഷത്തിന് വേണ്ടി ഞാനെന്തിന് അങ്ങനെ ചെയ്യണം? വാതുവെയ്പ്പ് വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്