കൊവിഡ് പ്രതിസന്ധി: ന്യൂസിലന്‍ഡ് താരങ്ങള്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങിയേക്കില്ല
ഇതിനകം മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ കൊഴിഞ്ഞുപോവുകയും ചെയ്‌തേക്കാം എന്ന ആശങ്ക നിലനില്‍ക്കെയാണ് ന്യൂസിലന്‍ഡില്‍ നിന്നുള്ള വാര്‍ത്ത.
ദില്ലി: ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമെങ്കിലും ഐപിഎല്‍ വിട്ട് ന്യൂസിലന്‍ഡ് താരങ്ങള്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങില്ലെന്ന് സൂചന. ഇതിനകം മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ കൊഴിഞ്ഞുപോവുകയും ചെയ്‌തേക്കാം എന്ന ആശങ്ക നിലനില്‍ക്കെയാണ് ന്യൂസിലന്‍ഡില്‍ നിന്നുള്ള വാര്‍ത്ത.
കൊവിഡ് പ്രതിസന്ധിയില്‍ താരങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കിലും അവര്‍ സുരക്ഷിതരാണ് എന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്ലെയേര്‍സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഹീത്ത് മില്‍സ് വ്യക്തമാക്കി. ഐപിഎല്‍ ബയോ-ബബിളിനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത ഇടം എന്ന് വിശേഷിപ്പിച്ച മില്‍സ്, താരങ്ങള്‍ അവിടെ തുടരുന്നതാണ് ഇപ്പോഴത്തെ ഏറ്റവും ഉചിതമായ തീരുമാനമെന്ന് തനിക്ക് തോന്നുന്നതായും വ്യക്തമാക്കി.
'ഇന്ത്യയില്‍ സംഭവിക്കുന്നതില്‍, മുന്നില്‍ കാണുന്ന കാഴ്‌ചകളില്‍ അവര്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളിലും ബയോ-ബബിള്‍ സംവിധാനങ്ങളിലും അവര്‍ പൂര്‍ണ സുരക്ഷിതരാണ്. ഇന്ത്യ വിടണമെന്ന് അവരാരും ഇതുവരെ ആവശ്യപ്പെട്ടില്ല. ഒരു ഹോട്ടലില്‍ നാല് ടീമുകളാണുള്ളത്. ഹോട്ടല്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയുമാണ്. എന്നാല്‍ ഒരു സിറ്റിയില്‍ നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുമ്പോള്‍ പിപിഇ കിറ്റ് ധരിച്ച് യാത്ര ചെയ്യണം എന്നത് മാത്രമാണ് വെല്ലുവിളി' എന്നും ഹീത്ത് മില്‍സ് കൂട്ടിച്ചേര്‍ത്തു.
കെയ്‌ന്‍ വില്യംസണ്‍, ട്രെന്‍ഡ് ബോള്‍ട്ട്, കെയ്‌ല്‍ ജാമീസണ്‍, മിച്ചല്‍ സാന്‍റ്‌നര്‍, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ പ്രമുഖ ന്യൂസിലന്‍ഡ് താരങ്ങള്‍ ഐപിഎല്‍ പതിനാലാം സീസണില്‍ കളിക്കുന്നുണ്ട്. മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനായും ടൂര്‍ണമെന്‍റിന്‍റെ ഭാഗമാണ്.