'തല' എങ്ങോട്ടും പോകുന്നില്ല; അടുത്ത സീസണിലും സിഎസ്‌കെയില്‍ കാണുമെന്ന് ധോണി
ലഭ്യമായ താരങ്ങളുടെ മികവ് മുഴുവൻ ഊറ്റിയെടുക്കുന്ന ധോണിയുടെ നേതൃമികവാണ് സിഎസ്‌കെയെ ഐപിഎല്ലില്‍ നാലാം കിരീടത്തിൽ എത്തിച്ചത്
ദുബായ്: ഐപിഎല്ലില്‍(IPL) അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം(Chennai Super Kings) ഉണ്ടാകുമെന്ന് നായകൻ എം എസ് ധോണി(MS Dhoni). എന്നാൽ ഏത് റോളിലായിരിക്കും താൻ സിഎസ്‌കെയിൽ ഉണ്ടാവുകയെന്ന് ധോണി വ്യക്തമാക്കിയില്ല. പതിനാലാം സീസണില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ(Kolkata Knight Riders) ഫൈനലിന് ശേഷമായിരുന്നു ധോണിയുടെ വാക്കുകള്‍.
'മെഗാ താരലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്തുന്ന ബിസിസിഐ പോളിസി അനുസരിച്ചിരിക്കും തീരുമാനം. സിഎസ്‌കെയ്‌ക്ക് ഗുണപരമായ തീരുമാനം കൈക്കൊള്ളും. ഫ്രാഞ്ചൈസിക്ക് തിരിച്ചടിയാവാത്ത തരത്തില്‍ കോര്‍ ടീമിനെ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. അടുത്ത 10 വര്‍ഷത്തേക്കുള്ള ടീമിനെ മുന്‍കൂട്ടി നിശ്ചയിക്കേണ്ട മെഗാ താരലേലമാണ് വരുന്നത്. 2008ലെ കോര്‍ ഗ്രൂപ്പ് 10 വര്‍ഷത്തിലധികം ടീമിനെ നയിച്ചു. സമാനമായി അടുത്ത 10 വര്‍ഷത്തേക്ക് ആരൊക്കെ ടീമിന് സംഭാവനകള്‍ നല്‍കുമെന്ന് ഗൗരവമായി ചിന്തിക്കണം' എന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി നാലാം ഐപിഎല്‍ കിരീടം ഉയര്‍ത്തിയ ശേഷം ധോണി പറഞ്ഞു.
ലഭ്യമായ താരങ്ങളുടെ മികവ് മുഴുവൻ ഊറ്റിയെടുക്കുന്ന ധോണിയുടെ നേതൃമികവാണ് സിഎസ്‌കെയെ ഐപിഎല്ലില്‍ നാലാം കിരീടത്തിൽ എത്തിച്ചത്. അടുത്ത സീസണിൽ മെഗാതാരലേലം നടക്കാനിരിക്കേ തന്നെക്കാൾ പ്രധാനം ടീമിന്റെ ഭാവിയാണെന്ന് പറയുന്ന ധോണിയുടെ വാക്കുകളിലുണ്ട് അദേഹത്തിന്‍റെ പദ്ധതികള്‍. താന്‍ ഇപ്പോള്‍ വിരമിക്കലിന്റെ വഴിയിൽ അല്ലെന്നാണ് ധോണി നല്‍കുന്ന സൂചനകള്‍.
ധോണി മുമ്പ് പറഞ്ഞത്
ഐപിഎല്‍ 2022ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ഉണ്ടാവുമെന്നും എന്നാല്‍ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ലെന്നും ധോണി നേരത്തെയും വ്യക്തമാക്കിയിരുന്നു. 'എന്നെ അടുത്ത സീസണിലും മഞ്ഞ ജേഴ്‌സിയിലും കാണാന്‍ സാധിക്കും. എന്നാല്‍ അതൊരു കളിക്കാരനായിട്ട് തന്നെ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. കാരണം ആരൊയൊക്കെ നിലനിര്‍ത്തുമെന്ന് ഒരു ഉറപ്പുമില്ല. രണ്ട് പുതിയ ടീമുകള്‍ വരുന്നു. മെഗാലേലം നടക്കുന്നു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം' എന്നായിരുന്നു അന്ന് ധോണിയുടെ വാക്കുകള്‍.
അതേസമയം ക്യാപ്റ്റന്‍സിയില്‍ മിന്നിത്തിളങ്ങിയപ്പോഴും ഈ സീസണില്‍ മോശം പ്രകടനമാണ് ധോണി ബാറ്റിംഗില്‍ പുറത്തെടുത്തത്. സീസണില്‍ 16 മത്സരങ്ങളില്‍ 114 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. പുറത്താകാതെ നേടിയ 18 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗ് ശരാശരി 16.28 മാത്രമെങ്കില്‍ സ്‌ട്രൈക്ക് റേറ്റും(106.54) പരിമിതമാണ്.
'തല' ഉയര്‍ത്തി ചെന്നൈ, കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ച് ഐപിഎല്ലില്‍ നാലാം കിരീടം