ചന്ദനമരം മോഷണം പോയതിന് താൽക്കാലിക വാച്ചർക്ക് മേലുദ്യോഗസ്ഥൻ വക കരണത്തടിയും ചവിട്ടും, പരാതിയില്‍ കേസെടുത്തു

14 വര്‍ഷമായി ചന്ദന സംരക്ഷണ ജോലി ചെയ്യുന്ന ഊരുവാസല്‍ സ്വദേശി മാരിയപ്പനെ(62)  സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രാമകൃഷ്ണൻ മർദ്ദിച്ചെന്നാണ് കേസ്.

Forest watcher beaten  by superior officer in Idukki

ഇടുക്കി: സംരക്ഷിത വനമേഖലയില്‍ നിന്നും  ചന്ദനമരങ്ങള്‍ മോഷണം പോയതിനെ തുടർന്ന് താൽക്കാലിക വാച്ചറെ മേലുദ്യോ​ഗസ്ഥർ മർദ്ദിച്ചെന്ന് പരാതി. വാച്ചറുടെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. മറയൂരിലാണ് സംഭവം. സംരക്ഷിത വനമേഖലയില്‍ നിന്നും  ചന്ദനമരങ്ങള്‍ വെട്ടിക്കടത്തിയതിനെ തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ വനംവകുപ്പിലെ താത്കാലിക വാച്ചറെ ക്രൂരമായി മര്‍ദ്ദിച്ച് എന്ന പരാതിയിൽ പൊലീസ് കേസെടുത്തത്. 14 വര്‍ഷമായി ചന്ദന സംരക്ഷണ ജോലി ചെയ്യുന്ന ഊരുവാസല്‍ സ്വദേശി മാരിയപ്പനെ(62)  സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രാമകൃഷ്ണൻ മർദ്ദിച്ചെന്നാണ് കേസ്. ചെവിക്കും മുഖത്തും മര്‍ദ്ദിച്ച ശേഷം നിലത്തിട്ട് ചവിട്ടിയതായി മറയൂര്‍ പൊലീസില്‍ പരാതിക്കാരൻ മൊഴി നല്‍കി. മറയൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മാരിയപ്പൻ. 

ശനിയാഴ്ച്ച രാത്രി ഒന്‍പതിനും പത്തിനും ഇടയിലുള്ള സമയത്താണ് കോഴിപ്പന്ന ഭാഗത്ത് നിന്നും നാലു ചന്ദനമരങ്ങള്‍ വെട്ടിക്കടത്തിയത്. വനം വകുപ്പിലെ സ്ഥിരം ജീവനക്കാരായ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും താത്കാലിക വാച്ചര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് ഒരോ മേഖലയുടെയും സംരക്ഷണ ചുമതല. വീഴ്ച്ച സംഭവിച്ചാല്‍ താത്കാലിക വാച്ചര്‍മാരെ പഴിചാരി സ്ഥിരം ജീവനക്കാര്‍ രക്ഷപ്പെടുകയാണ് പതിവ് എന്നാണ് വാച്ചർമാരുടെ  പരാതി. 

മാരിയപ്പന്‍ മൂന്നാര്‍ മറയൂര്‍ റോഡിന്‍റെ ഭാഗത്താണ് കാവല്‍ നിന്നിരുന്നത്. മരം പോയതറിഞ്ഞ് മറ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുന്നതിനിടയിലാണ് മർദ്ദനം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട മാരിയപ്പന്‍ അപ്പോള്‍ വീട്ടിലേക്ക് മടങ്ങുകയും മുഖത്തെയും ചെവിയുടെയും വേദന അസഹനീയമായതിനെ തുടര്‍ന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.  അതേസമയം, ജോലി നഷ്ടമായതിൻ്റെ വൈരാഗ്യം തീർക്കാനാണ് മാരിയപ്പൻ മർദിച്ചതായി പരാതി നൽകി ആശുപത്രിയിൽ കഴിയുന്നതെന്നും അല്ലാതെ മർദ്ദിച്ചിട്ടില്ലന്നും മറയൂർ ഡി.എഫ്.ഒ സുഹൈബ് പറഞ്ഞു. 

Read More... വളപട്ടണത്തെ കവർച്ച അന്വേഷിക്കാൻ 20 അംഗ സംഘം; സിസിടിവികളിൽ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല

ശനിയാഴ്ച രാത്രി ചന്ദന മോഷണവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ സ്ക്വാഡ് ടീമിലുള്ള ഉദ്യോഗസ്ഥൻ മാരിയപ്പനുമായി സംസാരിച്ചിരുന്നു. പിന്നീട് മാരിയപ്പൻ ജോലി ഉപേക്ഷിച്ചു.  കഴിഞ്ഞ ദിവസം രാവിലെ ജോലി ആവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാൽ ജോലി നൽകാൻ തൽക്കാലം നടപടിയില്ലന്ന് പറഞ്ഞതിനെ തുടർന്നാണ് മർദ്ദനമേറ്റതായി പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും  പൊലീസ് അന്വേഷിക്കട്ടെയെന്നും മറയൂർ ഡിഎഫ്ഒ പി.ജെ സുഹൈബ് പറഞ്ഞു.

Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios