ഐപിഎല്‍: വിക്കറ്റ് മഴക്കൊടുവില്‍ സിക്സര്‍ ഫിനിഷിംഗ്, ഡല്‍ഹിയെ ഫിനിഷ് ചെയ്ത് കൊല്‍ക്കത്ത ഫൈനലില്‍
പതിനാറാം ഓവര്‍ പിന്നിടുമ്പോള്‍ കൊല്‍ക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലായിരുന്നു. അവസാന നാലോവറില്‍ ജയത്തിലേക്ക് വേണ്ടത് വെറും 13 റണ്‍സ്. തോല്‍വി ഉറപ്പിച്ച ഡല്‍ഹി താരങ്ങള്‍ നിരാരായി നില്‍ക്കുമ്പോഴാണ് കൊല്‍ക്കത്ത അവിശ്വസനീയമായി തകര്‍ന്നടിഞ്ഞത്.
ഷാര്‍ജ: ആവേശം അവസാന ഓവര്‍ വരെ നീണ്ട ഐപിഎല്ലിലെ(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ(Delhi Capitals) മൂന്ന് വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യത്തിന് തൊട്ടടടുത്തിയശേഷം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ് തോല്‍വിയുടെ വക്കത്തെത്തിയെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സിന് പറത്തി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചു. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 135-5, കൊല്‍ക്കത്ത 19.5 ഓവറില്‍ 136-7.
നാടകാന്തം ത്രിപാഠിയുടെ ഫിനിഷിംഗ് ടച്ച്
പതിനാറാം ഓവര്‍ പിന്നിടുമ്പോള്‍ കൊല്‍ക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലായിരുന്നു. അവസാന നാലോവറില്‍ ജയത്തിലേക്ക് വേണ്ടത് വെറും 13 റണ്‍സ്. തോല്‍വി ഉറപ്പിച്ച ഡല്‍ഹി താരങ്ങള്‍ നിരാരായി നില്‍ക്കുമ്പോഴാണ് കൊല്‍ക്കത്ത അവിശ്വസനീയമായി തകര്‍ന്നടിഞ്ഞത്. ആവേശ് ഖാന്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത കൊല്‍ക്കത്തക്ക് ശുഭ്മാന്‍ ഗില്ലിന്‍റെ(46) വിക്കറ്റ് നഷ്ടമായി. റബാഡ എറിഞ്ഞ പതിനെട്ടാം ഓവറില്‍ കൊല്‍ക്കത്ത നേടിയ ഒറു റണ്‍സ് മാത്രം. ദിനേശ് കാര്‍ത്തിക്കിനെ(0) നഷ്ടമാവുകയും ചെയ്തു. നേര്‍ട്യ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍റെ(0) വിക്കറ്റ് നഷ്ടമാക്കി കൊല്‍ക്കത്ത നേടിയത് വെറും മൂന്ന് റണ്‍സ്. അതില്‍ രണ്ട് റണ്‍സ് വന്നത് ശ്രേയസ് അയ്യരുടെ മിസ് ഫീല്‍ഡില്‍ നിന്നും.
ഇതോടെ അശ്വിനെറിഞ്ഞ അവസാന ഓവറില്‍ കൊല്‍ക്കത്തക്ക് ജയിക്കാന്‍ 7 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ രാഹുല്‍ ത്രപാഠി സിംഗിളെടുത്തു. രണ്ടാം പന്തില്‍ ഷാക്കിബ് അല്‍ ഹസന് റണ്ണെടുക്കാനായില്ല. മൂന്നാം പന്തില്‍ ഷാക്കിബിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ഡല്‍ഹിക്ക് വിജയപ്രതീക്ഷ നല്‍കി. നാലാം പന്തില്‍ സുനില്‍ നരെയ്ന്‍ സിക്സിന് ശ്രമിച്ചെങ്കിലും ബൗണ്ടറിയില്‍ അക്സര്‍ പട്ടേലിന്‍റെ കൈയിലൊതുങ്ങി. കൊല്‍ക്കത്തക്ക് ജയിക്കാന്‍ രണ്ട് പന്തില്‍ 6 റണ്‍സ്. അഞ്ചാം പന്ത് നേരിട്ട രാഹുല്‍ ത്രിപാഠി അശ്വിനെ ലോംഗ് ഓഫ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തി കൊല്‍ക്കത്തയെ ഫൈനലിലെത്തിച്ചു.
തുടക്കത്തില്‍ എല്ലാം ശുഭം
പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമടിച്ച കൊല്‍ക്കത്ത അശ്വിന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് ടോപ് ഗിയറിലായി. മൂന്നാം ഓവറില്‍ ആവേശ് ഖാന്‍ റണ്ണൊഴുക്ക് നിയന്ത്രിച്ചെങ്കിലും അക്സര്‍ പട്ടേലിനെതിരെ നാലാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് സ്കോറിംഗ് വേഗം കൂട്ടി. റബാഡക്കെതിരെ 12 റണ്‍സടിച്ച കൊല്‍ക്കത്ത പവര്‍പ്ലേയിലെ അവസാന ഓവറില്‍ ആവേശ് ഖാനെതിരെ ഒമ്പത് റണ്‍സടിച്ച് തുടക്കം ശുഭമാക്കി.
ഓപ്പണിംഗ് വിക്കറ്റില്‍ 12.2 ഓവറില്‍ 96 രണ്‍സ് അടിച്ചശേഷമാണ് വെങ്കിടേഷ് അയ്യരും ശുഭ്മാന്‍ ഗില്ലും വേര്‍പിരിഞ്ഞത്. 41 പന്തില്‍ മൂന്ന് സിക്സും നാല് ബൗണ്ടറിയും പറത്തി 55 റണ്‍സെടുത്ത വെങ്കടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി നോര്‍ട്യയും റബാഡയും അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ ഷാര്‍ജയിലെ സ്ലോ പിച്ചില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ കെട്ടിയിട്ടപ്പോള്‍ ഡല്‍ഹി സ്കോര്‍ 20 ഓവറില്‍ 135 റണ്‍സിലൊതുങ്ങി. 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 27 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ പോരാട്ടവും നിര്‍ണായകമായി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.