നരെയ്‌ന്‍ വെടിക്കെട്ട്, ഗില്‍-റാണ മികവ്; ഡല്‍ഹിയെ പൂട്ടി കൊല്‍ക്കത്തയ്‌ക്ക് ആശ്വാസ ജയം
16-ാം ഓവറില്‍ റബാഡയെ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 21 റണ്‍സിന് ശിക്ഷിച്ച് ജയത്തിലേക്കുള്ള അകലം നരെയ്‌നും റാണയും കുറയ്‌ക്കുകയായിരുന്നു
ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) പ്ലേ ഓഫ് ഉറപ്പിക്കാന്‍ പൊരുതുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) നരെയ്‌ന്‍ വെടിക്കെട്ടില്‍ ആശ്വാസ ജയം. മൂന്ന് വിക്കറ്റിനാണ് മോര്‍ഗനും സംഘവും ഡല്‍ഹി ക്യാപിറ്റല്‍സിനെ(Delhi Capitals) തകര്‍ത്തത്. ഡല്‍ഹി മുന്നോട്ടുവെച്ച 128 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ കൊല്‍ക്കത്ത നേടി. നരെയ്‌ന്‍(Sunil Narine) വെടിക്കെട്ടിന് പുറമെ ശുഭ്‌മാന്‍ ഗില്‍, നിതീഷ് റാണ എന്നിവരുടെ സമയോചിത ഇടപെടലും കൊല്‍ക്കത്തയെ കാത്തു.
ഗില്‍, റാണ, നരെയ്‌ന്‍
മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയ്‌ക്കിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ട് വിക്കറ്റ് നഷ്‌ടമായി. 15 പന്തില്‍ 14 റണ്‍സെടുത്ത വെങ്കടേഷ് അയ്യരെ(Venkatesh Iyer) അഞ്ചാം ഓവറില്‍ ലളിത് ബൗള്‍ഡാക്കി. അഞ്ച് പന്തില്‍ 9 റണ്‍സെടുത്ത മൂന്നാമന്‍ രാഹുല്‍ ത്രിപാഠിയെ(Rahul Tripathi) ആറാം ഓവറില്‍ സ്‌മിത്തിന്‍റെ കൈകളില്‍ ആവേഷ് എത്തിച്ചു. 43 റണ്‍സായിരുന്നു ഈ സമയം കൊല്‍ക്കത്തയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
33 പന്തില്‍ 30 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലിനെ 11-ാം ഓവറില്‍ റബാഡയും അക്കൗണ്ട് തുറക്കും മുമ്പ് നായകന്‍ മോര്‍ഗനെ തൊട്ടടുത്ത ഓവറില്‍ അശ്വിനും പുറത്താക്കിയതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. നിതീഷ് റാണ വെടിക്കെട്ട് തുടങ്ങിവച്ചിരിക്കേ ദിനേശ് കാര്‍ത്തിക്കിനെ(14 പന്തില്‍ 12) 15-ാം ഓവറില്‍ ആവേഷ് ബൗള്‍ഡാക്കി. റാണയ്‌ക്കൊപ്പം സുനില്‍ നരെയ്‌ന്‍ ക്രീസില്‍ നില്‍ക്കേ 16-ാം ഓവറിലാണ് കൊല്‍ക്കത്ത 100 കടക്കുന്നത്.
16-ാം ഓവറില്‍ റബാഡയെ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 21 റണ്‍സിന് ശിക്ഷിച്ച് ജയത്തിലേക്കുള്ള അകലം നരെയ്‌നും റാണയും കുറച്ചു. ഇതോടെ അവസാന നാല് ഓവറില്‍ വെറും 9 റണ്‍സായി കൊല്‍ക്കത്തയുടെ വിജയലക്ഷ്യം. വിജയത്തിന് ആറ് റണ്‍സകലെ നരെയ്‌ന്‍(10 പന്തില്‍ 21) നോര്‍ജെയുടെ പന്തില്‍ അക്‌സറിന്‍റെ ക്യാച്ചില്‍ പുറത്തായി. ആവേഷിന്‍റെ അടുത്ത ഓവറില്‍ സൗത്തിയും(3) വീണു. എന്നാല്‍ റാണയും(36*), ഫെര്‍ഗൂസണും(0*) മത്സരം ഫിനിഷ് ചെയ്തു.
കളിച്ചത് സ്‌മിത്തും റിഷഭും മാത്രം
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 127 റണ്‍സേ നേടിയുള്ളൂ. സ്റ്റീവ് സ്‌മിത്തും(Steve Smith) റിഷഭ് പന്തും(Rishabh Pant) മാത്രമാണ് മുപ്പത് കടന്നത്. കെകെആറിനായി ഫെര്‍ഗൂസണും നരെയ്‌നും അയ്യരും രണ്ട് വീതം വിക്കറ്റും സൗത്തി ഒന്നും നേടി.
ഓപ്പണിംഗില്‍ പരിക്കേറ്റ പൃഥ്വി ഷായ്‌ക്ക് പകരം സ്റ്റീവ് സ്‌മിത്തിനെ ഉള്‍പ്പെടുത്തിയാണ് ഡല്‍ഹി കളത്തിലെത്തിയത്. ഏഴ് ഓവറിനിടെ രണ്ട് വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്‌ടമായി. ശിഖര്‍ ധവാനെ(20 പന്തില്‍ 24) അഞ്ചാം ഓവറില്‍ വെങ്കിടേഷ് അയ്യരുടെ കൈകളില്‍ ലോക്കി ഫെര്‍ഗൂസണ്‍ എത്തിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ സ്‌മിത്തിനൊപ്പം 35 റണ്‍സാണ് ധവാന്‍ ചേര്‍ത്തത്. മൂന്നാമന്‍ ശ്രേയസ് അയ്യരെ(5 പന്തില്‍ 1) ഏഴാം ഓവറില്‍ സുനില്‍ നരെയ്‌ന്‍ സുന്ദരന്‍ പന്തില്‍ ബൗള്‍ഡാക്കി.
റിഷഭ് പന്തിനെ കൂട്ടുപിടിച്ച് കരുതലോടെ കളിച്ച സ്‌മിത്ത് ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ഡല്‍ഹി 10-ാം ഓവറില്‍ 60 പിന്നിട്ടു. എന്നാല്‍ സ്‌മിത്ത് 34 പന്തില്‍ 39 റണ്‍സുമായി 13-ാം ഓവറില്‍ ഫെര്‍ഗൂസണ് മുന്നില്‍ കീഴടങ്ങിയതോടെ ഡല്‍ഹി കൂട്ടത്തകര്‍ച്ചയിലായി. ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(4), ലളിത് യാദവ്(0), അക്‌സര്‍ പട്ടേല്‍(0) എന്നിവര്‍ അതിവേഗം ഡ്രസിംഗ് റൂമിലെത്തി. സൗത്തിയുടെ അവസാന ഓവറില്‍ അശ്വിനും(9), റിഷഭും(39), ആവേഷും (5) പുറത്തായപ്പോള്‍ റബാഡ(0*) പുറത്താകാതെ നിന്നു.
സുവര്‍ണാവസരം കൈവിട്ട് ഡല്‍ഹി
10 മത്സരങ്ങളില്‍ 16 പോയിന്‍റുമായി ഡല്‍ഹി രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്‌ക്ക് 10 പോയിന്‍റായി. ഇന്ന് ജയിച്ചിരുന്നെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹി വീണ്ടും ഒന്നാമതെത്തുമായിരുന്നു. സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടവും റിഷഭ് പന്തിനും കൂട്ടര്‍ക്കും സ്വന്തമായേനേ.
സണ്‍റൈസേഴ്‌സില്‍ വാര്‍ണര്‍ യുഗം അവസാനിക്കുന്നു? സൂചനകള്‍ ഇങ്ങനെ