ഐപിഎല്‍ 2021: 'ഒരാളെ പുറത്താക്കാന്‍ മാത്രമാണ് എന്തെങ്കിലും പദ്ധതിയിട്ടത്'; താരത്തിന്റെ പേര് പറഞ്ഞ് ഗംഭീര്‍
ഒരു ഐപിഎല്‍ ടീമിനെതിരെ 1000 റണ്‍സ് എന്ന റെക്കോഡാണ് രോഹിത്തിനെ തേടിയെത്തിയത്. ആദ്യമായിട്ടാണ് ഒരു താരം നേട്ടം സ്വന്തമാക്കുന്നത്.
ദില്ലി: ഐപിഎല്ലില്‍ (IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (Kolkata Knight Riders) പരാജയപ്പെട്ടെങ്കിലും മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ഒരു റെക്കോഡ് പിന്നിട്ടിരുന്നു. ഒരു ഐപിഎല്‍ ടീമിനെതിരെ 1000 റണ്‍സ് എന്ന റെക്കോഡാണ് രോഹിത്തിനെ തേടിയെത്തിയത്. ആദ്യമായിട്ടാണ് ഒരു താരം നേട്ടം സ്വന്തമാക്കുന്നത്. 12 റണ്‍സ് പിന്നിട്ടപ്പോള്‍ തന്നെ റെക്കോഡ് രോഹിത്തിന്റെ പേരിലായി.
കൊല്‍ക്കത്തയ്‌ക്കെതിരെ മികച്ച റെക്കോഡുള്ള താരമാണ് രോഹിത്. മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (Gautam Gambhir) ഇക്കാര്യം പറയുകയും ചെയ്തു. തന്റെ ഏഴ് വര്‍ഷത്തെ ക്യാപ്റ്റന്‍സി കരിയറില്‍ എന്തെങ്കിലും പ്ലാനുമായി കളിച്ചിട്ടുള്ളത് രോഹിത്തിനെതിരെ മാത്രമാണെന്നാണ് ഗംഭീര്‍ പറയുന്നത്. വിരാട് കോലി, എം എസ് ധോണി, എബി ഡി വില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവര്‍ക്കെതിരെ പ്രത്യേകിച്ച് പദ്ധതിയൊന്നുമില്ലാതെയാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ രോഹിത്തിനെ പുറത്താക്കാന്‍ വ്യക്തമായ പ്ലാന്‍ വേണമെന്നാണ് ഗംഭീറിന്റെ പക്ഷം.
മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകള്‍... ''കൊല്‍ക്കത്തയ്‌ക്കെതിരെ രോഹിത്തിന്റെ റെക്കോഡുകള്‍ ഒന്നു പരിശോധിക്കൂ. ഏഴ് വര്‍ഷം ഞാന്‍ ഐപിഎല്ലില്‍ ക്യാപ്റ്റായിരുന്നു. ഇക്കാലയളവില്‍ ഞാന്‍ പ്രത്യേക പദ്ധതി താരങ്ങള്‍ക്കെതിരെ ഉണ്ടാക്കാറില്ലായിരുന്നു. കോലി, ഗെയ്ല്‍, ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കെതിരെ പ്രത്യേകിച്ച് പദ്ധതിയൊന്നുമില്ലാതെയാണ് കളിച്ചത്.
എന്നാല്‍ രോഹിത്തിനെതിരെ അങ്ങനെയല്ല. അവനെ പുറത്താക്കാന്‍ ഒരുപാട് പദ്ധതിയിട്ടുണ്ട്. എനിക്കറിയാം അവന്‍ നന്നായി സ്പിന്‍ കളിക്കും. പേസര്‍മാര്‍ക്കെതിരേയും മികച്ച റെക്കോഡുണ്ട്. ഏത് സാഹചര്യത്തിലും രോഹിത് മികച്ച പ്രകടനം പുറത്തെടുക്കും. കൊല്‍ക്കത്തയെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയായിരുന്നു രോഹിത്.''
രോഹിത്തിന് ഐപിഎല്‍ രണ്ടാംഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ആദ്യ മത്സരം നഷ്ട്മായിരുന്നു. ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരെ 30 പന്തില്‍ 33 റണ്‍സാണ് രോഹിത് നേടിയത്.