ക്യാപ്റ്റന്‍റെ ഇന്നിങ്‌സ് പുറത്തെടുത്ത് മോര്‍ഗന്‍; പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് ജയം

124 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന കൊല്‍ക്കത്ത 16.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (പുറത്താവാതെ 47), രാഹുല്‍ ത്രിപാഠി (41) എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് രണ്ടാം ജയം സമ്മാനിച്ചത്.
 

IPL 2021, Eion Morgan led Kolkata to second victory of tournament

അഹമ്മദബാദ്: ഐപിഎല്ലില്‍ കിംഗ്‌സ് പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ച് വിക്കറ്റ് ജയം. അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന കൊല്‍ക്കത്ത 16.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (പുറത്താവാതെ 47), രാഹുല്‍ ത്രിപാഠി (41) എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് രണ്ടാം ജയം സമ്മാനിച്ചത്. നേരത്തെ പ്രസിദ്ധ് കൃഷ്ണയുടെ മൂന്ന് വിക്കറ്റുകളും സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനങ്ങളുമാണ് പഞ്ചാബിനെ തകര്‍ത്തത്. ഒമ്പത് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. 31 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ജയത്തോടെ കൊല്‍ക്കത്തയ്ക്ക് ആറ് മത്സരങ്ങളില്‍ നാല് പോയിന്റായി. ആറാം സ്ഥാനത്തേക്ക് കയറാനും അവര്‍ക്കായി. ഇത്രയും തന്നെ പോയിന്റുള്ള പഞ്ചാബ് ഏഴാമതാണ്. ലൈവ് സ്‌കോര്‍.

മൂന്ന് ഓവര്‍... മൂന്ന് വിക്കറ്റ്

IPL 2021, Eion Morgan led Kolkata to second victory of tournament

ആദ്യ മൂന്ന് ഓവറുകള്‍ക്കിടെ കൊല്‍ക്കത്തയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഹെന്റിക്വെസ് എറിഞ്ഞ ആദ്യ ഓവറിന്റെ നാലാം പന്തിലാണ് നിതീഷ് റാണ (0) മടങ്ങുന്ന്. നേരിട്ട ആദ്യ പന്തില്‍ ഷാരൂഖ് ഖാന് ക്യാച്ച് നല്‍കുകയായിരുന്നു താരം. അടുത്ത ഓവറില്‍ ശുഭ്മാന്‍ ഗില്ലും (9) പവലിയനില്‍ തിരിച്ചെത്തി. ഷമിയുെട പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഗില്‍ മടങ്ങുന്നത്. അര്‍ഷ്ദീപിന്റെ തൊട്ടടുത്ത ഓവറില്‍ സുനില്‍ നരെയ്‌നും (0) വിക്കറ്റ് വലിച്ചെറിഞ്ഞു. അര്‍ഷ്ദീപിനെ ഡീപ് മിഡ് വിക്കറ്റിലൂടെ സിക്‌സടിക്കാനുള്ള ശ്രമം രവി ബിഷ്‌ണോയിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ അവസാനിച്ചു. 

ത്രിപാഠി- മോര്‍ഗന്‍ കൂട്ടുകെട്ട്

IPL 2021, Eion Morgan led Kolkata to second victory of tournament

മൂന്നിന് 17 എന്ന നിലയിലേക്ക് തകര്‍ന്നു വീണ കൊല്‍ക്കത്തയെ രക്ഷിച്ചത് ത്രിപാഠി- മോര്‍ഗന്‍ കൂട്ടുകെട്ടാണ്. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 32 പന്തുകള്‍ നേരിട്ട ത്രിപാഠി ഏഴ് ബൗണ്ടറികളുടെ സഹായത്തോടെയാണ് 41 റണ്‍സെടുത്തത്. ദീപക് ഹൂഡയുടെ പന്തില്‍ ഷാരൂഖ് ഖാന് ക്യാച്ച് നല്‍കി ത്രിപാഠി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ആന്ദ്രേ റസ്സലിന് (10) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. വിന്‍ഡീസ് താരം റണ്ണൗട്ടായി. എന്നാല്‍ മോര്‍ഗനൊപ്പം പുറത്താവാതെ നിന്ന് ദിനേശ് കാര്‍ത്തിക് (12) ടീമിന്റെ വിജയം പൂര്‍ത്തിയാക്കി. 40 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു മോര്‍ഗന്റെ ഇന്നിങ്‌സ്.  

പഞ്ചാബിന്റെ തകര്‍ച്ച തുടക്കം മുതല്‍

IPL 2021, Eion Morgan led Kolkata to second victory of tournament

പവര്‍പ്ലേയില്‍ തന്നെ പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി കെ എല്‍ രാഹുല്‍ (19) മടങ്ങി. പ്ിന്നാലെ ക്രീസിലെത്തിയ ക്രിസ് ഗെയ്്ല്‍ (0), ദീപക് ഹുഡ (1) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ഗെയ്‌ലിനെ നേരിട്ട ആദ്യ പന്തില്‍ ശിവം മാവി മടക്കി. ഹൂഡയ്ക്ക നാല് പന്ത് മാത്രമായിരുന്നു ആയുസ്. പ്രസിദ്ധിന്റെ പന്തില്‍ ഓയിന്‍ മോര്‍ഗന്‍ ക്യാച്ച്. മധ്യനിരയില്‍ നിക്കോളാസ് പുരാന്‍ (19) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഇതിനിടെ മായങ്കിനെ നരെയ്ന്‍ മടക്കിയയച്ചു. മൊയ്‌സസ് ഹെന്റിക്വെസ് (2) നരെയന്റെ പന്തില്‍ ബൗള്‍ഡായി. 

നൂറ് കടത്തിയത് ജോര്‍ദാന്‍

IPL 2021, Eion Morgan led Kolkata to second victory of tournament

ക്രിസ് ജോര്‍ദാന്റെ (18 പന്തില്‍ 30) ഇന്നിങ്‌സാണ് പഞ്ചാബിനെ 100 കടത്തിയത്. 18 പന്ത് മാത്രം നേരിട്ട ജോര്‍ദാന്‍ മൂന്ന് സിക്‌സും ഒരു ഫോറും നേടി. ഇതിനിടെ ഷാരൂഖ് ഖാന്‍ (13) മടങ്ങിയതും പഞ്ചാബിനെ നിരാശരാക്കി. രവി ബിഷ്‌ണോയാണ് (1) പുറത്തായ മറ്റുതാരം. മുഹമ്മദ് ഷമി (1), അര്‍ഷ്ദീപ് സിംഗ് (1) പുറത്താവാതെ നിന്നു.

പഞ്ചാബില്‍ ഒരു മാറ്റം

രാജസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. ഫാബിയന്‍ അലന് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. കൊല്‍ക്കത്തയാവട്ടെ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെടുകയായിരുന്നു. അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് കൊല്‍ത്തയ്ക്കുള്ളത്. രണ്ട് പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത അവസാന സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ രണ്ട് ജയമുള്ള പഞ്ചാബ് കിംഗ്‌സ് നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 

ടീമുകള്‍

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, മൊയ്‌സസ് ഹെന്റിക്വെസ്, ഷാരൂഖ് ഖാന്‍, ക്രിസ് ജോര്‍ദന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിംഗ്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ആന്ദ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, ശിവം മാവി, സുനില്‍ നരെയ്ന്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios