തലപ്പത്തെത്തിയിട്ട് തലകുനിച്ച് മടക്കം; നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്ക് കൂപ്പുകുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്
ഡൽഹി ക്യാപിറ്റല്‍സ് ഇക്കുറി 20 പോയിന്‍റുമായി ഒന്നാമതെത്തിയ ശേഷം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും തോല്‍ക്കുകയായിരുന്നു
ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) ഡൽഹി ക്യാപിറ്റൽസിന്(Delhi Capitals) മറക്കാന്‍ ആഗ്രഹിക്കുന്ന റെക്കോര്‍ഡ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയിട്ടും ഫൈനലിലെത്താതെ പ്ലേ ഓഫില്‍ പുറത്തായ രണ്ടാമത്തെ ടീം എന്ന നാണക്കേട് ഡൽഹിയുടെ പേരിലായി. 2016ലെ സീസണിൽ 18 പോയിന്‍റുമായി ഒന്നാമതെത്തിയ ഗുജറാത്ത് ലയൺസ്(Gujarat Lions) ക്വാളിഫയറില്‍ ബാംഗ്ലൂരിനോടും ഹൈദരാബാദിനോടും തോറ്റിരുന്നു.
ഡൽഹി ക്യാപിറ്റല്‍സ് ഇക്കുറി 20 പോയിന്‍റുമായി ഒന്നാമതെത്തിയ ശേഷം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും തോറ്റു. 150 റൺസിൽ താഴെ പ്രതിരോധിക്കാത്ത രണ്ട് ടീമുകളില്‍ ഒന്ന് എന്ന മോശം റെക്കോര്‍ഡ് മറികടക്കാനും ഡൽഹിക്ക് കഴിഞ്ഞില്ല. ഗുജറാത്ത് ലയൺസാണ് ഇവിടെയും രണ്ടാമത്തെ ടീം.
നാളെ കൊൽക്കത്ത- ചെന്നൈ ഫൈനൽ
ഐപിഎല്ലില്‍ നാളെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനൽ നടക്കും. രണ്ടാം ക്വാളിഫയറില്‍ ഡൽഹിയെ മൂന്ന് വിക്കറ്റിന് കൊൽക്കത്ത തോൽപ്പിച്ചതോടെയാണിത്. 136 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊൽക്കത്ത ഒരു പന്ത് ബാക്കിനിൽക്കെ ജയത്തിലെത്തി. ഓപ്പണറായിറങ്ങി തകര്‍ത്തടിച്ച വെങ്കടേഷ് അയ്യരാണ് കളിയിലെ കേമന്‍.
കൊല്‍ക്കത്ത അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം അവസാന ഓവറിലേക്ക് നീങ്ങിയപ്പോള്‍ രാഹുല്‍ ത്രിപാഠിയുടെ കരളുറപ്പിൽ ടീം കരപറ്റുകയായിരുന്നു. ഒന്‍പത് വിക്കറ്റ് കയ്യിലിരിക്കെ അവസാന 25 പന്തില്‍ കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത് 13 റൺസ് മാത്രം. പിന്നീട് കണ്ടത് പഞ്ചാബ് ആരാധകര്‍ക്ക് പോലും സങ്കൽപ്പിക്കാനാകാത്ത ബാറ്റിംഗ് തകര്‍ച്ച. ഏഴ് റൺസ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ റാണയും ഗില്ലും കാര്‍ത്തിക്കും മോര്‍ഗനും മടങ്ങി.
അശ്വിന്‍ അവസാന ഓവര്‍ തുടങ്ങുമ്പോള്‍ കെകെആറിന് ജയിക്കാന്‍ വേണ്ടത് ഏഴ് റൺസ്. മൂന്നാം പന്തിൽ ഷക്കീബ് അൽ ഹസനും തൊട്ടുപിന്നാലെ സുനില്‍ നരെയ്‌നും പുറത്ത്. എന്നാല്‍ ഹാട്രിക്ക് ഉന്നം വച്ച അശ്വിനെ ഗ്യാലറിയിലേക്ക് തൂക്കിയ ത്രിപാഠി കൊൽക്കത്തയെ മൂന്നാം ഐപിഎൽ ഫൈനലിലെത്തിച്ചു. 41 പന്തില്‍ 55 റൺസെടുത്ത വെങ്കടേഷ് അയ്യറും 46 റൺസെടുത്ത ശുഭ്മാന്‍ ഗില്ലും നൽകിയ മിന്നും തുടക്കം പാഴായില്ല.
നേരത്തെ ബാറ്റര്‍മാരോട് പഥ്യം കാട്ടാത്ത ഷാര്‍ജയിലെ പിച്ചിൽ ഡൽഹി നേടിയത് അഞ്ച് വിക്കറ്റിന് 135 റണ്‍സായിരുന്നു. ശിഖര്‍ ധവാന്‍ 36ഉം ശ്രേയസ് അയ്യര്‍ 30ഉം റൺസെടുത്തു. ആറ് റൺസിൽ വിക്കറ്റ് വലിച്ചെറിഞ്ഞതിനെ കുറിച്ചോര്‍ത്ത് പഴിക്കാം നായകന്‍ റിഷഭ് പന്തിന്. യുഎഇ പാദത്തിൽ നിറംമാറിയ കൊൽക്കത്ത ഫൈനലിലെത്തുന്നത് തുടര്‍ച്ചയായ നാലാം ജയത്തോടെയാണ് എന്ന സവിശേഷതയുണ്ട്.
ഐപിഎല്‍: വിക്കറ്റ് മഴക്കൊടുവില്‍ സിക്സര്‍ ഫിനിഷിംഗ്, ഡല്‍ഹിയെ ഫിനിഷ് ചെയ്ത് കൊല്‍ക്കത്ത ഫൈനലില്‍