ഐപിഎല്‍: നായകനായി ശ്രദ്ധേയ നേട്ടവുമായി റിഷഭ് പന്ത്
ഐപിഎല്ലിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടത്തിലുമെത്തി ഈ ഇരുപത്തിമൂന്നുകാരന്‍.
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായുള്ള അരങ്ങേറ്റം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ റിഷഭ് പന്ത് ഗംഭീരമാക്കിയിരുന്നു. ഐപിഎല്ലിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് 23കാരന്‍ മടങ്ങിയത്. സ്റ്റീവ് സ്‌മിത്ത്, വിരാട് കോലി, സുരേഷ് റെയ്‌ന, ശ്രേയസ് അയ്യര്‍ എന്നിവരാണ് പന്തിന് മുന്നിലുള്ളത്.
സ്ഥിരം നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായി പ്രഖ്യാപിച്ചത്. മുഷ്‌താഖ് അലി ട്രോഫിയില്‍ 2017ല്‍ ഡല്‍ഹിയെ നയിച്ച പരിചയം പന്തിനുണ്ട്. കഴിഞ്ഞ തവണ കലാശപ്പോരില്‍ കൈവിട്ട കിരീടം പിടിക്കുകയാണ് റിഷഭിന്‍റെ മുന്നിലുള്ള വെല്ലുവിളി. കപ്പുയര്‍ത്താനായാല്‍ ഐപിഎല്ലില്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന നേട്ടത്തിലെത്താം താരത്തിന്.
ചെന്നൈയെ പൊരിച്ച ഇന്നിംഗ്‌സ്; നേട്ടങ്ങളുടെ പെരുമഴയുമായി ധവാന്‍
എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഡല്‍ഹി ഏഴ് വിക്കറ്റിനാണ് തോല്‍പിച്ചത്. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കിനില്‍ക്കേ റിഷഭ് പന്തും സംഘവും നേടുകയായിരുന്നു. ശിഖർ ധവാൻ-പൃഥ്വി ഷാ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഡൽഹി ക്യാപിറ്റൽസിന് വിജയത്തുടക്കം നൽകിയത്. ശിഖർ ധവാന്‍ 54 പന്തിൽ 85 റൺസും പൃഥ്വി ഷാ 38 പന്തിൽ 72 റൺസുമെടുത്താണ് പുറത്തായത്.
ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ സുരേഷ് റെയ്‌നയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് ചെന്നൈ 188 റൺസിലെത്തിയത്. റെയ്‌ന 36 പന്തില്‍ 54 റണ്‍സെടുത്തു. എന്നാല്‍ ഏഴാമനായി ബാറ്റിംഗിന് ഇറങ്ങിയ ധോണി നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്തായി.
മുന്‍ ചാമ്പ്യന്‍മാരുടെ പോരില്‍ മുന്‍തൂക്കം ആര്‍ക്ക്; ഹൈദരാബാദ്-കൊല്‍ക്കത്ത പോരിന്‍റെ ചരിത്രം