റോള്‍ മോഡലെന്ന് വിളിച്ച് ശിവം മാവി; ലൈവില്‍ സന്തോഷാശ്രൂ പൊഴിച്ച് ഡെയ്‌ല്‍ സ്റ്റെയ്‌ന്‍
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഡെയ്‌ല്‍ സ്റ്റെയ്ന്‍.
മുംബൈ: കരിയറില്‍ തന്‍റെ റോള്‍ മോഡല്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ എന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് യുവ പേസര്‍ ശിവം മാവി. ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ ടി20 ടൈംഔട്ട് ലൈവ് ഷോയില്‍ സ്റ്റെയ്‌ന്‍ കൂടി പങ്കെടുത്ത പരിപാടിയിലാണ് 22കാരനായ മാവിയുടെ വാക്കുകള്‍. യുവതാരത്തിന്‍റെ വാക്കുകള്‍ കേട്ട് സ്റ്റെയ്‌ന്‍ കണ്ണീര്‍ പൊഴിച്ചു.
'ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സ്റ്റെയ്‌നെ വളരെ അടുത്ത് പിന്തുടരാറുണ്ട്. എങ്ങനെ പന്തെറിയാമെന്നും ഔട്ട് സ്വിങറുകള്‍ക്കും പഠിക്കുമ്പോഴും സ്റ്റെയ്‌നെ ഫോളോ ചെയ്യുന്നു. ബുമ്ര, ഭുവനേശ്വര്‍ തുടങ്ങിയ മറ്റ് ചില താരങ്ങളില്‍ നിന്നും തന്ത്രങ്ങള്‍ കൈക്കലാക്കാറുണ്ട്. എന്നാല്‍ എപ്പോഴും മാതൃക സ്റ്റെയ്‌നാണ്' എന്നാണ് മാവി പറഞ്ഞത്.
എന്നാല്‍ ഇത് കേട്ടതും ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം വികാരഭരിതനായി. സ്റ്റെയ്‌ന്‍റെ കണ്ണുകള്‍ നിറഞ്ഞത് വീഡിയോയില്‍ കാണാമായിരുന്നു.
'അതിശയകരം. ഞാൻ കള്ളം പറയുന്നില്ല, അവന്‍ എന്നെ കണ്ണീരണിയിച്ചെന്ന് സത്യസന്ധമായി പറയാം. ക്രിക്കറ്റ് കളിക്കാമെന്നും ലോകത്തിന്‍റെ വിവിധദിശകളിലുള്ള മനുഷ്യരില്‍ സ്വാധീനം ചൊലുത്താന്‍ കഴിയുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നു. അത് മഹത്തരമാണ്. ക്രിക്കറ്റ് കളിക്കുന്നത് ഇപ്പോഴും ഇഷ്‌ടപ്പെടുന്നു. പ്രകടനം തുടര്‍ന്നാല്‍ ശിവം മാവി ഇന്ത്യക്കായി കളിക്കും. താരവുമായി ആശയവിനിമയം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായും' സ്റ്റെയ്‌ന്‍ കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഡെയ്‌ല്‍ സ്റ്റെയ്ന്‍. ദക്ഷിണാഫ്രിക്കയ്‌ക്കായി 93 ടെസ്റ്റുകള്‍ കളിച്ച താരം 22.95 ശരാശരിയില്‍ 439 വിക്കറ്റ് നേടി. 125 ഏകദിനങ്ങളില്‍ 196 വിക്കറ്റും 47 ടി20കളില്‍ 64 വിക്കറ്റും സ്റ്റെയ്‌നുണ്ട്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരം 95 മത്സരങ്ങളില്‍ 97 വിക്കറ്റാണ് പേരിലാക്കിയത്.