വെടിക്കെട്ട് ബാറ്റിംഗിന് ധോണിയുടെ തകര്‍പ്പന്‍ സമ്മാനം; ത്രില്ലടിച്ച് യശ്വസി ജയ്‌സ്വാള്‍
ജോഷ് ഹേസല്‍വുഡ് ഉള്‍പ്പടെയുള്ള പേരുകേട്ട ചെന്നൈ ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും തല്ലിച്ചതയ്‌ക്കുകയായിരുന്നു ജയ്‌സ്വാള്‍
അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ തീപ്പൊരി ബാറ്റിംഗാണ് രാജസ്ഥാന്‍ റോയല്‍സ് യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ പുറത്തെടുത്തത്. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീമിനായി താരം 19 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. ജോഷ് ഹേസല്‍വുഡ് ഉള്‍പ്പടെയുള്ള പേരുകേട്ട ചെന്നൈ ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും തല്ലിച്ചതയ്‌ക്കുകയായിരുന്നു ജയ്‌സ്വാള്‍.
മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം രാജസ്ഥാന്‍ റോയല്‍സ് നേടിയപ്പോള്‍ സാക്ഷാല്‍ ധോണിയില്‍ നിന്ന് ഒരു സുവര്‍ണ സമ്മാനം യശ്വസി ജയ്‌സ്വാളിന് ലഭിച്ചു. മത്സര ശേഷം ജയ്‌സ്വാളിന്‍റെ ബാറ്റില്‍ ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു ധോണി. 'ഇതിഹാസ താരമായ ധോണിയെ കണ്ടുമുട്ടിയത് സുവര്‍ണ നിമിഷമാണ്. ധോണിയുടെ കൈയ്യൊപ്പ് തന്‍റെ ബാറ്റില്‍ കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്, അദേഹം എപ്പോഴും പ്രചോദനമാണ്' എന്നായിരുന്നു യശ്വസി ജയ്‌സ്വാളിന്‍റെ പ്രതികരണം.
'ഞങ്ങള്‍ 190 റണ്‍സാണ് പിന്തുടരുന്നത്. പിച്ച് തീര്‍ച്ചയായും മികച്ചതാണെന്ന് മനസിലായി. ലൂസ് ബോളുകള്‍ പ്രയോജനപ്പെടുത്തി ടീമിന് മികച്ച തുടക്കം നല്‍കുകയായിരുന്നു ലക്ഷ്യം. എങ്കില്‍ മാത്രമേ 190 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാനാകൂ' എന്നായിരുന്നു മത്സര ശേഷം തന്‍റെ വെടിക്കെട്ട് ഇന്നിംഗ്‌സിനെ കുറിച്ച് ജയ്‌സ്വാള്‍ പറഞ്ഞത്. രാജസ്ഥാന്‍ ഇന്നിംഗ്‌സിലെ ഏഴാം ഓവറിലെ ആദ്യ പന്തില്‍ പുറത്താകുമ്പോള്‍ 21 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സ് നേടിയിരുന്നു താരം.
ഐപിഎല്‍ 2021: 'അടി കണ്ടപ്പോള്‍ 250 പോലും വിദൂരത്തല്ലെന്ന് തോന്നി'; രാജസ്ഥാനെതിരായ മത്സരശേഷം ധോണി
ബാറ്റ്സ്‌മാന്‍മാരെല്ലാം ഫോമായപ്പോള്‍ 190 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി രാജസ്ഥാന്‍ നേടി. ജയ്‌സ്വാളിന് പുറമെ ശിവം ദുബെയും(42 പന്തില്‍ 64*) അര്‍ധ സെഞ്ചുറി. നാല് വീതം ഫോറും സിക്‌സുമായി ദുബെയായിരുന്നു കൂടുതല്‍ അപകടകാരി. എവിന്‍ ലൂയിസ് 27 ഉം സഞ്ജു സാംസണ്‍ 28 ഉം ഗ്ലെന്‍ ഫിലിപ്‌സ് 14* ഉം റണ്‍സ് നേടി. നേരത്തെ തകര്‍പ്പന്‍ സെഞ്ചുറി(60 പന്തില്‍ 101) നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ മികവിലാണ് ചെന്നൈ മികച്ച സ്‌കോറിലെത്തിയത്.
ഐപിഎല്‍ 2021: 'അവനോട് ബഹുമാനം മാത്രം'; വിജയാഹ്ലാദത്തിനിടയിലും റിതുരാജിനെ പ്രകീര്‍ത്തിച്ച് സഞ്ജു