ഐപിഎല്‍: പിടിച്ചുനിന്നത് റായുഡു മാത്രം, ചെന്നൈക്കെതിരെ ഡല്‍ഹിക്ക് 137 റണ്‍സ് വിജയലക്ഷ്യം
40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ റായുഡുവിന് സിംഗിളുകളും ഡബിളുകളുമെടുത്ത് ധോണി മികച്ച പിന്തുണ നല്‍കി. ഒമ്പതാം ഓവറില്‍ ക്രീസിലെത്തിയ ധോണി ഇരുപതാം ഓവറിലാണ് പുറത്തായതെങ്കിലും ഒറ്റ ബൗണ്ടറിയും ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നില്ല.
ദുബായ്: ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Super Kings) ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) 137 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. 43 പന്തില്‍ 55 റണ്‍സെടുത്ത അംബാട്ടി റായുഡുവാണ്(Ambati Rayudu) ചെന്നൈയുടെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍(Axar Patel) 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
പവറോടെ തുടങ്ങി, പിന്നെ തകര്‍ന്നടിഞ്ഞു
പവര്‍ പ്ലേയില്‍ ആന്‍റിച്ച് നോര്‍ട്യ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ചെന്നൈ ഞെട്ടി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ വൈഡിലൂടെ അഞ്ച് റണ്‍സ് ലഭിച്ചതിന് പിന്നാലെ ഫോമിലുള്ള റുതുരാജ് ഗെയ്ക്‌വാദിനെ നോര്‍ട്യ വിക്കറ്റിന് മുന്നില്‍ കുടുക്കി. അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും തീരുമാനം റിവ്യു ചെയ്ത ചെന്നൈക്ക് ആശ്വാസമായി തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. പിന്നാലെ ഗെയ്‌ക്‌വാദ് രണ്ട് ബൗണ്ടറി അടിച്ച് ആദ്യ ഓവറില്‍ തന്നെ ചെന്നൈയെ 16ല്‍ എത്തിച്ചു.
ആവേശ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 10 റണ്‍സടിച്ച ചെന്നൈ അതിവേഗം കുതിക്കുന്നതിനിടെ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് മൂന്നാം ഓവര്‍ അക്സര്‍ പട്ടേലിനെ ഏല്‍പ്പിച്ചു. അക്സറിനെ സിക്സടിക്കാനുള്ള ഡൂപ്ലെസിയുടം ശ്രമം ഡീപ് സ്ക്വയര്‍ ലെഗ്ഗില്‍ ശ്രേയസ് അയ്യരുടെ കൈകളിലൊതുങ്ങി. അഞ്ചാം ഓവറില്‍ ഗെയ്‌ക്‌വാദിനെ(13) ഷോര്‍ട്ട് ബോളില്‍ അശ്വിന്‍റെ കൈകളിലെത്തിച്ച റബാദ ചെന്നൈക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ഫോമിലുള്ള ഓപ്പണര്‍മാരെ നഷ്ടമായതോടെ ചെന്നൈയുടെ സ്കോറിംഗ് ഇഴഞ്ഞു നീങ്ങി.
നടുവൊടിച്ച് അക്സറും അശ്വിനും
സീസണിലാദ്യമായി പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച റോബിന്‍ ഉത്തപ്പക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 19 പന്തില്‍ 19 റണ്‍സെടുത്ത ഉത്തപ്പയെ അശ്വിന്‍ സ്വന്തം ബൗളിംഗില്‍ പിടി കൂടിയപ്പോള്‍ മൊയീന്‍ അലിയെ(5) ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് അക്സര്‍ അരട്ടപ്രഹരമേല്‍പ്പിച്ചു.
കരകയറ്റി ധോണി-റായുഡു സഖ്യം
62-4ലേക്ക് കൂപ്പുകുത്തിയ ചെന്നൈയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് ധോണി-അംബാട്ടി റായുഡു സഖ്യമാണ്. അഞ്ചാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടയര്‍ത്തിയ ഇരുവരും ചേര്‍ന്ന് ചെന്നൈയെ 100 കടത്തി. ഇന്നിംഗ്സിലെ ആദ്യ സിക്സിനായി പതിനെട്ടാം ഓവര്‍ വരെ കാത്തരിക്കേണ്ടിവന്നു ചെന്നൈക്ക്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റായുഡുവാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ റായുഡുവിന് സിംഗിളുകളും ഡബിളുകളുമെടുത്ത് ധോണി മികച്ച പിന്തുണ നല്‍കി. ഒമ്പതാം ഓവറില്‍ ക്രീസിലെത്തിയ ധോണി ഇരുപതാം ഓവറിലാണ് പുറത്തായതെങ്കിലും ഒറ്റ ബൗണ്ടറിയും ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നില്ല. അവസാന ഓവറിലെ ആദ്യ പന്തില്‍ 26 പന്തില്‍ 18 റണ്‍സെടുത്ത ധോണിയെ ആവേശ് ഖാന്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു.43 പന്തില്‍ 55 റണ്‍സെടുത്ത റായുഡു പുറത്താകാതെ നിന്നു.
മൂന്ന് മാറ്റങ്ങളുമായി ചെന്നൈ
നേരത്തെ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങിയത്. സ്റ്റീവ് സ്മിത്തിന് പകരം ഗുജറാത്ത് ഓള്‍ റൗണ്ടര്‍ റിപാല്‍ പട്ടേല്‍ ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. മൂന്ന് വിദേശ താരങ്ങള്‍ മാത്രമാണ് ഇന്ന് ഡല്‍ഹി നിരയിലുള്ളത്.
രാജസ്ഥാന്‍ റോയല്‍സിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈയും മൂന്ന് മാറ്റങ്ങള്‍ വരുത്തി. സാം കറന് പകരം ഡ്വയിന്‍ ബ്രാവോ ചെന്നൈയുടെ അന്തിമ ഇലവനിലെത്തി. മലയാളി പേസര്‍ മുഹമ്മദ് ആസിഫിന് പകരം ദീപക് ചാഹറും സുരേഷ് റെയ്നക്ക് പകരം റോബിന്‍ ഉത്തപ്പയും ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.