ഐപിഎല്‍: ഓസ്ട്രേലിയന്‍ കളിക്കാരെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കില്ലെന്ന് ഓസീസ് പ്രധാനമന്ത്രി
ഓസ്ട്രേലിയന്‍ ടീമിന്‍റെ പര്യടനത്തിന്‍റെ ഭാഗമായല്ല അവര്‍ പോയത്. അവരുടെ സ്വന്തം സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ അതേ മാര്‍ഗത്തിലൂടെ അവര്‍ ഓസ്ട്രേലിയയില്‍ തിരികെയെത്തുമെന്നാണ് കരുതുന്നതെന്നും മോറിസണ്‍
സിഡ്നി: ഇന്ത്യയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണെങ്കിലും ഐപിഎല്ലില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ കളിക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കില്ലെന്ന് ഓസീസ് പ്രധാനമന്ത്രി സ്കോട് മോറിസണ്‍. ഓസീസ് താരങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ ഓസീസ് താരം ക്രിസ് ലിന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഓസീസ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഐപിഎല്ലില്‍ കളിക്കാന്‍ ഓസീസ് താരങ്ങള്‍ ഇന്ത്യയിലെത്തിയത് സ്വന്തം നിലയിലാണെന്നും അതുകൊണ്ടുതന്നെ ഐപിഎല്‍ പൂര്‍ത്തിയാവുമ്പോള്‍ നാട്ടിലെത്താനും അവര്‍ അതേമാര്‍ഗം ഉപയോഗിക്കണമെന്നും ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണനയൊന്നും ഉണ്ടാവില്ലെന്നും മോറിസണ്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയോട് പറഞ്ഞു.
ഓസ്ട്രേലിയന്‍ ടീമിന്‍റെ പര്യടനത്തിന്‍റെ ഭാഗമായല്ല അവര്‍ പോയത്. അവരുടെ സ്വന്തം സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ അതേ മാര്‍ഗത്തിലൂടെ അവര്‍ ഓസ്ട്രേലിയയില്‍ തിരികെയെത്തുമെന്നാണ് കരുതുന്നതെന്നും മോറിസണ്‍ വ്യക്തമാക്കി.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ മെയ് 15വരെ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഓസീസ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരങ്ങളായ ഡേവിഡ് വാര്‍ണറും സ്‌റ്റീവ് സ്‌മിത്തും നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓസീസ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
ഐപിഎല്‍ ആരംഭിച്ച ശേഷം ഇതിനകം മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ആന്‍ഡ്രൂ ടൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും സ്‌പിന്നര്‍ ആദം സാംപയുമാണ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ നായകന്‍ കൂടിയായ വാര്‍ണര്‍ പിന്‍മാറിയാല്‍ സണ്‍റൈസേഴ്‌സിനും സ്‌മിത്ത് മടങ്ങിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും കനത്ത തിരിച്ചടിയാവും.
വാര്‍ണര്‍ക്കും സ്മിത്തിനും പുറമെ പാറ്റ് കമിന്‍സ്(കൊല്‍ക്കത്ത), കൗള്‍ട്ടര്‍ നീല്‍(മുംബൈ), ഗ്ലെന്‍ മാക്സ്‌വെല്‍(ബാംഗ്ലൂര്‍), ക്രിസ് ലിന്‍(മുംബൈ), വിവിധ ടീമുകളുടെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ള റിക്കി പോണ്ടിംഗ്, മൈക് ഹസി, ജെയിംസ് ഹോപ്സ്, ഡേവിഡ് ഹസി, കമന്‍റേറ്റര്‍മാരായ മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ, മൈക്കല്‍ സ്ലേറ്റര്‍, ലിസ സ്ഥലേക്കര്‍ എന്നിവരും ഐപിഎല്ലിന്‍റെ ഭാഗമായി ഇന്ത്യയിലുണ്ട്.