ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്‍ ധോണി; രണ്ടാമന്‍റെ പേരുമായി വീരു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ പേരുപോലും പരാമര്‍ശിച്ചിട്ടില്ല വീരേന്ദര്‍ സെവാഗ്
ദില്ലി: ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്‍ എം എസ് ധോണിയെന്ന് വാഴ്‌ത്തി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ധോണി കഴിഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ രോഹിത് ശര്‍മ്മയാണ് ഐപിഎല്ലിലെ മികച്ച നായകന്‍ എന്നും വീരു അഭിപ്രായപ്പെട്ടു. രോഹിത്തിന്‍റെ തന്ത്രപരമായ നീക്കങ്ങളെ മുന്‍താരം പ്രശംസിക്കുകയും ചെയ്തു.
'ഐപിഎല്ലില്‍ ധോണി കഴിഞ്ഞാലുള്ള മികച്ച നായകനാണ് രോഹിത് ശര്‍മ്മ എന്നത് ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. കളിയെ മനസിലാക്കുന്ന കാര്യത്തിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങളെടുക്കുന്ന കാര്യത്തിലും രോഹിത്തിന്‍റെ നായകശേഷി അവിസ്‌മരണീയമാണ്. രോഹിത്തിന് പകരം മറ്റൊരു നായകനായിരുന്നു എങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നിതീഷ് റാണക്കെതിരെ ക്രുണാല്‍ പാണ്ഡ്യയെ പന്ത് ഏല്‍പിക്കുമായിരുന്നു. എന്നാല്‍ പൊള്ളാര്‍ഡിനെ രോഹിത് ബൗളിംഗിനായി നിയോഗിച്ചു, അത് വിജയിക്കുകയും ചെയ്തു' എന്ന് ഉദാഹരണം സഹിതം വീരു ചൂണ്ടിക്കാട്ടി.
ഐപിഎല്ലില്‍ രോഹിത് ശര്‍മ്മ(54 പന്തില്‍ 80 റണ്‍സ്) തിളങ്ങിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യജയം സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സ് 49 റൺസിനാണ് കൊൽക്കത്തയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. മത്സരത്തില്‍ നിതീഷ് റാണയുടെ വിക്കറ്റ് പൊള്ളാര്‍ഡിനായിരുന്നു.
കനത്ത തോല്‍വിക്ക് പിന്നാലെ കോലിക്ക് വന്‍തുക പിഴശിക്ഷയും.!