'അവന് ഷാര്‍ജയില്‍ മാത്രമല്ലെടാ പിടി, അങ്ങ് അബുദാബിയിലുമുണ്ടെടാ...'; തെവാട്ടിയയുടെ സിക്‌സുകളെ കുറിച്ച് സെവാഗ്
ബാംഗ്ലൂരിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്.
ദില്ലി: ഒരൊറ്റ ദിവസം ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച താരാമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ രാഹുല്‍ തെവാട്ടിയ. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഷെല്‍ഷണ്‍ കോട്ട്രലിനെ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തി രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചാണ് തെവാട്ടിയ ഹീറോയായത്. തുടക്കത്തില്‍ പന്ത് കണക്റ്റ് ചെയ്യാന്‍ പോലും ബുദ്ധിമുട്ടിയ തെവാട്ടിയ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
അന്ന് യുഎഇയിലെ ഏറ്റവും ചെറിയ ഗ്രൗണ്ടായ ഷാര്‍ജയിലായിരുന്നു മത്സരം. ചെറിയ ഗ്രൗണ്ടായതുകൊണ്ടാണ് തെവാട്ടിയക്ക് ഇത്ര അനായാസം സിക്‌സര്‍ നേടാന്‍ കഴിഞ്ഞതെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ അബുദാബിയില്‍ ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിലും തെവാട്ടിയ മികച്ച പ്രകടനം പുറത്തെടുത്തു. 12 പന്തുകള്‍ മാത്രം നേരിട്ട താരം 24 റണ്‍സ് നേടി. സാമാന്യം വലിയ ഗ്രൗണ്ടാണ് അബുദാബിയിലേത്. ഇവിടെ മൂന്ന് സിക്‌സുകളാണ് താരം നേടിയത്.
അതും വളരെ അനായാസമാണ് തെവാട്ടിയ ബൗണ്ടറി കടത്തിയത്. തെവാട്ടിയയുടെ സിക്‌സുകള്‍ കണ്ടതോടെ താരത്തിന്റെ കഴിവിനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഒരു തമാശ രൂപത്തില്‍ ട്വീറ്റ് ചെയ്താണ് സെവാഗ് തെവാട്ടിയയെ അഭിനന്ദിച്ചത്. ''ഷാര്‍ജയില്‍ മാത്രമല്ല, അബുദാബിയിലും അവന് സിക്‌സുകളടിക്കാന്‍ സാധിക്കും.'' എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. കൂടെ ഗര്‍വ് എന്ന ബോളിവുഡ് സിനിമയില്‍ അമരീഷ് പുരി പറയുന്ന സംഭാഷണവും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ബാംഗ്ലൂരിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. മഹിപാല്‍ ലോംറോര്‍ (47) തെവാട്ടിയ (24) എന്നിവരുടെ ഇന്നിങ്‌സുകളാണ് ടീമിനെ 150 കടത്താന്‍ സഹായിച്ചത്.