ഈ റെക്കോര്‍ഡ് ശരിക്കും സെലക്ടര്‍മാര്‍ക്കുള്ളത്, ഐപിഎല്ലില്‍ സൂര്യകുമാറിന് നിര്‍ഭാഗ്യത്തിന്‍റെ റെക്കോര്‍ഡ്
മൂന്നാം നമ്പറില്‍ മുംബൈയുടെ വിശ്വസ്തനായ സൂര്യകുമാര്‍ ഡല്‍ഹിക്കെതിരെ നിര്‍ണായക പോരില്‍ 38 പന്തില്‍ 51 റണ്‍സടിച്ച് പുറത്തായിരുന്നു. ഐപിഎല്ലില്‍ 2000ലേറെ റണ്‍സടിച്ചിട്ടും 30 കാരനായ സൂര്യകുമാറിന് ഇതുവരെ ഇന്ത്യന്‍ ക്യാപ്പ് അണിയാനുള്ള യോഗമുണ്ടായിട്ടില്ല.
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് തൊട്ടുപിന്നാലെ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈക്കായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായാണ് സൂര്യകുമാര്‍ യാദവ് മറുപടി നല്‍കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും തിളങ്ങിയ സൂര്യകുമാര്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരെ അര്‍ധസെഞ്ചുറിയുമായി വീണ്ടും മുംബൈയുടെ ബാറ്റിംഗ് നട്ടെല്ലായി.
ഡല്‍ഹിക്കെതിരെ ബാറ്റേന്തിയതോടെ സൂര്യകുമാര്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇല്ലാത്ത ഒരു നിര്‍ഭാഗ്യ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ക്യാപ് അണിയാതെ ഐപിഎല്ലില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സൂര്യകുമാര്‍ ഡല്‍ഹിക്കെതിരെ കളിക്കാനിറങ്ങിയതോടെ സൂര്യകുമാറിന്‍റെ പേരിലായത്.
മൂന്നാം നമ്പറില്‍ മുംബൈയുടെ വിശ്വസ്തനായ സൂര്യകുമാര്‍ ഡല്‍ഹിക്കെതിരെ നിര്‍ണായക പോരില്‍ 38 പന്തില്‍ 51 റണ്‍സടിച്ച് പുറത്തായിരുന്നു. ഐപിഎല്ലില്‍ 2000ലേറെ റണ്‍സടിച്ചിട്ടും 30 കാരനായ സൂര്യകുമാറിന് ഇതുവരെ ഇന്ത്യന്‍ ക്യാപ്പ് അണിയാനുള്ള യോഗമുണ്ടായിട്ടില്ല. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനാല്‍ സൂര്യകുമാറിനെ ന്യൂസിലന്‍ഡിനായി കളിക്കാന്‍ ക്ഷണിച്ച് മുന്‍ കിവീസ് താരവും കമന്‍റേറ്ററുമായ സ്കോട് സ്റ്റൈറിസ് രംഗത്തെത്തിയിരുന്നു.
ബാംഗ്ലൂരിനെതിരായ അര്‍ധസെഞ്ചുറി പ്രകടനത്തിനുശേഷം ക്ഷമയോടെ കരുത്തോടെ കാത്തിരിക്കനായിരുന്നു ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയുടെ ഉപദേശം. സൂര്യകുമാറിനെ ടീമിലെടുക്കാത്ത സെലക്ടര്‍മാരുടെ നടപടിക്കെതിരെ മുന്‍ താരം ഹര്‍ഭജന്‍ സിംഗ് അടക്കം രംഗത്തെത്തയുകയും ചെയ്തിരുന്നു.