ജമൈക്കന്‍ സ്പ്രിന്റര്‍ യൊഹാന്‍ ബ്ലേക്കും പറഞ്ഞു; ധോണിയുടെ തീരുമാനം മണ്ടത്തരമായിരുന്നു
അവസാന ഓവര്‍ ജഡേജയെ ഏല്‍പ്പിക്കാനുള്ള തീരുമാനം വ്യാപകമായി എതിര്‍ക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ധോണിയുടെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ജമൈക്കന്‍ സ്പ്രിന്റര്‍ യൊഹാന്‍ ബ്ലേക്ക്.
ദുബായ്: ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കിയത്. കയ്യിലിരുന്ന കളിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നലെ വിട്ടുകളഞ്ഞത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി ലക്ഷ്യം കണ്ടു. ശിഖര്‍ ധവാന്‍ 58 പന്തില്‍ പുറത്താവാതെ 101 നേടിയതാണ് ഡല്‍ഹി ഇന്നിങ്‌സില്‍ നിര്‍ണായകമായത്. അക്‌സര്‍ പട്ടേല്‍ അഞ്ച് പന്തില്‍ 21 പുറത്താവാതെ നിന്നു.
അവസാന ഓവറില്‍ 16 റണ്‍സാണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സുള്‍ നേടി അക്‌സര്‍ പട്ടേല്‍ ഡല്‍ഹിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ അവസാന ഓവര്‍ ജഡേജയെ ഏല്‍പ്പിക്കാനുള്ള തീരുമാനം വ്യാപകമായി എതിര്‍ക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ധോണിയുടെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ജമൈക്കന്‍ സ്പ്രിന്റര്‍ യൊഹാന്‍ ബ്ലേക്ക്.
ട്വിറ്റര്‍ വീഡിയോയിലൂടെയാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. അവസാന ഓവറില്‍ ധോണിയെടുത്തത് ഏറ്റവും മോശം തീരുമാനമാണെന്ന് ബ്ലേക്ക് വ്യക്തമാക്കി. ''വളരെ മോശം തീരുമായിരുന്നു എം എസ് ധോണി. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്സ്മാന് ജഡേജയെ കൊണ്ട് പന്തെറിയിക്കാന്‍ പാടില്ലായിരുന്നു.'' ബ്ലേക്ക് പറഞ്ഞു.
ചെന്നൈയുടെ ഫാസ്റ്റ് ബൗളര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ഓവര്‍ ബാക്കിയുണ്ടായിരുന്നു. എന്നിട്ടും ജഡേജയ്ക്ക് ഓവര്‍ നല്‍കിയതാണ് ചെന്നൈ തോല്‍ക്കാന്‍ കാരണമെന്നാണ് വാദം. എന്നാല്‍ ബ്രാവോ പൂര്‍ണമായും ഫിറ്റല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് നല്‍കാതിരുന്നതെന്ന് മത്സരശേഷം ധോണിയും വ്യക്തമാക്കി.
ശിഖര്‍ ധവാന്റെ ക്യാച്ചുകള്‍ വിട്ടതും മത്സരത്തില്‍ നിര്‍ണായകമായി മാറി. ശിഖര്‍ ധവാന്റെ കന്നി ഐപിഎല്‍ സെഞ്ചുറി മത്സരത്തിലെ വഴിത്തിരിവായി മാറിയത്. മൂന്ന് അവസരങ്ങളാണ് ചെന്നൈ താരങ്ങള്‍ ധവാന് നല്‍കിയത്.