സഞ്ജുവിന്‍റെ വെടിക്കെട്ടിന് പിന്നിലെ രഹസ്യം; വെളിപ്പെടുത്തലുമായി താരം
ചെന്നൈക്കെതിരെ 32 പന്തില്‍ 9 സിക്സര്‍ അടക്കം 74 റൺസാണ് സഞ്ജു നേടിയത്. വെറും 19 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്‍റെ അര്‍ധ സെഞ്ചുറി.
ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ വെടിക്കെട്ട് ഇന്നിംഗ്‌സാണ് കാഴ്‌ചവെച്ചത്. 19 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച സഞ്ജുവിന്‍റെ ഇന്നിംഗ്‌സിന് വലിയ കയ്യടി ലഭിച്ചിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി തുടക്കം മുതല്‍ പേരുകേട്ട ബൗളര്‍മാരെയെല്ലാം അനായാസമായി അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി സഞ്ജു. ഈ പ്രകടനത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജുവിപ്പോള്‍.
കൊവിഡ് ലോക്ക്‌ഡൗണ്‍, ക്വാറന്‍റീന്‍ വേളകളിലെ തയ്യാറെടുപ്പുകളാണ് വമ്പന്‍ ഇന്നിംഗ്‌സിന് പിന്നിലെ കരുത്തായി മലയാളി താരം ചൂണ്ടിക്കാട്ടുന്നത്. 'ശക്തമായ ഹിറ്റിംഗാണ് ഈ ജനറേഷന്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ച് മാസക്കാലം വര്‍ക്ക്‌ഔട്ട് നടത്താന്‍ സാധിച്ചു. അതിലൂടെ പന്ത് ഹിറ്റ് ചെയ്യാനുള്ള കഴിവ് കൂടിയെന്നാണ് വിശ്വസിക്കുന്നത്. തന്‍റെ ശൈലിക്ക് പവര്‍ ഹിറ്റിംഗ് ആവശ്യമായതിനാല്‍ പരിശീലനത്തിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും ശാരീരികക്ഷമതയും കരുത്തും വര്‍ധിപ്പിക്കാന്‍ കഠിന പരിശ്രമങ്ങളിലായിരുന്നു' എന്നും താരം മത്സരശേഷം വെളിപ്പെടുത്തി.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 32 പന്തില്‍ 9 സിക്സര്‍ അടക്കം 74 റൺസാണ് സഞ്ജു നേടിയത്. വെറും 19 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്‍റെ അര്‍ധ സെഞ്ചുറി. ഇതോടെ ചില റെക്കോര്‍ഡുകളും സഞ്ജുലിന് സ്വന്തമായി. ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ രാജസ്ഥാന്‍ താരമായി സഞ്ജു. 18 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് സഞ്ജുവിന് മുന്നിലുള്ളത്. സഞ്ജുവിനെ പ്രശംസിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
പൊളിയല്ലേ പൊള്ളാര്‍ഡ്...നേട്ടത്തിലെത്തുന്ന ആദ്യ മുംബൈ ഇന്ത്യന്‍സ് താരം