മരണ ബൗണ്‍സറുകള്‍ പോലെ അപകട ത്രോകളും ഭീഷണിയാവുന്നു; നിര്‍ണായക നിര്‍ദേശവുമായി സച്ചിന്‍
ഐപിഎല്ലില്‍ വീണ്ടും നെഞ്ചിടിപ്പേറ്റി അപകട ത്രോകള്‍. ഹെല്‍മറ്റ് തലയിലുണ്ടായിരുന്നു എന്നതുകൊണ്ട് മാത്രം തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ബാറ്റ്സ്‌മാന്‍മാര്‍.
മുംബൈ: പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ബാറ്റ്സ്‌മാന്മാര്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം എന്ന ആവശ്യവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ റണ്ണിനായുള്ള ഓട്ടത്തിനിടെ ശക്തമായ ത്രോ ധവാല്‍ കുല്‍ക്കര്‍ണിയുടെ ഹെല്‍മറ്റില്‍ പതിച്ചതോടെയാണ് സച്ചിന്‍ ആവശ്യം ഉന്നയിച്ചത്. ഈ ഐപിഎല്ലില്‍ രണ്ടാം തവണയാണ് ഓട്ടത്തിനിടെ ബാറ്റ്സ്‌മാന്‍മാരുടെ ഹെല്‍മറ്റില്‍ ത്രോ പതിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നത്
മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ഹോള്‍ഡറുടെ യോര്‍ക്കര്‍ ലോങ് ഓണിലേക്ക് അടിച്ചകറ്റി ഓടുകയായിരുന്നു കുല്‍ക്കര്‍ണി. എന്നാല്‍ രണ്ടാം റണ്‍സിനായുള്ള ഓട്ടത്തിനിടെ ശക്തമായ ത്രോ കുല്‍ക്കര്‍ണിയുടെ ഹെല്‍മറ്റിലാണ് കൊണ്ടത്. ഹെല്‍മറ്റിന്‍റെ പിന്‍ഭാഗം തകര്‍ന്നെങ്കിലും താരം പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് ഹെല്‍മറ്റ് താരങ്ങള്‍ക്ക് നിര്‍ബന്ധമാക്കാന്‍ ഐസിസി തയ്യാറാകണം എന്ന ആവശ്യം സച്ചിന്‍ ഉന്നയിച്ചത്.
മത്സരം വേഗമാര്‍ജിക്കുന്നു, സുരക്ഷയോ? എന്ന ചോദ്യത്തോടെയായിരുന്നു സച്ചിന്‍റെ ട്വീറ്റ്. പന്തെറിയുന്നത് പേസര്‍മാരായാലും സ്‌പിന്നര്‍മാരായാലും പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ബാറ്റ്സ്‌മാന്മാര്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം എന്ന് സച്ചിന്‍ കുറിച്ചു.
ഈ ഐപിഎല്ലില്‍ നേരത്തെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഫീല്‍ഡര്‍ നിക്കോളാസ് പുരാന്‍റെ ശക്തമായ ത്രോയില്‍ സണ്‍റൈസേഴ്‌സ് ബാറ്റ്സ്‌മാന്‍ വിജയ് ശങ്കറിന് പരിക്കേറ്റിരുന്നു. ഇരു അപകടങ്ങളിലും ബാറ്റ്സ്‌മാന്‍മാര്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. സ്‌പിന്നര്‍മാരെ നേരിടുമ്പോള്‍ പലപ്പോഴും ബാറ്റ്സ്‌മാന്‍മാര്‍ ഹെല്‍മറ്റ് ധരിക്കാറില്ല. ഈ സാഹചര്യത്തിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നിര്‍ദേശം എന്നതാണ് പ്രധാനം.
മുന്നില്‍ രാഹുലും വാര്‍ണറും, രാജസ്ഥാന്‍ താരങ്ങളാരുമില്ല! ഈ സീസണിലെ പുപ്പുലികള്‍ ഇവര്‍
Powered by