'അവനെ മൂന്ന് ഫോര്‍മാറ്റിലും ഉടന്‍ കാണാം, ലോകകപ്പ് നേടും'; യുവതാരത്തെ വാഴ്‌ത്തിപ്പാടി ശ്രീശാന്ത്
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനായി കാര്‍ത്തിക് ത്യാഗി അരങ്ങേറ്റം കുറിച്ചത്.
ദുബായ്: ഐപിഎല്ലില്‍ അരങ്ങേറിയ യുവതാരം കാര്‍ത്തിക് ത്യാഗിയെ പ്രശംസ കൊണ്ടുമൂടി എസ് ശ്രീശാന്ത്. ടീം ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും താരത്തെ ഉടന്‍ കാണാനാകും എന്നും ലോകകപ്പ് നേടാനാകുമെന്നും ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.
'വരും വര്‍ഷങ്ങളില്‍ കാര്‍ത്തിക് ത്യാഗി ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റിലും പ്രതിനിധീകരിക്കുന്നത് കാണാം. അയാളൊരു മാച്ച് വിന്നറാണ്. ടീം ഇന്ത്യക്കൊപ്പം ലോകകപ്പ് നേടാനാകും എന്നാണ് എന്‍റെ വിശ്വാസം. അനായാസമായി പേസ് ബൗളിംഗ് ചെയ്യാന്‍ കഴിയുന്നത് വലിയ കാര്യമാണ്. മുമ്പ് അലന്‍ ഡൊണാള്‍ഡ് എന്നോട് ആവശ്യപ്പെട്ട കാര്യമാണത്. കാര്‍ത്തിക് ത്യാഗി കഠിനാധ്വാനിയായ കളിക്കാരനാണ്'.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഫിലാന്‍ഡറുടെ സഹോദരന്‍ വെടിയേറ്റ് മരിച്ചു
നല്‍കാനുള്ളത് ഒരേയൊരു ഉപദേശം
'കാര്‍ത്തിക് ത്യാഗിയുടെ ചാട്ടം അല്‍പം കൂടുതലാണ്. അതിനാല്‍ ക്രീസിനെ നന്നായി ഉപയോഗിക്കാന്‍ കഴിയില്ല. ആ പ്രശ്‌നം പരിഹരിച്ചാല്‍ കൂടുതല്‍ മികവ് കാട്ടാന്‍ കഴിയും. കാര്‍ത്തിക് ത്യാഗി പരിശീലനം നടത്തുന്നത് കണ്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ യുവ പേസ് ജോഡിയായ ശിവം മാവിയും കമലേഷ് നാഗര്‍കോട്ടിയും മികവുകാട്ടുന്നുണ്ട്. യുവ പേസര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണ്' എന്നും ശ്രീശാന്ത് ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിനോട് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനായി കാര്‍ത്തിക് ത്യാഗി അരങ്ങേറ്റം കുറിച്ചത്. ആദ്യ ഓവറില്‍ തന്നെ ക്വിന്‍റണ്‍ ഡികോക്കിനെ പുറത്താക്കി താരം ശ്രദ്ധ നേടിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഈ വര്‍ഷാദ്യം നടന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ കുതിപ്പില്‍ നിര്‍ണായകമായ താരങ്ങളില്‍ ഒരാളാണ് ത്യാഗി.