ഐപിഎല്‍ 2020: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; മുംബൈയും ഡൽഹിയും നേർക്കുനേർ
ഈ സീസണിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകൾ ഒരിക്കൽക്കൂടി മുഖാമുഖം. ജയിക്കുന്നവർ ഫൈനലിലേക്ക്.
ദുബായ്: ഐപിഎൽ പതിമൂന്നാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഡൽഹി ക്യാപിറ്റൽസ് ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ നേരിടും. ദുബായിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കിരീടം നിലനിർത്താൻ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ് ലക്ഷ്യമിടുമ്പോള്‍ ആദ്യ ഫൈനലാണ് ശ്രേയസ് അയ്യരുടെ ഡൽഹി ക്യാപിറ്റൽസിന്‍റെ നോട്ടം.
ഈ സീസണിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകൾ ഒരിക്കൽക്കൂടി മുഖാമുഖം. ജയിക്കുന്നവർ ഫൈനലിലേക്ക്. തോൽക്കുന്നവർക്ക് രണ്ടാം ക്വാളിഫയറിൽ ഒരവസരംകൂടി. ബൗളിംഗ് മികവിൽ ഒപ്പത്തിനൊപ്പമെങ്കിലും ബാറ്റിംഗ് ഫോമിൽ മേൽക്കൈ മുംബൈയ്ക്കാണ്. ഹിറ്റ്മാൻ പരുക്കുമാറിയെത്തിയത് മുംബൈയ്ക്ക് കരുത്താവും. ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, ഹർദിക് പാണ്ഡ്യ എന്നിവർ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തും.
43 വിക്കറ്റ് നേടിയ ബുംറ- ബോൾട്ട് പേസ് ജോഡിക്ക് 44 വിക്കറ്റ് വീഴ്ത്തിയ റബാഡ- നോർജെ എന്നിവരുടെ അതിവേഗത്തിലൂടെയാവും ഡൽഹിയുടെ മറുപടി. ശിഖർ ധവാനെ അമിതമായി ആശ്രയിക്കുന്ന ഡൽഹിക്ക് അജിങ്ക്യ രഹാനെ ഫോമിൽ എത്തിയത് ആശ്വാസം. പൃഥ്വി ഷോയുടെയും റിഷഭ് പന്തിന്റെയും സ്ഥിരതയില്ലായ്മ മധ്യനിരയിൽ ശ്രേയസ് അയ്യരുടെ ഉത്തരവാദിത്തം കൂട്ടും. മാർക്കസ് സ്റ്റോയിനിസിന്റെ ഓൾറൗണ്ട് മികവും നിർണായകവമാവും.
ഒന്നോരണ്ടോ താരങ്ങളെ ആശ്രയിച്ചല്ല മുംബൈയുടെ മുന്നേറ്റം. നങ്കൂരമിട്ട് കളിക്കാൻ സൂര്യകുമാർ യാദവ്. ബൗളർമാരെ നിലംപരിശാക്കുന്ന ക്വിന്റൺ ഡി കോക്കും, ഇഷാൻ കിഷനും കീറോൺ പൊള്ളാർഡും ഹർദിക് പാണ്ഡ്യയും. ആശങ്കകളൊന്നുമില്ല മുംബൈയ്ക്ക്. ദുബായിൽ നടന്ന 24 കളിയിൽ 15ലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്.
മുന്നില്‍ രാഹുലും വാര്‍ണറും, രാജസ്ഥാന്‍ താരങ്ങളാരുമില്ല! ഈ സീസണിലെ പുപ്പുലികള്‍ ഇവര്‍
Powered by