പഞ്ചാബിനെ വീഴ്ത്തി മുംബൈ ഒന്നാമത്

മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനായി കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് 33 റണ്‍സടിച്ചു.

IPL 2020 Mumbai Indians beat Kings XI Punjab by 48 runs

അബുദാബി: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിന് കീഴടക്കി രണ്ടാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 191/4, കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 143/8 . നാലു കളികളില്‍ പഞ്ചാബിന്‍റെ മൂന്നാം തോല്‍വിയാണിത്. നാലു കളികളില്‍ രണ്ടാം ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.

തുടക്കം മിന്നി പിന്നെ നടുവൊടിഞ്ഞു

IPL 2020 Mumbai Indians beat Kings XI Punjab by 48 runs

മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനായി കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് 33 റണ്‍സടിച്ചു. എന്നാല്‍ നാലാം ഓവറില്‍ ജസ്പ്രീത് ബുമ്ര ബൗളിംഗിന് എത്തിയതോടെ പഞ്ചാബിന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. 18 പന്തില്‍ 25 റണ്‍സെടുത്ത മായങ്കിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

തൊട്ടുപിന്നാലെ കരുണ്‍ നായരെ(0) മടക്കി ക്രുനാല്‍ പാണ്ഡ്യയും കെ എല്‍ രാഹുലിനെ(19 പന്തില്‍ 17) മടക്കി രാഹുല്‍ ചാഹര്‍  പഞ്ചാബിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. തകര്‍ത്തടിച്ച നിക്കോളാസ് പുരാനൊപ്പം(27 പന്തില്‍ 44), ഗ്ലെന്‍ മാക്സ്‌വെല്‍ പിടിച്ചുനിന്നെങ്കിലും സ്കോറിംഗ് വേഗമില്ലായിരുന്നു. പാറ്റിന്‍സന്‍റെ പന്തില്‍ പുരാന്‍ വീണതിന് പിന്നാലെ മാക്സ്‌വെല്ലിനെ(18 പന്തില്‍ 11) രാഹുല്‍ ചാഹര്‍ പഞ്ചാബിന്‍റെ അവസാന പ്രതീക്ഷയും തകര്‍ത്തു.

IPL 2020 Mumbai Indians beat Kings XI Punjab by 48 runs

ജിമ്മി നീഷാമിനെ (7) ബുമ്രയും സര്‍ഫ്രാസ് ഖാനെ(7) പാറ്റിന്‍സണും മടക്കിയതോടെ പഞ്ചാബിന്‍റെ തോല്‍വി പൂര്‍ണമായി. വാലറ്റത്ത് കെ ഗൗതം നടത്തിയ ചെറുത്തുനില്‍പ്പ്(22) പഞ്ചാബിന്‍റെ തോല്‍വിഭാരം കുറച്ചു. മുംബൈക്കായി ചാഹറും ബുമ്രയും പാറ്റിന്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത്തിന്‍റെ അര്‍ധസെഞ്ചുറിയുടെയും പൊള്ളാര്‍ഡിന്‍റെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെയും  മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തത്

തകര്‍ച്ചയോടെ തുടങ്ങി

ടോസ് നേടിയിരുന്നെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പറഞ്ഞ രോഹിത്തിന് പക്ഷെ ആശിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ക്വിന്‍റണ്‍ ഡീകോക്കിനെ(0) ഷെല്‍ഡണ്‍ കോട്രല്‍ ബൗള്‍ഡാക്കി. പതുക്കെ തുടങ്ങിയ രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് സ്കോര്‍ 20 കടത്തിയപ്പോഴേക്കും റണ്ണൗട്ടിന്‍റെ രൂപത്തില്‍ സൂര്യകുമാര്‍ യാദവ്(10) പുറത്തായി.

IPL 2020 Mumbai Indians beat Kings XI Punjab by 48 runs

ഇഷാന്‍ കിഷനുമൊത്ത് വമ്പന്‍ സ്കോറിനുള്ള അടിത്തറയൊരുക്കിയ ഹിറ്റ്മാന്‍  മുംബൈയെ മുന്നോട്ട് നയിച്ചു. 32 പന്തില്‍ 28 റണ്‍സടിച്ച ഗൗതം പുറത്താക്കി. പിന്നാലെയെത്തിയ കീറോണ്‍ പൊള്ളാര്‍ഡിനൊപ്പം രോഹിത് ഇന്നിംഗ്സ് ടോപ് ഗിയറിലാക്കിയതോടെ മുംബൈ സ്കോര്‍ കുതിച്ചു.

എന്നാല്‍ പതിനേഴാം ഓവരില്‍ മുഹമ്മദ് ഷമിയെ സിക്സറടിക്കാനുള്ള രോഹിത്തിന്‍റെ ശ്രമം ബൗണ്ടറിയില്‍ ഗ്ലെന്‍ മാക്സ്‌വെല്ലും ജിമ്മി നീഷാമും ഒത്തുപിടിച്ചു. ക്യാച്ചെടുത്ത് ബൗണ്ടറക്ക് പുറത്തേക്ക് വീഴാനൊരുങ്ങിയ മാക്സ്‌വെല്‍ പന്ത് നീഷാമിന് ഇട്ടുകൊടുക്കുകയായിരുന്നു.

അവസാനം ആളിക്കത്തി

IPL 2020 Mumbai Indians beat Kings XI Punjab by 48 runs

അവസാന ഓവറുകളില്‍ ഹര്‍ദ്ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും ആഞ്ഞടിച്ചതോടെ മുംബൈ സ്കോര്‍ കുതിച്ചു. അവസാന അഞ്ചോവറില്‍ 91 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ജിമ്മി നീഷാം എറിഞ്ഞ പതിനെട്ടാം ഓവറില്‍ 18ഉം മുഹമ്മദ് ഷമി എറിഞ്ഞ 19-ാം ഓവറില്‍ 19ഉം റണ്‍സടിച്ച മുംബൈ കൃഷ്ണപ്പ ഗൗതം എറിഞ്ഞ ഇരുപതാം ഓവറില്‍ 25 റണ്‍സടിച്ചു.

മുംബൈ ഇന്നിംഗ്സിലെ അവസാന മൂന്ന് പന്തും സിക്സിന് പറത്തിയ പൊള്ളാര്‍ഡ് 20 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 11 പന്തില്‍ 30 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയും മിന്നി. പഞ്ചാബിനായി കോട്രല്‍ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios