ഐപിഎല്ലില്‍ മറ്റൊരു സൂപ്പര്‍ ത്രില്ലര്‍: നാടകീയ ജയവുമായി കൊല്‍ക്കത്ത, നാണംകെട്ട് പഞ്ചാബ്

പഞ്ചാബ് കെ എല്‍ രാഹുലിന്‍റെയും മായങ്ക് അഗര്‍വാളിന്‍റെയും അര്‍ധ സെഞ്ചുറിയില്‍ ഒരുവേള അനായാസം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും കൊല്‍ക്കത്തന്‍ തിരിച്ചുവരവില്‍ ചാരമാവുകയായിരുന്നു

IPL 2020 KKR beat KXIP by 2 runs on death overs drama

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഡെത്ത് ഓവര്‍ പ്രഹരത്തില്‍ ജയം കൈവിട്ട് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. കൊല്‍ക്കത്തയുടെ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കെ എല്‍ രാഹുലിന്‍റെയും മായങ്ക് അഗര്‍വാളിന്‍റെയും അര്‍ധ സെഞ്ചുറിയില്‍ ഒരുവേള അനായാസം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും കൊല്‍ക്കത്തന്‍ തിരിച്ചുവരവില്‍ ചാരമാവുകയായിരുന്നു. രണ്ട് റണ്‍സിനാണ് അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരില്‍ കൊല്‍ക്കത്തയുടെ ജയം. സ്‌കോര്‍: KKR 164/6 (20), KXIP 162/5 (20). 

രാഹുലും മായങ്കും വീണ്ടും കട്ടയ്‌ക്ക്

വീണ്ടും ഒരിക്കല്‍ കൂടി ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും നിലയുറപ്പിച്ചപ്പോള്‍ പഞ്ചാബ് അനായാസം കുതിച്ചു. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ത്തത് 47 റണ്‍സ്. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ കൊല്‍ക്കത്തയ്‌ത്ത് 15-ാം ഓവര്‍ വരെ കാത്തുനില്‍ക്കേണ്ടിവന്നു. 39 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്ത മായങ്ക്, പ്രസിദ്ദിന്‍റെ പന്തില്‍ ഗില്ലിന് ക്യാച്ച് നല്‍കി മടങ്ങി. 33 പന്തില്‍ നിന്നാണ് മായങ്ക് അര്‍ധ സെഞ്ചുറി തികച്ചത്. 

ഇരുട്ടടിയായി ഇരട്ടപ്രഹരം

42 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച രാഹുലിനൊപ്പം നിക്കോളസ് പുരാന്‍ രണ്ടാം വിക്കറ്റില്‍ ചേര്‍ന്നതോടെ സ്‌കോറിന് വീണ്ടും വേഗംവച്ചു. എന്നാല്‍ 10 പന്തില്‍ 16 റണ്‍സെടുത്ത പുരാന്‍, നരെയ്‌ന്‍റെ 18-ാം ഓവറിലെ രണ്ടാം പന്തില്‍ ബൗള്‍ഡായി. പ്രസിദ്ദ് ക‍ൃഷ്‌ണ എറിഞ്ഞ 19-ാം ഓവറിലെ നാലാം പന്തില്‍ 4 റണ്‍സുമായി സിമ്രാന്‍ മടങ്ങി. ഒരു പന്തിന്‍റെ ഇടവേളയില്‍ ബൗള്‍ഡായി രാഹുലും പുറത്ത്. 58 പന്തില്‍ 74 റണ്‍സാണ് പഞ്ചാബ് നായകന്‍ നേടിയത്.

കടുത്ത സമ്മര്‍ദത്തിലായ പഞ്ചാബിന് മാക്‌സ്‌വെല്ലും മന്‍ദീപും ക്രീസില്‍ നില്‍ക്കേ അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണമെന്നായി. നരെയ്‌ന്‍റെ ആദ്യ പന്തില്‍ 2, അടുത്ത പന്ത് മാക്‌സ്‌വെല്‍ പാഴാക്കി. മൂന്നാം പന്ത് സ്വീപ്പ് ഷോട്ടിലൂടെ ബൗണ്ടറിയില്‍. നാലാം പന്തില്‍ മാക്‌സ്‌വെല്ലിന് ഒരു റണ്‍ മാത്രം. ഇതോടെ അവസാന രണ്ട് പന്തില്‍ ഏഴ് റണ്‍സ്. അടുത്ത ബോളില്‍ മന്‍ദീപ് ക്യാച്ച് നല്‍കി പുറത്തായതോടെ കളിക്ക് വീണ്ടും ട്വിസ്റ്റ്. അവസാന പന്തില്‍ ആറടിച്ച് സമനിലയ്‌ക്ക് ഉന്നംപിടിച്ച മാക്‌സ്‌വെല്ലിന് നാലേ നേടാനായുള്ളൂ. 

എന്തൊരു മോശം, തുടക്കം

കഴിഞ്ഞ മത്സരങ്ങളിലെ ബാറ്റിംഗ് ഹീറോ ആയ രാഹുല്‍ ത്രിപാഠിയെ കൊല്‍ക്കത്തക്ക് തുടക്കത്തിലെ നഷ്ടമായി. നാലു റണ്‍സെടുത്ത ത്രിപാഠിയെ ഷമി ബൗള്‍ഡാക്കിയപ്പോള്‍ വണ്‍ഡൗണായി എത്തിയ നിതീഷ് റാണ(2) റണ്ണൗട്ടായി. തുടക്കത്തിലെ തകര്‍ച്ച കൊല്‍ക്കത്തയുടെ സ്കോറിംഗ് വേഗം കുറച്ചു. സ്ലോ പിച്ചില്‍ പഞ്ചാബ് ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ കൊല്‍ക്കത്തയുടെ സ്കോറിംഗ് ഓവറില്‍ ആറ് റണ്‍സ് പോലും പിന്നിട്ടില്ല.

നാലാമനായി എത്തിയ ഓയിന്‍ മോര്‍ഗന്‍ ഗില്ലിനൊപ്പം പിടിച്ചുനിന്നെങ്കിലും റണ്‍നിരക്ക് ഉയര്‍ത്താനായില്ല. 23 പന്തില്‍ 24 റണ്‍സെടുത്ത മോര്‍ഗനെ ബിഷ്ണോയ് മടക്കിയതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലാവുമെന്ന് കരുതിയെങ്കിലും കാര്‍ത്തിക്ക് വന്നപാടെ അടിതുടങ്ങി. കാര്‍ത്തിക്കിനൊപ്പം ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത സ്കോര്‍ കുതിച്ചു. 42 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്‍ 47 പന്തില്‍ 57 റണ്‍സെടുത്ത് റണ്ണൗട്ടായി.

റസല്‍ ദേ വന്നു, ദേ പോയി

ഗില്ലിന് ശേഷം ആന്ദ്രെ റസല്‍ എത്തിയെങ്കിലും വന്നതും പോയതും ഒരുമിച്ചായിരുന്നു. ആദ്യ പന്തില്‍ ഷമിയുടെ ബൗണ്‍സറില്‍ നിന്ന് രക്ഷപ്പെട്ട റസല്‍ അര്‍ഷദീപിന്‍റെ പന്തില്‍ ഭാഗ്യത്തിന്‍റെ അകമ്പടിയോടെ സ്ലിപ്പിലൂടെ ഒരു ബൗണ്ടറി നേടി. അടുത്ത പന്തില്‍ പുറത്താവുകയും ചെയ്തു. മൂന്ന് പന്തില്‍ അഞ്ച് റണ്‍സായിരുന്നു റസലിന്‍റെ സമ്പാദ്യം.

വിമര്‍ശകരെ ബൗണ്ടറി കടത്തി കാര്‍ത്തിക്ക്

തകര്‍ത്തടിച്ച കാര്‍ത്തിക്ക് 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. എട്ട് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സ്. പതിമൂന്നാം ഓവര്‍ കഴിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ അവസാന ഏഴോവറില്‍ 89 റണ്‍സടിച്ചുകൂട്ടിയാണ് കൊല്‍ക്കത്ത മികച്ച സ്കോറിലെത്തിയത്. 29 പന്തില്‍ 59 റണ്‍സടിച്ച കാര്‍ത്തിക്ക് അവസാന പന്തില്‍ റണ്ണൗട്ടായി. പഞ്ചാബിനായി രവി ബിഷ്ണോയും അര്‍ഷദീപും നാലോവറില്‍ 25 റണ്‍സിന് ഓരോ വിക്കറ്റ് വീതമെടുത്തപ്പോള്‍ ഷമി 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios