ധോണിയുടേത് ഇരട്ടത്താപ്പ് ? 'തല'യ്‌ക്കെതിരെ ഇര്‍ഫാന്‍ പത്താന്റെ ഒളിയമ്പ്
പലപ്പോഴും ഇര്‍ഫാനെ ധോണി പരിഗണിച്ചിരുന്നില്ലെന്നും ആര്‍ പി സിംഗിനായിരുന്നു ടീമില്‍ പ്രാധാന്യം നല്‍കിയിരുന്നത് എന്നുള്ള താരത്തിലുള്ള സംസാരങ്ങളുമുണ്ടായിരുന്നു.
വഡോദര: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കായികക്ഷമതയുള്ള താരങ്ങളില്‍ ഒരാളായിരിക്കും ധോണി. ദേശീയ ടീമില്‍ കളിച്ചിരുന്ന കാലത്ത് വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ധോണിയെ വെല്ലാന്‍ ഇന്ത്യന്‍ ടീമില്‍ ഒരാളുമില്ലായിരുന്നു. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും ഇക്കാര്യത്തില്‍ ധോണി മികച്ചുനിന്നു. എന്നാല്‍ മുമ്പത്തെ ധോണിയെ അല്ല മത്സരത്തില്‍ കണ്ടത്. പലപ്പോഴായി തളര്‍ന്ന ധോണി കാല്‍മുട്ടില്‍ കൈകുത്തി നില്‍ക്കുന്നത് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു.
ഈയൊരു അല്ലായിരുന്നു ആരാധകരുടെ മനസില്‍. ധോണി ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമ്പോള്‍ പഴയ ധോണിയെ കാണാമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ നിരാശപ്പെടേണ്ടിവന്നു. പലരും ധോണിയുടെ ഫിറ്റ്‌നെസിനെ കുറിച്ച് സംസാരിച്ചു. ദുബായിലെ കടുത്ത ചൂടാണ് ധോണിക്ക് വിനയായതെന്നായിരുന്നു പലരുടെയും വാദം. മറ്റൊന്ന് ധോണിക്ക് 39 വയസായെന്നും ഇനിയും കളിക്കാനാവില്ലെന്നും അഭിപ്രായം വന്നു.
ഇതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റ് വൈറലാകുന്നത്. പത്താന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു. 'വയസ് എന്നത് ചിലര്‍ക്ക് വെറും നമ്പര്‍ മാത്രമായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് അത് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ മാത്രമുള്ള കാരണവും.' ധോണിയുടെ പേരെടുത്ത് പറയാതെയാണ് പത്താന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്ന കാലത്ത് ഇര്‍ഫാനും ധോണിയും അത്ര രസത്തിലല്ലെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പലപ്പോഴും ഇര്‍ഫാനെ ധോണി പരിഗണിച്ചിരുന്നില്ലെന്നും ആര്‍ പി സിംഗിനായിരുന്നു ടീമില്‍ പ്രാധാന്യം നല്‍കിയിരുന്നത് എന്നുള്ള താരത്തിലുള്ള സംസാരങ്ങളുമുണ്ടായിരുന്നു.
ഹൈദരാബാദിനെതിരെ വളരെയേറെ ക്ഷീണിതനായിരുന്നു ധോണി. ഇക്കാര്യം മത്സരത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ദുബായിലെ ചൂട് നന്നായി ബാധിച്ചുവെന്നാണ് ധോണി മത്സരശേഷം വ്യക്തമാക്കിയത്.