ഐപിഎല്ലിനിടെ ദുഖവാര്‍ത്ത; ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു; മരണം ഐപിഎല്‍ കമന്‍ററിക്കായി എത്തിയപ്പോള്‍

ഐപിഎല്‍ കമന്‍ററിക്കായി എത്തിയ അദേഹം മുംബൈയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി വിടവാങ്ങുകയായിരുന്നു. 59 വയസായിരുന്നു. 

ipl 2020 IPL commentator Dean Jones dies in Mumbai

മുംബൈ: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും പ്രമുഖ കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സ്(59) അന്തരിച്ചു. ഐപിഎല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്‍ററി പാനല്‍ അംഗമായിരുന്ന ജോണ്‍സ് കമന്ററി പറയാനായി മുംബൈയില്‍ എത്തിയശേഷം സപ്ത നക്ഷത്ര ഹോട്ടലിലെ ബയോ സര്‍ക്കിള്‍ ബബ്ബിളില്‍ കഴിയുകയായിരുന്നു. ഉച്ചക്കുശേഷം കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയായിരുന്നുവെന്ന് സ്റ്റാര്‍ സ്പോര്‍ട്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജോണ്‍സിന്റെ സഹ കമന്‍റേറ്ററായ മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രെറ്റ് ലീയുമൊത്ത് രാവിതെ പ്രഭാത ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷമാണ് ഹോട്ടല്‍ ലോബിയില്‍വെച്ച് ഹൃദയാഘാതം ഉണ്ടായത്. ബ്രെറ്റ് ലീയും മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ നിഖില്‍ ചോപ്രയും ജോണ്‍സിന് സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്‍ററിയിലേക്ക് തിരിഞ്ഞ ജോണ്‍സ് ഈ രംഗത്തും ശ്രദ്ധേയനായി. ഐപിഎല്ലില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ ജോണ്‍സ് തന്‍റെ അഭിപ്രായം പങ്കുവെച്ചിരുന്നു. കൊല്‍ക്കത്ത ടീമില്‍ ഓയിന്‍ മോര്‍ഗനെ ഉള്‍പ്പെടുത്തിയത് നന്നായെന്നും ക്യാപ്റ്റന്‍ർ ദിനേശ് കാര്‍ത്തിക്കിനെ സഹായിക്കാന്‍ അദ്ദേഹത്തിനാവുമെന്നും ജോണ്‍സ് അഭിപ്രായപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയക്കായി 52 ടെസ്റ്റില്‍ കളിച്ച ഡീന്‍ ജോണ്‍സ് 46.55 ശരാശരിയില്‍ 3631 റണ്‍സും 164 ഏകദിനങ്ങളില്‍ 46 അര്‍ധസെഞ്ചുറികള്‍ അടക്കം 6068 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 11 സെഞ്ചുറിയും ഏകദിനത്തില്‍ ഏഴ് ശതകവും പേരിലുണ്ട്. 1986ല്‍ ഇന്ത്യക്കെതിരെ ടൈ ആയ ടെസ്റ്റില്‍ ജോണ്‍സ് ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. 1987ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീം അംഗവുമായിരുന്നു ജോണ്‍സ്. 1984ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറിയ ജോണ്‍സ് 1994ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ജോണ്‍സിന്‍റെ അപ്രതീക്ഷിത നിര്യാണത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും വ്യക്തമാക്കി.

ഇല്ല, ഡീന്‍, ഇല്ല എനിക്ക് വാക്കുകളില്ല, ആ വാര്‍ത്ത കേട്ടതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല, എനിക്കിത് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല എന്നായിരുന്നു ഡീന്‍ ജോണ്‍സിന്‍റെ സഹ കമന്‍റേറ്റര്‍ കൂടിയായ ഹര്‍ഷ ഭോഗ്‌ലെയുടെ പ്രതികരണം.

Latest Videos
Follow Us:
Download App:
  • android
  • ios